ഭിത്തി പല്ലിളിച്ചത് പോലെയിരിക്കുന്നു, ഫാൻ പൊട്ടി ദേഹത്ത് വീണു; ആരോപണവുമായി രേണുവും അച്ഛൻ തങ്കച്ചനും
Tuesday, July 15, 2025 12:01 PM IST
കൊല്ലം സുധിയുടെ കുട്ടികൾക്കായി വീട് നിർമിച്ചുകൊടുത്തതിൽ അപാകതയുണ്ടെന്ന് ആവർത്തിച്ച് രേണു സുധിയും പിതാവ് തങ്കച്ചനും. കെച്ച്ഇഡിസി എന്ന കൂട്ടായ്മയ്ക്കെതിരെ രൂക്ഷമായാണ് രേണുവിന്റെ പിതാവ് പ്രതികരിക്കുന്നത്.
ആണി അടിക്കാൻ പോലും കഴിയാത്ത ഭിത്തിയിൽ ആണി അടിച്ച് ഫാൻ വച്ചത് കാരണം ഫാൻ പൊട്ടി തന്റെ നെഞ്ചത്ത് വീണു പരിക്കേറ്റെന്നും സുരക്ഷിതമല്ലാത്ത രീതിയിലാണ് ഫാനും വാഷ് ബേസിനുകളും മറ്റും വച്ചിരിക്കുന്നതെന്നും തങ്കച്ചൻ പറയുന്നു.
ഇത് എഞ്ചിനീയറെ വിളിച്ചു പറഞ്ഞപ്പോൾ ഇനിയും കൂടുതൽ പറഞ്ഞാൽ ബുൾഡോസർ കൊണ്ടുവന്നു വീട് ഇടിച്ചു കളയുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയെന്നും തങ്കച്ചൻ പറഞ്ഞു. അപമാനം സഹിച്ച് ഈ വീട്ടിൽ താമസിക്കേണ്ട കാര്യമില്ലെന്നും തങ്ങൾ ഈ വീട് മാറാൻ പോവുകയാണെന്നും മെയിൻസ്ട്രീം വൺ എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ ഇരുവരും വെളിപ്പെടുത്തി.
വീട് ചോരുന്നുവെന്ന രേണു സുധിയുടെ ആരോപണത്തിനു മറുപടിയുമായി കേരള ഹോം ഡിസൈൻ ഗ്രൂപ്പ് സ്ഥാപകനും വീട് വച്ചുനൽകാൻ നേതൃത്വം വഹിച്ചയാളുമായ ഫിറോസ് എത്തിയിരുന്നു. മികച്ച കെട്ടുറപ്പിൽ പണിത വീടാണ് അതെന്നും രേണുവിന്റെ വീഡിയോ കണ്ടപ്പോൾ വളരെയധികം വിഷമം തോന്നിയെന്നും ഫിറോസ് പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായാണ് ഇരുവരും എത്തിയത്.
രേണുവിന്റെ വാക്കുകൾ
വീട്ടിൽ ചോർച്ച ഉണ്ടെന്ന് ഞാൻ പറഞ്ഞത് മഴ പെയ്യുമ്പോൾ എറിച്ചിൽ അടിക്കുന്നതിനെ ആണ്. വീട്ടിനകത്ത് ഇരുന്നാൽ വെള്ളം അകത്തേക്കു വരും. വാർത്തു വച്ചിരിക്കുന്നതിൽ അല്ല ചോരുന്നത്. കമ്പി അടിച്ചിരിക്കുന്നതിനു അകത്തേക്ക് വെള്ളം അടിച്ചു കയറും.
രേണു കള്ളം പറയുന്നു എന്നൊക്കെ പലരും പറയുന്നുണ്ട്. മഴക്കാലത്ത് ഇവിടെ വന്ന് നോക്കിയാൽ അകത്തേക്ക് വെള്ളം വരുന്നത് കാണാം. രേണുവിന് കള്ളം പറയേണ്ട കാര്യമില്ല. ഈ വീട് പണിതിട്ട് ആറു മാസം ആകുന്നു. ഞാൻ ഓടി നടക്കുന്നതു കൊണ്ട് ഇവിടെ അധികം ദിവസം നിൽക്കുന്നില്ല.
