ന്യൂഡൽഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ 2025-26 സാന്പത്തിക വർഷത്തിൽ എക്കാലത്തെയും ഉയർന്ന അറ്റാദായം രേഖപ്പെടുത്തി. മുൻവർഷത്തെ അപേക്ഷിച്ച് 11.1 ശതമാനം വളർച്ചയോടെ 1.98 ലക്ഷം കോടി രൂപയാണ് ബാങ്കുകളുടെ ആകെ അറ്റാദായം.
തുടർച്ചയായ നാലാം വർഷമാണ് പൊതുമേഖലാ ബാങ്കുകൾ ലാഭക്ഷമത നിലനിർത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. ബാങ്കിംഗ് മേഖലയിലെ ശക്തമായ ബിസിനസ് വളർച്ചയും ആസ്തി നിലവാരത്തിലെ പുരോഗതിയുമാണ് ഈ ചരിത്രനേട്ടത്തിന് പിന്നിലെ പ്രധാന ഘടകങ്ങൾ.
ബാങ്കുകളുടെ ആകെ ബിസിനസ് 12.8 ശതമാനം വർധിച്ച് 283.3 ലക്ഷം കോടി രൂപയിലെത്തി. നിക്ഷേപങ്ങളുടെ കാര്യത്തിലും വലിയ മുന്നേറ്റമാണ് ഉണ്ടായത്. 10.6 ശതമാനം വളർച്ചയോടെ ആകെ നിക്ഷേപം 156.3 ലക്ഷം കോടി രൂപയായി ഉയർന്നു. വായ്പാ വിതരണത്തിൽ 15.7 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തിയതോടെ ആകെ വായ്പകൾ 127 ലക്ഷം കോടി രൂപയായി.
റീട്ടെയിൽ, കൃഷി, എംഎസ്എംഇ മേഖലകളിലെ വായ്പാ ആവശ്യങ്ങളിൽ വർധനയുണ്ടായിട്ടുണ്ട്. റീട്ടെയിൽ വായ്പകളിൽ 18.1 ശതമാനവും കാർഷിക വായ്പകളിൽ 15.5 ശതമാനവും എംഎസ്എംഇ വായ്പകളിൽ 18.2 ശതമാനവുമാണ് വളർച്ച രേഖപ്പെടുത്തിയത്.
ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി (എൻപിഎ) ചരിത്രത്തിലെതന്നെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തിയെന്നതാണ് ശ്രദ്ധേയമായ മറ്റൊരു നേട്ടം. മൊത്തം എൻപിഎ 1.93 ശതമാനമായും അറ്റ നിഷ്ക്രിയ ആസ്തി അനുപാതം 0.39 ശതമാനമായും കുറഞ്ഞു.
കിട്ടാക്കടം തിരിച്ചുപിടിക്കുന്നതിനായുള്ള കാര്യക്ഷമമായ നടപടികളിലൂടെ 86,971 കോടി രൂപ വീണ്ടെടുക്കാൻ ബാങ്കുകൾക്ക് സാധിച്ചു. ഓരോ പൊതുമേഖലാ ബാങ്കും 90 ശതമാനത്തിന് മുകളിൽ പ്രൊവിഷനിംഗ് കവറേജ് റേഷ്യോ നിലനിർത്തുന്നുണ്ട്.
പ്രവർത്തനക്ഷമതയുടെ കാര്യത്തിലും വലിയ മുന്നേറ്റമാണ് ഇക്കുറി ഉണ്ടായത്. സാങ്കേതിക വിദ്യയുടെ കടന്നുകയറ്റവും ഡിജിറ്റൽ പരിവർത്തനവും വഴി ബാങ്കുകളുടെ കോസ്റ്റ്-ടു-ഇൻകം റേഷ്യോ 49.67 ശതമാനമായി മെച്ചപ്പെട്ടു.
ബാങ്കുകളുടെ മൂലധന നിലവാരം ഭദ്രമായി തുടരുന്നു. ആകെ മൂലധനവും റിസ്ക് വെയ്റ്റഡ് അസറ്റും തമ്മിലുള്ള അനുപാതം 16.6 ശതമാനമായി മെച്ചപ്പെട്ടു. നിയമപരമായ നിബന്ധനയായ 11.5 ശതമാനത്തേക്കാൾ ഏറെ മുകളിലാണിത്.
Tags : Public sector banks post record profits