ജപ്പാന് ഒസാക്കയില്‍ റബര്‍ 420 യെന്നിലേക്ക് കയറി, ഏപ്രില്‍ അവസാനം ഇതേ കോളത്തില്‍ സൂചന നല്‍കിയതാണ് ഉത്പാദക രാജ്യങ്ങളിലെ ചരക്ക്ക്ഷാമം വിലയിരുത്തിയാല്‍ 424 യെന്നിലേയ്ക്ക് റബര്‍ സഞ്ചരിക്കുമെന്നകാര്യം. പ്രതികൂല കാലാവസ്ഥയില്‍ തായ്ലന്ഡില് ടാപ്പിംഗ് സ്തംഭിച്ചു. കേരളത്തില്‍ നാലാം ഗ്രേഡ് 260 രൂപയുടെ തിളക്കത്തിലാണ്. രാജ്യാന്തര വിപണിയില്‍ കൊക്കോ മൂന്ന് മാസത്തെ ഉയര്‍ന്ന തലത്തിലേയ്ക്ക് കുതിച്ചെങ്കിലും ഇന്ത്യന്‍ ചോക്ലേറ്റ് വ്യ
വസായികളുടെ തണുപ്പന്‍ മനോഭാവം ആഭ്യന്തര വിലവർധനവിന് തടസമായി. കുരുമുളക് വില ഇടിച്ച് സ്റ്റോക്കിസ്റ്റുകളെ സമ്മര്‍ദത്തിലാക്കാന്‍ ഉത്തരേന്ത്യന്‍ ലോബി നടത്തിയ നീക്കം വിജയിച്ചില്ല. കയറ്റുമതി ഡിമാന്‍ഡ് മങ്ങിയത് നാളികേര ഉത്പന്നങ്ങളെ തളര്‍ത്തി.
റബര്‍ ശക്തമായ നിലയില്‍
ഏഷ്യന്‍ രാജ്യങ്ങളില്‍ റബര്‍ ശക്തമായ നില തുടരുന്നു. മുന്‍നിര റബര്‍ ഉത്പാദക കയറ്റുമതി രാജ്യമായ തായ്ലന്ഡില് കനത്ത മഴമൂലം ടാപ്പിംഗ് നിന്നത് വിപണിയില്‍ ഷീറ്റിന് ഡിമാന്‍ഡ് കൂട്ടി. കയറ്റുമതിക്കാര്‍ ചരക്ക് സംഭരണം കൂട്ടിയതോടെ ബാങ്കോക്കില്‍ റബര്‍ വില കിലോ 270 രൂപയില്‍നിന്നും 288 രൂപയായി ഉയര്‍ന്നു.
ഷീറ്റ് ക്ഷാമവും വിലക്കയറ്റവുംകണ്ട് ഒരു വിഭാഗം ഇറക്കുമതിക്കാര്‍ ഉയര്‍ന്ന വിലയ്ക്കു പുതിയ കച്ചവടങ്ങള്‍ക്കും നീക്കംനടത്തി. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം മറയാക്കി ടയര്‍ വിലയില്‍ പരിഷ്കാരങ്ങള്‍ വരുത്താനുള്ള നീക്കങ്ങള്‍ ടയര്‍ ലോബി ഒരുവശത്ത് നടത്തുന്നുണ്ട്.
ജപ്പാന് ഒസാക്കയില്‍ റബര്‍ കിലോ 400 യെന്നിനു മുകളിലാണെങ്കിലും റബര്‍ സാങ്കേതിമായി ഓവര്‍ ബ്രോട്ട് മേഖലയിലേയക്കു നീങ്ങുന്നതുകണ്ട് ഒരു വിഭാഗം ഓപ്പറേറ്റര്‍മാര്‍ ലാഭമടുപ്പിനു നീക്കം നടത്തി. വാരത്തിന്റെ തുടക്കത്തില്‍ 413 വരെ കയറിയ റബര്‍ പ്രോഫിറ്റ് ബുക്കിംഗില്‍ 404 വരെ ഇടിഞ്ഞു. പിന്നീട് തിരിച്ചുവരവിലാണ് 420ലെത്തിയത്. നിലവില്‍ 424യെൻ മറികടന്നാല്‍ 436-448 യെന്വരെയെത്താം.
അതേസമയം ഉയര്‍ന്ന തലത്തില്‍ വീണ്ടും ലാഭമെടുപ്പിനുള്ള നീക്കം വില്പന സമ്മര്‍ദത്തിലേക്കു വഴുതാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല. തായ്ലന്ഡില് കാലാവസ്ഥ തെളിഞ്ഞാല്‍ സ്ഥിതിഗതികളില്‍ മാറ്റം സംഭവിക്കാം. ഇതിനിടയില്‍ ഉയര്‍ന്ന റേഞ്ചില്‍നിന്നു ക്രൂഡ് ഓയില്‍ തിരുത്തലിനു മുതിര്‍ന്നാലും റബര്‍ വിലയില്‍ പ്രതിഫലിക്കും. സംസ്ഥാനത്തു വേനല്‍മഴ സജീവമായി.