എന്റെ പപ്പ ആണ് ഇവിടെ കൂടുതൽ സമയം നിൽക്കുന്നത്. പപ്പയോട് ചോദിച്ചാൽ കൂടുതൽ അറിയാം. ഫിറോസ് പറഞ്ഞത് ഞാൻ പച്ചക്കള്ളം പറയുന്നു എന്നാണ്. എനിക്ക് കള്ളം പറയുന്നതിന്റെ കാര്യമില്ല. ലിവിംഗ് റൂമിലും റിഥപ്പൻ കിടക്കുന്ന റൂമിലും വെള്ളം അടിച്ചു കയറാറുണ്ട്. പപ്പയുടെ നെഞ്ചിൽ ഫാൻ പൊട്ടി വീണു. ഞാൻ അവിടെ ഇല്ലായിരുന്നു അതുകൊണ്ട് കണ്ടില്ല. പപ്പയുടെ നെഞ്ചത്താണ് വീണത്, അത് പപ്പ പറയും. ഞങ്ങൾ ഈ വീട്ടിൽ നിന്ന് ഇറങ്ങാൻ ഇരിക്കുകയാണ്. കാരണം ഇത് കേട്ടുകേട്ട് മടുത്തു.
തങ്കച്ചൻ (രേണുവിന്റെ അച്ഛൻ)
ഈ വീട് ഉണ്ടാക്കിയിട്ടപ്പോൾ ഒരു വർഷം ആയല്ലോ. പിള്ളേർക്ക് വേണ്ടി കെഎച്ച്ഇഡിസി എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മയുടെ ചെയർമാൻ ആയ ഫിറോസ് എന്ന് പറഞ്ഞ ആള് ആണ് വീട് വച്ചു തന്നത്. അതിന് കുറെ കാര്യങ്ങൾ എനിക്ക് പറയാനുണ്ട്. ഈ വീട് വച്ച് ഞങ്ങൾ ഇവിടെ താമസമായിട്ട് ഒരാഴ്ച കഴിഞ്ഞപ്പോൾ മഴ പെയ്തപ്പോൾ നമ്മൾ ഇരിക്കുന്ന ഈ ഭാഗത്ത് ചാറ്റൽ അടിച്ചു നനഞ്ഞു.
ഞാനപ്പോൾ ഇദ്ദേഹത്തെ വിളിച്ചു, ഫോൺ എടുത്തില്ല, അദ്ദേഹത്തിന്റെ ഒരു എഞ്ചിനീയർ ഉണ്ടായിരുന്നു മനോജ്, അദ്ദേഹത്തെ വിളിച്ചു, ഒരാളെ അങ്ങോട്ട് വിടാം എന്ന് പറഞ്ഞു. താമസം തുടങ്ങി പിറ്റേ ആഴ്ച നടന്ന സംഭവമാണ്. അയാൾ ഇവിടെ വന്നപ്പോൾ കുറെ കാര്യങ്ങൾ ഞാൻ കാണിച്ചു.
മഴ പെയ്തപ്പോൾ തേപ്പൊക്കെ വിട്ടു പോകുന്നുണ്ടായിരുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞു ഇത് പെയിന്റിന്റെ ആയിരിക്കും, എന്നാലും ചേട്ടാ ഞങ്ങൾ വന്നത് റെഡിയാക്കിക്കൊള്ളാം, ഞങ്ങൾക്ക് ഒരു പണി ഇവിടെ ഉണ്ട്.
അപ്പോൾ ഇടയ്ക്ക് വന്നു നോക്കാംഎന്ന് പറഞ്ഞു. ഞാൻ ഒന്നും മിണ്ടിയില്ല. പിന്നെ വീടിന്റെ മുമ്പിലെ ലൈറ്റ് കത്തുന്നില്ലായിരുന്നു, അത് ഞാൻ പറഞ്ഞു, അവർ പറഞ്ഞു ചേട്ടാ മഴ ഒന്ന് മാറിക്കോട്ടെ ഞങ്ങൾ വൃത്തിയാക്കി തരാം. ഈ വീട് തേച്ചിരിക്കുന്നത് സിമന്റും മണലും ഇല്ലാതെയാണ്.
നമ്മുടെ കേരളത്തിൽ സാധാരണ വീടു തേക്കുന്നത് കണ്ടിരിക്കുന്നത് സിമന്റും മണലും, മണലില്ലെങ്കിൽ എം സാൻഡും ചേർത്താണ്. ഞാനൊരു കെട്ടിടം പണിക്കരനാണ്, എനിക്ക് കണ്ടാൽ അറിയാം. ഇവിടെ വെറും കുമ്മായം പോലെ ഒരു പാക്കറ്റ് കൊണ്ടുവന്നാണ് വീട് തേച്ചത്.
