അനുമതിയില്ലാതെ സിനിമയിലുപയോഗിച്ചു; ഇളയരാജ വീണ്ടും കോടതിയിൽ
Saturday, July 12, 2025 10:11 AM IST
തന്റെ ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചെന്നുകാണിച്ച് സംഗീതസംവിധായകൻ ഇളയരാജ വീണ്ടും കോടതിയിൽ. വെളളിയാഴ്ച പുറത്തിറങ്ങിയ ‘മിസ്സിസ് ആൻഡ് മിസ്റ്റർ’ എന്ന തമിഴ് ചിത്രത്തിലാണ് പാട്ട് അനുമതിയില്ലാതെ ഉപയോഗിച്ചതായി പറയുന്നത്. ചിത്രത്തിൽ നിന്നും ഈ പാട്ട് നീക്കണം എന്നാണ് ആവശ്യം.
നടി വനിതാ വിജയകുമാറാണ് മിസ്സിസ് ആൻഡ് മിസ്റ്ററിന്റെ സംവിധായിക. കമൽഹാസൻ നാലുവേഷത്തിൽ അഭിനയിച്ച് 1990-ൽ പുറത്തിറങ്ങിയ ‘മൈക്കിൾ മദന കാമ രാജൻ’ എന്ന സിനിമയിലെ ‘ശിവരാത്രി’ എന്ന ഗാനമാണ് ഇതിലുള്ളത്. അനുമതിവാങ്ങാതെ വികൃതമാക്കിയാണ് തന്റെ ഗാനം ഇതിലുപയോഗിച്ചതെന്ന് ഹർജിയിൽ പറയുന്നു.
താൻ സംഗീതം നൽകിയ ഗാനം അനുവാദംകൂടാതെ ഉപയോഗിച്ചെന്നുകാണിച്ച് ‘മഞ്ഞുമ്മൽ ബോയ്സ്’ ഉൾപ്പെടെയുള്ള സിനിമകൾക്കെതിരേ ഇളയരാജ നിയമനടപടി സ്വീകരിച്ചിരുന്നു.