നാഷണൽ ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡിൽ അസിസ്റ്റന്റുമാരുടെ ഒഴിവ്. 500 ഒഴിവാണുള്ളത്. ഇതിൽ 35 ഒഴിവ് കേരളത്തിലാണ്. ബിരുദധാരികൾക്കാണ് അവസരം. തെരഞ്ഞെടുപ്പിനായി നടത്തുന്ന പരീക്ഷയ്ക്ക് കേരളത്തിൽ പത്ത് കേന്ദ്രങ്ങളുണ്ടാവും.
ശന്പള സ്കെയിൽ: 36,290 -1,00,865. യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്ന് ഏതെങ്കിലും വിഷയത്തിൽ നേടിയ ബിരുദം/തത്തുല്യം. 01.07.2026 അടിസ്ഥാനമാക്കിയാണ് യോഗ്യതയും പ്രായവും കണക്കാക്കുക. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ എഴുതാനും വായിക്കാനും മനസിലാക്കാനും കഴിയണം.
പ്രായം: 21-30 വയസ്. അപേക്ഷകർ 02.07.1996-നും 01.07.2005-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ). എസ്സി, എസ്ടി വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഒബിസി വിഭാഗക്കാർക്ക് മൂന്നു വർഷത്തെയും ഇളവുണ്ട്.
ഭിന്നശേഷിക്കാർക്ക് ജനറൽ-10 വർഷം, എസ്സി/എസ്ടി-15 വർഷം, ഒബിസി-13 വർഷം എന്നിങ്ങനെയാണ് ഇളവ്. പുനർവിവാഹിതരാവാത്ത വിവാഹമോചിതകൾക്കും വിധവകൾക്കും 35 വയസ് വരെ (ഒബിസി-38, എസ്സി/ എസ്ടി-40) അപേക്ഷിക്കാം. വിമുക്തഭടന്മാർക്കും നിയമാനുസൃത ഇളവ് ലഭിക്കും.
ഫീസ്: ഇന്റിമേഷൻ ചാർജ് ഉൾപ്പെടെ 850 രൂപയാണ് ഫീസ് (എസ്സി/എസ്ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ബാധകമല്ല). ഓണ്‍ലൈനായാണ് ഫീസ് അടയ്ക്കേണ്ടത്.
പരീക്ഷ: തെരഞ്ഞെടുപ്പിന് ഓണ്‍ലൈനായി പ്രിലിമിനറി, മെയിൻ പരീക്ഷകളും പ്രാദേശിക ഭാഷാപരിജ്ഞാനം തെളിയിക്കുന്ന പരീക്ഷയും നടത്തും. ഒബ്ജക്ടീവ്, മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലായിരിക്കും പ്രിലിമിനറി, മെയിൻ പരീക്ഷകൾ നടത്തുക.
പ്രിലിമിനറി പരീക്ഷയ്ക്ക് ഇംഗ്ലീഷ് ലാംഗ്വേജ്, റീസണിംഗ് എബിലിറ്റി, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് എന്നിവയെ ആസ്പദമാക്കിയായിരിക്കും ചോദ്യങ്ങൾ. നൂറ് മാർക്കിനുള്ള പരീക്ഷയ്ക്ക് ഒരു മണിക്കൂറാണ് സമയം. ഇംഗ്ലീഷിലും ഹിന്ദിയിലും ചോദ്യങ്ങൾ ലഭിക്കും.
മെയിൻ പരീക്ഷ സംബന്ധിച്ച വിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഓഗസ്റ്റ് 27-ന് നടക്കുന്ന പ്രിലിമിനറി പരീക്ഷയ്ക്ക് കേരളത്തിൽ ആലപ്പുഴ, എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിലും ലക്ഷദ്വീപിൽ കവരത്തിയിലും കേന്ദ്രമുണ്ടാവും. മെയിൻ പരീക്ഷയ്ക്ക് എറണാകുളത്ത് കേന്ദ്രമുണ്ടാവും.
അപേക്ഷ: ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോട്ടോ, ഒപ്പ്, വിരലടയാളം, സ്വന്തം കൈപ്പടയിലെഴുതിയ പ്രസ്താവന എന്നിവ വിജ്ഞാപനത്തിൽ നിർദേശിച്ചിട്ടുള്ള മാതൃകയിൽ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം.
അവസാനതീയതി: ഓഗസ്റ്റ് 7. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും https:// nationalinsurance.nic.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Tags : Job InsuranceCompany