പ്രതീകാത്മക ചിത്രം
കേന്ദ്രസര്‍വീസിലെ എന്‍ജിനിയറിംഗ് തസ്തികകളിലേക്കുള്ള നിയമനത്തിനായി നടത്തുന്ന 2027 ലെ എന്‍ജിനിയറിംഗ് സര്‍വീസസ് എക്സാമിനേഷന് യൂണിയന് പബ്ലിക് സര്‍വീസ് കമ്മിഷന് (യുപിഎസ് സി) അപേക്ഷ ക്ഷണിച്ചു.
സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ എന്‍ജിനിയറിംഗ് വിഭാഗങ്ങളിലായി 480 ഒഴിവുണ്ട്. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായ പ്രിലിമിനറി പരീക്ഷ 2027 ജനുവരി 31-നും മെയിന്‍ പരീക്ഷ 2027 ജൂണ്‍ 18-നും നടക്കും.
അപേക്ഷ ഒക്ടോബര്‍ ആറു വരെ
യോഗ്യത: അംഗീകൃത സര്‍വകലാശാല/ ഇന്‍സ്റ്റിറ്റ്യൂഷനില്‍നിന്ന് നേടിയ എന്‍ജിനിയറിംഗ് ബിരുദം/തത്തുല്യം. പ്രായം: 2027 ജനുവരി ഒന്നിന് 21-30. അപേക്ഷകര്‍ 1997 ജനുവരി രണ്ടിന് മുന്‍പോ 2006 ജനുവരി ഒന്നിന് ശേഷമോ ജനിച്ചവരാകരുത്.
ഉയര്‍ന്ന പ്രായപരിധിയില്‍ എസ്സി, എസ്ടി വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒബിസിക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷത്തെ ഇളവുണ്ട്.
വിമുക്തഭടന്മാര്ക്കും നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷാഫീസ്: വനിതകള്‍ക്കും എസ്സി, എസ്ടി വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഫീസില്ല. മറ്റുള്ളവര്‍ 200 രൂപ ഓണ്‍ലൈനായി അടയ്ക്കണം.
തെരഞ്ഞെടുപ്പ്: പ്രിലിമിനറി, മെയിന്‍ പരീക്ഷകളും പേഴ്സണാലിറ്റി ടെസ്റ്റ്/ അഭിമുഖവും നടത്തിയായിരിക്കും തെരഞ്ഞെടുപ്പ്. ഒബ്ജക്ടീവ് മാതൃകയിലുള്ള രണ്ട് പേപ്പറുകളുള്പ്പെട്ട പ്രിലിമിനറി പരീക്ഷയ്ക്ക് ആകെ 500 മാര്‍ക്കിന്റെ ചോദ്യങ്ങളാണുണ്ടാകുക.
ഒന്നാം പേപ്പര്‍ ജനറല്‍ സ്റ്റഡീസ് ആന്‍ഡ് എന്‍ജിനിയറിംഗ് ആപ്റ്റിറ്റ്യൂഡുമായി ബന്ധപ്പെട്ടതായിരിക്കും. രണ്ടാം പേപ്പര്‍ ഉദ്യോഗാര്‍ഥിയുടെ എന്‍ജിനിയറിംഗ് വിഷയവുമായി (സിവില്‍/ മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍) ബന്ധപ്പെട്ടതായിരിക്കും.
പ്രിലിമിനറി പരീക്ഷയില്‍ നിശ്ചിത സ്കോര്‍ നേടുന്നവരെയാണ് മെയിന്‍ പരീക്ഷയ്ക്ക് പരിഗണിക്കുക. വിവരണാത്മക രീതിയിലുള്ള 600 മാര്‍ക്കിന്റെ മുഖ്യപരീക്ഷയ്ക്ക് എന്‍ജിനിയറിംഗ് വിഷയങ്ങളില്‍നിന്ന് മാത്രമായിരിക്കും ചോദ്യങ്ങള്‍.
പ്രിലിമിനറി പരീക്ഷയ്ക്ക് കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തും കേന്ദ്രങ്ങളുണ്ടാകും. മെയിന്‍ പരീക്ഷയ്ക്ക് തിരുവനന്തപുരത്ത് മാത്രമായിരിക്കും കേന്ദ്രം.
അപേക്ഷ: https://upsconline.nic.in. എന്ന വെബ്സൈറ്റ് വഴി ഒറ്റത്തവണ രജിസ്ട്രേഷന് നടത്തിയശേഷമാണ് അപേക്ഷിക്കേണ്ടത്.
വിശദവിവരങ്ങള്‍ക്ക് www.upsc.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
Tags : CAREERDEEPIKA