സങ്കടക്കടലിലും പ്രമോഷനെത്തി നടൻ വിജയ് ആന്റണി; എത്തിയത് രണ്ടാമത്തെ മകൾക്കൊപ്പം
Friday, September 29, 2023 11:10 AM IST
മകൾ മീര മരിച്ചിട്ട് പത്തു ദിനം മാത്രമേ ആയിട്ടുള്ളുവെങ്കിലും സങ്കടം ഉള്ളിലൊതുക്കി നടൻ വിജയ് ആന്റണി പുതിയ ചിത്രത്തിന്റെ പ്രമോഷനായെത്തി.
ഇളയമകൾ ഹാരയെ ചേർത്തുനിർത്തി അദ്ദേഹം എത്തിയപ്പോൾ എല്ലാവരുടെയും മനസിൽ ഒരു വേദന അനുഭവപ്പെട്ടിട്ടുണ്ടാകാം. ‘രത്തം’ എന്ന തന്റെ പുതിയ സിനിമയ്ക്കു വേണ്ടിയാണ് അദ്ദേഹം മാധ്യമങ്ങൾക്കു മുന്നിലെത്തിയത്.
‘ഇതാണ് പ്രഫഷനലിസം’ തന്റെ ജോലിയോട് അത്രമാത്രം ആത്മാർഥത ഉള്ളതിനാലാണ് വിജയ് പ്രമോഷനായി എത്തിയതെന്ന് ചിത്രത്തിന്റെ നിർമാതാവ് ധനഞ്ജയന് ട്വീറ്റ് ചെയ്തിട്ടുണ്ട്.
എങ്ങനെയാണ് ഇത്രയും പോസിറ്റീവ് ആയിരിക്കാനും, സംസാരിക്കാനും കഴിയുന്നതെന്ന് അഭിമുഖത്തില്‍ വിജയ് ആന്റണിയോട് അവതാരിക ചോദിച്ചു.
ഒന്നും പ്ലാന്‍ ചെയ്ത് സംഭവിക്കുന്നതല്ല. ജീവിതത്തില്‍ അത്രയും തീവ്രമായ അനുഭവങ്ങള്‍ ഉണ്ടാവുമ്പോള്‍ സ്വാഭാവികമായി വന്നു പോകുന്നതാണ്. എല്ലാത്തിനെയും നേരിട്ടല്ലേ പറ്റൂ.
കഴിഞ്ഞതൊന്നും ഞാന്‍ മറക്കാറില്ല. അത് എന്റെ ചിന്തകളെയും മനസിനെയും കൂടുതല്‍ ശക്തമാക്കും. അതുകൊണ്ടാകാം ഇങ്ങനെ ആകുന്നത് എന്നാണ് വിജയ് ആന്റണി പറയുന്നത്.
പത്ത് ദിവസം മുന്‍പാണ് വിജയ് ആന്റണിയുടെ മകള്‍ മീര ജീവനൊടുക്കിയത്. മാനസിക സംഘര്‍ഷങ്ങളെ തുടര്‍ന്നാണ് മകള്‍ ജീവനൊടുക്കിയതെന്നാണ് നിഗമനങ്ങൾ.
തന്റെ സ്വകാര്യ ദുഃഖങ്ങളുടെ പേരിൽ ഒരുപാട് പേരുടെ അധ്വാനമായ സിനിമയ്ക്ക് കിട്ടേണ്ട പ്രമോഷൻ കിട്ടാതെ പോകരുതെന്ന ചിന്തയാകാം പ്രമോഷൻ പരിപാടിയിൽ പങ്കെടുക്കാമെന്ന തീരുമാനത്തിലേക്ക് വിജയ് ആന്റണിയെ എത്തിച്ചതെന്നാണ് ആരാധകർ പറയുന്നത്.