പ്രണവിനൊപ്പമുള്ള ആ മൊട്ടക്കുട്ടി ആരാണെന്ന് ചോദിച്ചവരോട് ഉത്തരവുമായി കല്യാണി
Tuesday, July 15, 2025 8:50 AM IST
പ്രണവ് മോഹൻലാലിന് ജൻമദിനാശംസകൾ നേർന്ന് നടി കല്യാണി പ്രിയദർശൻ പോസ്റ്റ് ചെയ്തൊരു ചിത്രം ആരാധക ഹൃദയങ്ങൾ കീഴടക്കിയിരുന്നു. ‘‘എന്റെ എക്കാലത്തെയും സുഹൃത്തിന് പിറന്നാൾ ആശംസകൾ’’ എന്നാണ് ജാക്കി ഷ്റോഫിനെ ചേർത്തുപിടിച്ചിരിക്കുന്ന പ്രണവിനെയും തന്റെയും കുട്ടിക്കാലത്തെ ക്യൂട്ട് ചിത്രം പങ്കുവച്ചുകൊണ്ട് കല്യാണി കുറിച്ചത്.
കല്യാണിയുടെ തല മൊട്ടയടിച്ചുള്ള ലുക്ക് ആയിരുന്നു ഫോട്ടോയിലെ മറ്റൊരു ആകർഷണം. അതിനാൽ തന്നെ ആ ചിത്രത്തിലുള്ള മൊട്ടക്കുട്ടി കല്യാണിയാണോ അതോ പ്രണവിന്റെ സഹോദരി മായ ആണോയെന്ന് ആരാധകർ സംശയം പ്രകടിപ്പിച്ചിരുന്നു. ഒടുവിൽ ഇതിന് ഉത്തരവുമായാണ് കല്യാണി എത്തിയത്.
""കഴിഞ്ഞ പോസ്റ്റിൽ കണ്ട മൊട്ട ആരാണെന്ന് ചോദിച്ചവരോട് , അത് ഞാൻ തന്നെയാണ്.’’ തന്റെ ചിത്രം പങ്കുവച്ചുകൊണ്ട് ഇൻസ്റ്റ സ്റ്റോറിയില്‍ കല്യാണി പ്രിയദർശൻ കുറിച്ചു.
മോഹൻലാലിന്റെ മകൻ പ്രണവിന്റെ അടുത്ത സുഹൃത്താണ് കല്യാണി പ്രിയദർശൻ. അച്ഛന്മാരായ മോഹൻലാലിന്റെയും പ്രിയദർശന്റെയും സൗഹൃദം കുട്ടിക്കാലത്ത് ഇരുവരെയും കളിക്കൂട്ടുകാരാക്കി. കല്യാണിയുടെയും പ്രണവിനെയും സൗഹൃദം തെറ്റിദ്ധരിക്കപ്പെടുകയും ഇരുവരും പ്രണയത്തിലാണെന്ന വാർത്ത പ്രചരിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഇരുവരും ഈ വാർത്തകളോട് പ്രതികരിച്ചിട്ടില്ല. മുതിർന്നപ്പോൾ സിനിമയിലെത്തിയ ഇരുവരും ‘ഹൃദയം’ എന്ന ചിത്രത്തിൽ നായികാ നായകന്മാരായി എത്തിയിരുന്നു.