മുംബൈ: പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രൂപയുടെ മൂല്യം ഇന്നലെ വ്യാപാരത്തിന്റെ തുടക്കത്തില്‍ യുഎസ് ഡോളറിനെതിരേ 39 പൈസ ഇടിഞ്ഞ് 95.23 എന്ന എക്കാലത്തെയും താഴ്ന്ന നിലയിലെത്തി.
യുഎസ്-ഇറാന് സംഘര്‍ഷത്തെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം താറുമാറായതാണ് രൂപയുടെ മൂല്യത്തിന് ഇടിവുണ്ടാകാനുള്ള പ്രധാന കാരണം.
കപ്പല്‍ ഗതാഗതം മുടങ്ങിയതോടെ അസംസ്കൃത എണ്ണയുടെ ഉത്പാദനം കുറയുകയും വില കൂടുകയും ചെയ്തു. ഇതിലൂടെ ഇറക്കുമതിച്ചെലവ് കൂടി. ഇതിനുപുറമെയാണ് വിദേശ നിക്ഷേപകര്‍ വിപണിയിൽനിന്നു പിന്‍വാങ്ങിയതിന്റെ പ്രശ്നങ്ങളും വരുന്നത്.
വിപണിയില്‍നിന്ന് വിദേശ നിക്ഷേപകര്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെ 19 ബില്യണ്‍ ഡോളറാണു പിന്‍വലിച്ചത്. ജനുവരിയും ഫെബ്രുവരിയും കൂടി പരിഗണിക്കുമ്പോള്‍ ഇതുവരെ 20.6 ബില്യണ്‍ ഡോളറിന്റെ വിദേശ നിക്ഷേപം പുറത്തുപോയി. കൂനിന്മേൽ കുരുപോലെ ഡോളര്‍ ശക്തിപ്രാപിക്കുകയും ചെയ്യുന്നു.
ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 108 ഡോളറിനടുത്ത് തുടരുന്നത് ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കി. ഇന്റര്‍ ബാങ്ക് വിദേശനാണ്യ വിനിമയ വിപണിയില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ത്തന്നെ രൂപയുടെ മൂല്യം 94.95 എന്ന നിലവാരത്തിലേക്ക് താഴ്ന്നു. മുന്‍പത്തെ ക്ലോസിംഗിനേക്കാള്‍ 11 പൈസയുടെ കുറവാണ് രേഖപ്പെടുത്തിയത്. തുര്‍ന്ന് 95.23ലെത്തി.
ഏപ്രില്‍ 30 ന് ഡോളറിനെതിരേ 94.84 എന്ന നിലയിലായിരുന്നു രൂപ. പ്രമുഖ ആറ് കറന്സികള്ക്കെതിരേയുള്ള ഡോളറിന്റെ കരുത്ത് അളക്കുന്ന ഡോളര്‍ ഇന്‍ഡക്സ് 0.03 ശതമാനം ഉയര്‍ന്ന് 98.19 എന്ന നിലവാരത്തിലാണ്. ആഗോള എണ്ണവിപണിയിലെ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് 0.34 ശതമാനം ഉയര്‍ന്ന് ബാരലിന് 108.54 ഡോളറിലെത്തി.
രൂപയുടെ മൂല്യത്തകര്‍ച്ച തടയുകയെന്ന വലിയ രക്ഷാദൗത്യമാണ് ആര്‍ബിഐയുടെ മുന്നിലുള്ളത്. രൂപയുടെ തകര്‍ച്ച തടയാന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് പരീക്ഷിച്ച തന്ത്രമായ ബാങ്കുകള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഡോളര്‍ കൈമാറാന്‍ അനുമതി നല്‍കാനാണ് ആലോചിക്കുന്നത്. ഇതിലൂടെ കൂടുതല്‍ വിദേശനിക്ഷേപം രാജ്യത്തെത്തിക്കാന്‍ സാധിക്കും. 13 വര്‍ഷം മുമ്പ് ഈ തന്ത്രം പ്രയോഗിച്ച് 26 ബില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ ആര്‍ബിഐക്കു സാധിച്ചിരുന്നു.
സര്‍ക്കാരിന്റെ ബോണ്ടുകളില്‍ നിക്ഷേപിക്കുന്ന വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതി കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യാന്‍ ആര്‍ബിഐ സര്‍ക്കാരിനുമുന്നില്‍ നിര്‍ദേശം വച്ചേക്കും.
നിലവില്‍ അഞ്ചു ശതമാനമാണ് വിത്ത്ഹോള്‍ഡിംഗ് ടാക്സ്. ഇതിലൂടെ വിദേശ നിക്ഷേപകരെ വീണ്ടും രാജ്യത്തേക്ക് ആകര്‍ഷിക്കാനാകുമെന്നാണ് ആര്‍ബിഐ പ്രതീക്ഷിക്കുന്നത്. ഊഹക്കച്ചവടം നടത്തരുതെന്നും സ്പോട്ട് പര്‍ച്ചേസുകള്‍ നടത്തരുതെന്നും ബാങ്കുകളോടും എണ്ണക്കമ്പനികളോടും ആര്‍ബിഐ അഭ്യര്‍ഥിച്ചു.
Tags : RBI Rupee plunges considers rescue mission