സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട്മാന്റെ മരണം: സംവിധായകൻ പാ.രഞ്ജിത്തടക്കം നാല് പേർക്കെതിരെ കേസ്
Tuesday, July 15, 2025 8:18 AM IST
സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട്മാൻ മരിച്ച സംഭവത്തിൽ സംവിധായകൻ പാ. രഞ്ജിത്തിനും മറ്റു മൂന്നു പേർക്കുമെതിരെ പോലീസ് കേസെടുത്തു. കീലയൂർ പോലീസ് പരിധിയിലുള്ള ആലപ്പക്കുടിയിൽ നടന്ന സിനിമാ ഷൂട്ടിംഗിനിടെ ഞായറാഴ്ചയാണ് സംഭവം.
സ്റ്റണ്ട് കോർഡിനേറ്ററായ കാഞ്ചീപുരം പൂങ്കണ്ടം സ്വദേശി മോഹൻരാജ് (52) ആണ് മരിച്ചത്. അപകടത്തിനു പിന്നാലെ ഹൃദയാഘാതമുണ്ടായ മോഹൻരാജിനെ നാഗപട്ടണം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിങ്കളാഴ്ച രാവിലെ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം കുടുംബത്തിന് കൈമാറി.
സംവിധായകൻ പാ. രഞ്ജിത്ത്, സ്റ്റണ്ട് കൊറിയോഗ്രഫർ വിനോദ്, നിർമാതാക്കളായ നീലം പ്രൊഡക്ഷൻസിന്റെ ചുമതലയുള്ള രാജ്കമൽ, പ്രഭാകരൻ എന്നിവർക്കെതിരെയാണ് കേസ്.
മെഡിക്കൽ സംഘത്തിന്റെ കണ്ടെത്തലുകളുടെയും ഷൂട്ടിംഗ് ലൊക്കേഷനിലെ ദൃക്സാക്ഷികളിൽ നിന്നുള്ള മൊഴികളുടെയും അടിസ്ഥാനത്തിൽ മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്.
പാ രഞ്ജിത്തും നടൻ ആര്യയും ഒന്നിക്കുന്ന പുതിയ സിനിമയുടെ സെറ്റില്‍ കാർ സ്റ്റണ്ട് നടത്തുന്നതിനിടെയാണ് അപകടം. റാംപിൽ കയറി ബാലൻസ് നഷ്ടപ്പെട്ട വാഹനം മറിയുകയും മുൻവശത്ത് ശക്തമായി ഇടിച്ചിറങ്ങുകയും ചെയ്യുകയായിരുന്നു.