ഇന്ത്യൻ സിനിമയിലെ ധനികരായ നടിമാരുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് വിവിധ ദേശീയമാധ്യമങ്ങൾ. ബോളിവുഡ് താരം ഐശ്വര്യ റായ് ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. 25 വർഷത്തിലേറെയായി ചലച്ചിത്രരംഗത്തുള്ള ഐശ്വര്യയുടെ ആസ്തി ഏകദേശം 862 കോടി രൂപയാണെന്നാണ് റിപ്പോർട്ട്.
650 കോടിയുടെ ആസ്തിയുള്ള പ്രിയങ്ക ചോപ്രയാണ് പട്ടികയിൽ രണ്ടാമത്. 550 കോടിയുമായി ആലിയ ഭട്ട്, 500 കോടിയുമായി ദീപിക പദുക്കോൺ, 485 കോടിയുമായി കരീന കപുർ, 250 കോടി കോടി ആസ്തിയുള്ള കത്രീന കൈഫ് എന്നിവരാണ് പട്ടികയിൽ പിന്നാലെയുള്ളത്. നയൻതാരയാണ് ഈ പട്ടികയിൽ ഇടംപിടിച്ച ഒരേയൊരു ദക്ഷിണേന്ത്യൻ നടി. 200 കോടിയാണ് നയൻതാരയുടെ ആസ്തി.
ബോളിവുഡിനു പുറമെ തെന്നിന്ത്യൻ സിനിമകളുടെയും ഭാഗമായ ഐശ്വര്യ റായ് സിനിമയ്ക്കായി പത്തു കോടിയും പരസ്യ ചിത്രങ്ങൾക്ക് ഏഴ് മുതൽ എട്ട് കോടിയും വരെ പ്രതിഫലം വാങ്ങാറുണ്ട് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ലോകമെമ്പാടും ആഡംബര വസ്തുവകകളും ഐശ്വര്യ സ്വന്തമാക്കിയിട്ടുണ്ട്. 15 കോടി മുടക്കി ദുബായിലെ ജുമൈറ ഗോൾഫ് എസ്റ്റേറ്റിൽ ഒരു വീട് ഐശ്വര്യ മുൻപ് സ്വന്തമാക്കിയിരുന്നു. ബാന്ദ്രയിലെ കുർള കോംപ്ലക്സിലുള്ള ബംഗ്ലാവിലാണ് ഐശ്വര്യ താമസിക്കുന്നത്. 21 കോടിയാണ് ഈ വീടിന്റെ മുടക്കുമുതൽ.
2015ൽ ഐശ്വര്യ വാങ്ങിയ ഈ വീടിന് ഇപ്പോൾ 50 കോടിക്ക് മുകളിലാണ് മൂല്യമെന്നും റിപ്പോർട്ട് പറയുന്നു. ഒരു ഇൻ-ഹൗസ് ജിം, സ്വിമ്മിംഗ് പൂൾ അടക്കം ഇവിടെ നിരവധി സൗകര്യങ്ങളുണ്ട്. ആഡംബര വാഹനങ്ങൾ ഒന്നിലധികം ഉള്ള താരത്തിന്റെ പക്കൽ റോള്‍സ് റോയ്സ് ഗോസ്റ്റ്, ഓഡി എ8എല്‍, മെഴ്സിഡസ് ബെന്‍സ് എസ്500, മെഴ്സിഡസ് ബെന്‍സ് എസ്350ഡി കൂപ്പ്, ലെക്സസ് എല്‍എക്സ് 570 തുടങ്ങിയവയും ഉണ്ട്. നിരവധി ഉത്പന്നങ്ങളുടെ കമ്പനികളുമായുള്ള പരസ്യകരാറും ഐശ്വര്യക്കുണ്ട്.
ഭർത്താവും നടനുമായ അഭിഷേക് ബച്ചന്റെ ആസ്തിയുടെ മൂന്നിരട്ടിയോളം വരും ഐശ്വര്യയുടേത് എന്നതാണ് ശ്രദ്ധേയമായ കാര്യം. 280 കോടിയാണ് അഭിഷേകിന്റെ സന്പാദ്യം. രൺവീർ സിംഗ് (500 കോടി), രൺബീർ കപുർ (345 കോടി), പ്രഭാസ് (200 കോടി) എന്നിവരാണ് സമ്പത്തിന്റെ കാര്യത്തിൽ ഐശ്വര്യ പിന്നിലാക്കിയ നടന്മാർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.