മറ്റവൻ വന്നോ, ഏത് ആ അനൂപ് മേനോൻ; ധ്യാനിനെ മുന്നിലിരുത്തി ട്രോളി അനൂപ് മോനോൻ
Tuesday, July 15, 2025 10:45 AM IST
ധ്യാൻ ശ്രീനിവാസനെ ട്രോളി നടൻ അനൂപ് മേനോൻ. സിനിമ മേഖലയിൽ ഏറ്റവും അധികം ചീത്തവിളി കേൾക്കുന്ന ഒരു വിഭാഗമാണ് അസിസ്റ്റന്റ് ഡയറക്ടറുമാരുടേതെന്നും എന്നാൽ ഒരു അസിസ്റ്റന്റ് ഡയറക്ടറായി ധ്യാൻ ആർമാദിച്ച പോലെ വേറെ ആരും ആർമാദിച്ചിട്ടില്ലെന്നായിരുന്നു അനൂപ് മേനോന്റെ വെളിപ്പെടുത്തൽ.
ധ്യാൻ അസിസ്റ്റന്റ് ഡയറക്ടർ ആയി ജോലി ചെയ്തപ്പോൾ സെറ്റിലുണ്ടായ രസകരമായ സംഭവം പറഞ്ഞുകൊണ്ടായിരുന്നു അനൂപ് മേനോന്റെ പരാമർശം. ‘രവീന്ദ്ര നീ എവിടെയാ’ എന്ന സിനിമയുടെ പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അനൂപ് മേനോൻ.
അനൂപ് മേനോന്റെ വാക്കുകൾ
‘‘ധ്യാൻ ശ്രീനിവാസൻ ആദ്യമായി അസി. ഡയറക്ടറായ സിനിമയിലെ നായകനാകാൻ ഭാഗ്യം ലഭിച്ച താരമാണ് ഞാൻ. ഈ കഥ മുമ്പും പറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു, എങ്കിലും ഒരു തവണ കൂടി പറയാം.
ഒരു സിനിമയിൽ ഏറ്റവുമധികം ചീത്ത കേൾക്കുകയും കഷ്ടപ്പെടുകയും ചെയ്യുന്ന ഒരു വിഭാഗമാണ് അസിസ്റ്റന്റ് ഡയറക്ടേഴ്സ്. എല്ലാവരും എടുത്തിട്ട് ഉടുക്കും! എന്തിനാണെന്ന് അറിയില്ല. സംവിധായകനും നിർമാതാവും കുഴപ്പം പിടിച്ച നടന്മാരുണ്ടെങ്കിൽ അവരും വഴക്കു പറയും. എല്ലാ അസിസ്റ്റന്റ് ഡയറക്ടമാരോടുമുളള സിംപതിയും സഹാനുഭൂതിയും വച്ചു പറയട്ടെ, ഇക്കൂട്ടത്തിൽ എല്ലാവരിൽ നിന്നും മാറ്റി നിർത്തേണ്ട ഒരാളാണ് ഈ ഇരിക്കുന്ന ധ്യാൻ ശ്രീനിവാസൻ.
ഇവൻ അസിസ്റ്റന്റ് ഡയറക്ടറായ സെറ്റിൽ ഒരാൾ വന്നിട്ടുണ്ടെങ്കിൽ അവന് നായകനാകേണ്ട അസിസ്റ്റന്റ് ഡയറക്ടർ ആയാൽ മതിയെന്നു പറയും. കാരണം, ഇവൻ അവിടെ ആർമാദിച്ച പോലെ ഒരു അസിസ്റ്റന്റ് ഡയറക്ടറും മലയാള സിനിമാ ചരിത്രത്തിൽ ചെയ്തുകാണില്ല. ഞാൻ വന്ന ശേഷം മാത്രമേ ഇവൻ വരൂ, അത്രേ ഒളളൂ. വേങ്ങേരിയോ എവിടെയോ ഷൂട്ട് ഉള്ള സമയം. ഇവൻ തൊണ്ടയാട് ബൈപ്പാസിൽ കാറിടും. എന്നിട്ട് അവിടുന്ന് വിളിച്ചു ചോദിക്കും. ‘മറ്റവൻ വന്നോ, ഏതാ ആ അനൂപ് മേനോൻ!’ അവൻ വന്നെന്നു പറഞ്ഞാൽ ഓടി വരും.
പിന്നെ സെറ്റിൽ വന്നാൽ ‘അനൂപേട്ടാ’ എന്നു പറഞ്ഞ് ഓടിവരും. നമുക്ക് അറിയാം കാര്യം. ഇവന്റെ വിളിയൊക്കെ നമ്മളും കേൾക്കുന്നുണ്ട്. ഉച്ചവരെ ഇവൻ പണിയെടുത്തുവെന്നു വരുത്താൻ കാണിക്കുന്ന ചില വേലകളുണ്ട്. നമുക്ക് അന്നേ അറിയാം, ഇത് ഇവിടെ ഒന്നും നിൽക്കുന്ന സാധനമായിരിക്കില്ല. ഇവൻ പടർന്നു പന്തലിച്ച് ഹോട്ട് കേക്ക് എന്നു പറയുന്ന അവസ്ഥയിലേക്ക് എത്തുമെന്നും നമുക്ക് അറിയാം, കാരണം ഇവന് ഇതല്ലാതെ വേറെ ഒന്നുമാകാൻ കഴിയില്ല.
പക്ഷേ, എന്തൊക്കെയായാലും ഇവന് അടുത്തത് എനിക്കിട്ട് പണിതരുമെന്ന് ഉറപ്പാണ്. എന്നിരുന്നാലും എനിക്ക് ഒരുപാട് ഇഷ്ടമുള്ള അഭിനേതാവാണ് ധ്യാൻ. നടനെന്നതിലുപരി ഒരു സ്പേസിലേക്കു കയറി വരുമ്പോൾ അയാൾ ഉണ്ടാക്കുന്ന എനർജിയുണ്ട്. അത് ചില്ലറക്കാര്യമല്ല, എളുപ്പമല്ല അത് ഉണ്ടാക്കിയെടുക്കാൻ. അതാണ് സ്റ്റാർഡം എന്നു പറയുന്നത്. ധ്യാനിന്റെ സ്റ്റാർഡം ഓഫ് സ്ക്രീനിലാണ് കൂടുതല് കണ്ടിട്ടുള്ളത്. അത് ഓൺ സ്ക്രീനിലേക്കും എത്തിക്കും.’’