വരും ദിനങ്ങളിലും തുടര്‍ മഴയ്ക്ക് അവസരം ലഭിച്ചാല്‍ നിര്‍ജീവാവസ്ഥയില്‍ നിലകൊള്ളുന്ന തോട്ടങ്ങളില്‍ കര്‍ഷകര്‍ വെട്ടിനിറങ്ങും. കൊച്ചിയില്‍ നാലാം ഗ്രേഡ് റബര്‍ കിലോ 249 രൂപയില്‍നിന്നു വ്യാപാരാന്ത്യം 260 രൂപയായി. അഞ്ചാം ഗ്രേഡ് 255 രൂപയിലും ഒട്ടുപാല് 160 രൂപയിലും വ്യാപാരം നടന്നു. അതേസമയം ചരക്ക് ക്ഷാമത്തിനിടയിലും ലാറ്റക്സ് വില ഉയര്‍ത്താന്‍ വ്യവസായികള്‍ തയാറാവുന്നില്ലന്നാണ് ഒരു വിഭാഗം വ്യാപാരികളുടെ പരാതി. വ്യവസായികള്‍ വിപണിയില്‍ സമ്മര്‍ദം സൃഷ്ടിച്ച് 155 രൂപയ്ക്ക് സ്റ്റോക്കിസ്റ്റുകളില്നിന്നു ലാറ്റക്സ് കൈക്കലാക്കുന്നതായും ആക്ഷേപമുണ്ട്.
കൊക്കോ വില കയറുന്നില്ല
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കൊക്കോ മൂന്നര മാസത്തെ ഉയര്‍ന്ന വില ദര്‍ശിച്ചെങ്കിലും ഇന്ത്യന്‍ ചോക്ലേറ്റ് വ്യവസായികള്‍ ഈ വിവരം അറിഞ്ഞ ഭാവം നടിച്ചില്ല. ഉത്പാദകരെ ചൂഷണം ചെയ്ത് താഴ്ന്ന വിലയ്ക്ക് ചരക്ക് കൈക്കലാക്കുന്ന നയമാണു ചോക്ലേറ്റ് ലോബി കാഴ്ച്ചവയ്ക്കുന്നതെന്നു കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നു. കൊക്കോ കിലോ 110 രുപയിലും പരിപ്പ് 310 രൂപയിലുമാണു വ്യാപാരംനടക്കുന്നത്. വിദേശത്ത ഉണര്‍വ് കണക്കിലെടുത്താല്‍ 360നു മുകളില്‍ വില വരേണ്ടതായിരുന്നു.
ന്യൂയോര്‍ക്ക് എക്സ്ചേഞ്ചില്‍ കൊക്കോ 3478 ഡോളറില്‍നിന്നും 4433 ഡോളര്‍ വരെ കയറി. എല്‍നിനോ കാലാവസ്ഥാ പ്രതിഭാസംമൂലം പശ്ചിമ ആഫ്രിക്കയില്‍ അടുത്ത സീസണില്‍ ഉത്പാദനം കുറയുമെന്നാണു വിലയിരുത്തല്‍. ഇതിനിടയില്‍ കൊക്കോയുടെ കരുതല്‍ ശേഖരം ഉയര്‍ന്ന കണക്കുകള്‍ പുറത്തുവിട്ട് വിലക്കയറ്റത്തിന് തുരങ്കം വെക്കാനുള്ള ശ്രമങ്ങളും രാജ്യാന്തരതലത്തില്‍ നടക്കുന്നുണ്ട്.
കുരുമുളക് ഉത്പാദനം കുറഞ്ഞു
സുഗന്ധവ്യഞ്ജന കറിമസാല വ്യവസായികള്‍ നാടന്‍ കുരുമുളക് ആവശ്യാനുസരണം കണ്ടെത്താനാവാതെ നട്ടംതിരിയുന്നു. കഴിഞ്ഞ രണ്ട് സീസണുകളില്‍ പ്രതികൂല കാലാവസ്ഥയില്‍ ഉത്പാദനം കുറഞ്ഞതിനാല്‍ കാര്‍ഷിക മേഖലകളില്‍ കരുതല്‍ ശേഖരം കുറവാണ്. ഉത്തരേന്ത്യന്‍ വ്യവസായികള്‍ വാരാന്ത്യം അണ്‍ഗാര്‍ബിള്‍ഡ് കിലോ 700 രൂപയ്ക്ക് ശേഖരിച്ചു. അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ വില ടണ്ണിന് 7750 ഡോളറാണ്.
നാളികേര മേഖലയ്ക്കു തിരിച്ചടി
ദക്ഷിണേന്ത്യയില്‍ നാളികേര ഉത്പന്നങ്ങളുടെ വില വീണ്ടും കുറഞ്ഞു. വിദേശ അന്വേഷണങ്ങളുടെ അഭാവവും വന്‍കിട മില്ലുകാരില്നിന്നു കൊപ്രയ്ക്ക് ഡിമാന്‍ഡ് മങ്ങിയതും നാളികേരമേഖലയ്ക്കു തിരിച്ചടിയായി. കാങ്കയത്ത് കൊപ്രവില 13,600 രൂപയായി താഴ്ന്നു. വെളിച്ചെണ്ണ വില ക്വിന്റ്റലിന് 20,500 രൂപയുമാണ്. കൊച്ചി, കോഴിക്കോട്, തൃശൂര്‍ വിപണികളിലും എണ്ണ വിലകുറഞ്ഞു. കൊച്ചിയില്‍ എണ്ണവില 25,500 രൂപയായി.
Tags : Rubber has faded