അന്നു ദുൽഖറിന്റെ പിറന്നാളാണെന്ന് ഞാൻ മറന്നുപോയിരുന്നു; വൈറൽ ചിത്രത്തെ കുറിച്ച് മമ്മൂട്ടി
Tuesday, October 3, 2023 10:38 AM IST
ദുൽഖർ സൽമാന്റെ പിറന്നാൾ ദിനത്തിൽ മമ്മൂട്ടി സമൂഹമാധ്യമത്തിൽ പങ്കുവച്ചൊരു ചിത്രം നിമിഷങ്ങൾക്കുള്ളിൽ വൈറലായിരുന്നു.
മകന്റെ ബർത്ഡേ ദിവസവും ബാപ്പയാണ് സ്റ്റാർ എന്ന തരത്തിൽ നിരവധി കമന്റുകളും ചിത്രത്തിന് താഴെ എത്തിയിരുന്നു.
വീടിന് മുന്നിൽ പച്ച ഷർട്ട് ധരിച്ചുകൊണ്ട് പങ്കുവെച്ച ചിത്രത്തിന് പരിസ്ഥിതി സംരക്ഷണ ദിനാശംസകൾ എന്നായിരുന്നു മമ്മൂട്ടി കൊടുത്ത അടികുറിപ്പ്. എന്നാൽ ദുൽഖറിന്റെ പിറന്നാളാണെന്ന് അറിയാതെയാണ് ആ ഫോട്ടോ പോസ്റ്റ് ചെയ്തതെന്ന് വെളിപ്പെടുത്തുകയാണ് ഇപ്പോൾ മമ്മൂട്ടി.
കണ്ണൂർ സ്ക്വാഡിന്റെ വിശേഷങ്ങൾ പങ്കുവച്ചുള്ള അഭിമുഖത്തിനിടെയാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.
‘‘അത് ആക്സിഡന്റലി ഇട്ട പോസ്റ്റാണ്. അവന്റെ പിറന്നാളാണെന്നത് മറന്നുപോയതാണ്, രാവിലെ പോസ്റ്റ് ചെയ്തതാണ്. മറന്നുപോയി. ആളുകൾക്ക് ട്രോൾ ചെയ്യാം അതിൽ കുഴപ്പമൊന്നുമില്ല. ട്രോൾ എപ്പോഴും മോഡേൺ കാർട്ടൂണുകളാണ്. ഇപ്പോഴാരും കാർട്ടൂൺ വരയ്ക്കാറില്ല.” മമ്മൂട്ടി പറഞ്ഞു.
സ്റ്റൈലിഷ് ലുക്കിലുള്ള മമ്മൂട്ടിയുടെ ചിത്രങ്ങൾ കണ്ടിട്ട് ‘മകന്റെ പിറന്നാൾ വിളിക്കാൻ വന്നതായിരിക്കും’, ‘ഏതാ ഈ ചുള്ളൻ? ദുൽഖറിന്റെ അനിയനോ’, ‘മകന്റെ പിറന്നാൾ പോസ്റ്റിനു പകരം പരിസ്ഥിതി സംരക്ഷണത്തെ പ്രോത്സാഹിപ്പിച്ച മമ്മൂക്കയാണ് എന്റെ ഹീറോ’ തുടങ്ങി നിരവധി രസകരമായ കമന്റുകളാണ് ചിത്രത്തിനു ലഭിച്ചത്.