കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധം രൂക്ഷമായതോടെ കേരളത്തില്‍നിന്നുള്ള പഴം, പച്ചക്കറി അടക്കമുള്ള ചരക്കുകളുടെ കയറ്റുമതി പ്രതിസന്ധിയില്‍. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ താളം തെറ്റിയതോടെ കേരളത്തില്‍നിന്നുള്ള കയറ്റുമതി താത്കാലികമായി നിലച്ചിരിക്കുകയാണ്. കയറ്റുമതിക്കായി എത്തിച്ച ടണ്‍കണക്കിനു ചരക്കുകളാണ് സംസ്ഥാനത്തെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കെട്ടിക്കിടക്കുന്നത്.
സംസ്ഥാനത്തുനിന്നുള്ള പഴങ്ങളുടെയും പച്ചക്കറികളുടെയും ഏറ്റവും വലിയ വിപണിയാണ് ഗള്‍ഫ് മേഖല. നെടുമ്പാശേരി വിമാനത്താവളം വഴി മാസം 2,500 ടണ്‍ വരെ ഉത്പന്നങ്ങളാണ് ഗള്‍ഫിലേക്കു കയറ്റുമതി ചെയ്യുന്നത്.
കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് 1,300 ടണ്‍ വരെ ചരക്കുകളും കണ്ണൂര്‍, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ വഴിയായി 600 ടണ്‍ ചരക്കുകളും കയറ്റി അയയ്ക്കുന്നുണ്ട്. ഉത്സവ സീസണുകളില്‍ കയറ്റുമതി ഇതിലും വര്‍ധിക്കാറാണ് പതിവ്. ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ യുഎഇലേക്ക് 1,806.82 കോടിയുടെയും സൗദി അറേബ്യയിലേക്ക് 283.69 കോടിയുടെയും പഴം, പച്ചക്കറികളാണ് കേരളത്തില്‍നിന്നു കയറ്റുമതി ചെയ്തത്.
യുദ്ധം തുടരുന്നതിനാല്‍ യൂറോപ്യന്‍ യൂണിയനുകളിലേക്കും പശ്ചിമേഷ്യയിലെ രാജ്യങ്ങളിലേക്കുമുള്ള കയറ്റുമതി നിലച്ചിരിക്കുകയാണെന്ന് കേരള എക്സ്പോര്‍ട്ടേഴ്സ് ഫോറം സെക്രട്ടറി മുന്‍ഷിദ് അലി പറഞ്ഞു. ദോഹ വഴിയും ദുബായ് വഴിയുമാണ് യൂറോപ്യന്‍ യൂണിയനുകളിലേക്കു ചരക്കുകള്‍ കയറ്റി അയയ്ക്കുന്നത്. ഫെബ്രുവരി 27ന് ശേഷം വിമാന മാര്‍ഗം കേരളത്തില്‍നിന്നുള്ള ചരക്കുനീക്കം നിലച്ചു.
കടൽമാർഗമുള്ള ചരക്കുനീക്കങ്ങളിലാണ് യുദ്ധാന്തരീക്ഷം കൂടുതൽ കരിനിഴൽ വീഴ്ത്തുന്നത്. മാര്‍ച്ച് ഒന്നിന് പുലര്‍ച്ചെ ഒന്നരയ്ക്കാണ് വല്ലാര്‍പാടം ടെര്‍മിനലില്‍നിന്ന് 500 കണ്ടെയ്നറുമായി അവസാന ചരക്കുകപ്പല്‍ പുറപ്പെട്ടത്. യുദ്ധത്തെ തുടര്‍ന്ന് ലബനന് തുറമുഖം അടച്ചതിനാല്‍ ഈ കപ്പല്‍ കൊച്ചിയിലേക്കു മടങ്ങി. കപ്പൽ പാതകൾക്ക് പലയിടത്തും നിരോധനമുള്ളതും സുരക്ഷാഭീഷണി നിലനിൽക്കുന്നതുമാണ് ചരക്കുനീക്കം പ്രതിസന്ധിയിലാക്കുന്നത്. കയറ്റുമതി തടസപ്പെട്ടതോടെ ആഭ്യന്തര വിപണിയില്‍ കുറഞ്ഞ വിലയ്ക്ക് ഉത്പന്നങ്ങള്‍ വിറ്റഴിക്കേണ്ട അവസ്ഥയാണ്.
കൊച്ചി: അമേരിക്ക ഏർപ്പെടുത്തിയ അധികതീരുവയുടെ പ്രതിസന്ധിയെ അതിജീവിച്ചു മത്സ്യ കയറ്റുമതി മേഖല സാധാരണ നിലയിലേക്കു മടങ്ങുന്ന ഘട്ടത്തിലാണ് യുദ്ധം വീണ്ടും കല്ലുകടിയാകുന്നത്. ഗൾഫിലേക്കും ഗൾഫ് രാജ്യങ്ങളുടെ കടലതിർത്തികളിലൂടെ മറ്റിടങ്ങളിലേക്കുമുള്ള ചരക്കുനീക്കം പ്രതിസന്ധിയിലായത് കേരളത്തിന്റെ മത്സ്യ കയറ്റുമതിക്കാരെയും ബാധിക്കും. നിലവിൽ അമേരിക്കയിലേക്കും ചൈനയിലേക്കുമാണ് ഇന്ത്യയിൽനിന്ന് ഏറ്റവുമധികം സമുദ്രോത്പന്നങ്ങൾ കയറ്റിയയയ്ക്കുന്നത്.
Tags : West Asian conflict Middle east war fruits vegetables rice temporarily halted Nedumbassery airport