സീരിയൽ പാരയായി: അനൂപ് മേനോൻ
Monday, January 13, 2020 10:44 AM IST
ചലച്ചിത്രമേഖലയിലേക്ക് കാലുകുത്തുന്ന സമയത്ത് പലപ്പോഴും മുന്പ് സീരിയലുകളിൽ അഭിനയിച്ചത് പാരയായി മാറിയിട്ടുണ്ടെന്ന് നടൻ അനൂപ് മേനോൻ. ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് സീരിയൽ താരം എന്ന പരിവേഷം സിനിമാ അഭിനയത്തിന് തുടക്കത്തിൽ തടസമായതായി അനൂപ് മേനോൻ വെളിപ്പെടുത്തിയത്. ഒരുപാട് ചിത്രങ്ങൾ ഇതിനാൽ തനിക്ക് നഷ്ടമായിട്ടുണ്ടെന്നും അനൂപ് പറഞ്ഞു.
ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് നടൻ ഈ അനുഭവങ്ങൾ വെളിപ്പെടുത്തിയത്. പക്ഷെ ഇക്കാര്യത്തിൽ ആരേയും കുറ്റപ്പെടുത്താൻ തനിക്ക് കഴിയില്ലെന്നും അനൂപ് മേനോൻ പറയുന്നു.
സീരിയലിൽ അഭിനയിച്ചു കൊണ്ടിരിക്കെ ഒരു നടൻ സിനിമയിൽ പ്രത്യക്ഷപ്പെട്ടാൽ ഇത് മറ്റേ സീരിയലിലെ പയ്യനല്ലേ എന്ന് പ്രേക്ഷകർ പറയുന്പോൾ സിനിമയിലെ ആ കഥാപാത്രം മറയുകയാണെന്നും ഇത് സിനിമയിലെ കഥാപാത്രത്തെ ദോഷകരമായി ബാധിക്കുമെന്നും ചിലർ ധരിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും അനൂപ് മേനോൻ പറയുന്നു.
രണ്ടു വർഷത്തോളം സീരിയലിൽ നിന്ന് വിട്ടുനിന്നതിനുശേഷമാണ് താൻ തിരക്കഥ എന്ന സിനിമയിലഭിനയിച്ചതെന്നും നടൻ പറയുന്നു.
കിംഗ് ഫിഷ് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്കും കടക്കുകയാണ് അനൂപ് മേനോൻ.