ഞാൻ അന്ന് ചോദിച്ചു ഇത് നിൽക്കുമോ, അപ്പോൾ അവർ പറഞ്ഞു ഒരു കുഴപ്പവുമില്ല ഇപ്പോ ആധുനിക മോഡൽ എല്ലായിടത്തും ഇങ്ങനെയാണ്. എനിക്ക് തർക്കിക്കാൻ പറ്റത്തില്ല, കുഞ്ഞുങ്ങൾക്ക് വേണ്ടി ദാനം ചെയ്യുന്നതാണ് നാട്ടുകാർ. അപ്പോ ഞാൻ ഒന്നും മിണ്ടാതെ നിന്നു.
പക്ഷേ ഒരു കാര്യം ഞാൻ പറയാം ഇതിന്റെ തറകെട്ട്, ഇതിന്റെ ഭിത്തികെട്ട്, ഇതിന്റെ കോൺക്രീറ്റ് ഇതെല്ലാം നല്ല മാന്യമായിചെയ്തു. ബാക്കി ഇത് തേച്ചത് കംപ്ലീറ്റ് കുമ്മായം കൊണ്ടാണ്. അങ്ങനെ തേച്ചതുകൊണ്ട് മുഴുവനും മഴ നനഞ്ഞു പൊയ്ക്കൊണ്ടിരിക്കുകയാണ്. ഈ വ്യക്തി ഈ കഴിഞ്ഞ ദിവസം രേണു ഇവിടെ നനയുന്നു എന്ന് പറഞ്ഞപ്പോൾ രേണു പറഞ്ഞത് പച്ചകള്ളമാണെന്ന് പറയുന്നത് കേട്ടു.
അതുപോലെതന്നെ രണ്ടാമത് ഒരു കാര്യം കൂടെ പറഞ്ഞു, കൊല്ലംകാർ ഇവിടെ താമസിക്കും എന്നാണു ഇയാൾ ഓർത്തത് എന്ന്. രേണുവിനോ കൊല്ലംകാർക്കോ അല്ല വീട്, സുധിയുടെ മക്കളുടെ പേർക്കാണ് ഇവിടുത്തെ ഈ ബിഷപ്പ് ഏഴ് സെന്റ് സ്ഥലം കൊടുക്കുകയും ഈ പറഞ്ഞ വ്യക്തികളൊക്കെ ഇത് പണിയുകയും ചെയ്തത്.
ഒരു വർഷമായി ഞാൻ ഈ വീടിനെ കുറിച്ച് ഒരു അക്ഷരം പോലും മിണ്ടിയിട്ടില്ല. ഈ നാട്ടുകാരെല്ലാം ചാനൽ വഴി വലിയ വിമർശനം നടത്തുന്നുണ്ടല്ലോ. ഉണ്ടാക്കിയ ആള് തന്നെ വിമർശിച്ചല്ലോ രേണു പറഞ്ഞത് കള്ളമാണെന്ന്.
ഇനി ഞാൻ പറയാം ഒരു വർഷം കഴിഞ്ഞു ഈ വീട് ഉണ്ടാക്കിയിട്ട് ഇന്നുവരെ ഇതിന്റെ കംപ്ലീഷൻ സർട്ടിഫിക്കറ്റ് തന്നിട്ടില്ല. ഇത് ഞാൻ ചോദിച്ചപ്പോൾ എനിക്ക് എന്നാ കാര്യം എന്നുള്ള അർഥത്തിൽ അയാൾ സംസാരിച്ചത്, പിന്നെ ഞാൻ വിളിച്ചാൽ എടുക്കത്തുമില്ല. ഒരു വർഷമായി അവരുടെ എൻജിനീയറെ വിളിക്കുന്നു, പ്രധാന പണിക്കാരെ വിളിക്കുന്നു, സൂപ്പർവൈസറെ വിളിക്കുന്നു.
ചേട്ടാ ഞങ്ങൾ പിന്നെ ചെയാം എന്നു പറഞ്ഞ് ഒഴിവാകും. രണ്ടാഴ്ച മുമ്പ് അടൂരിൽ നിന്ന് ഒരു സ്ത്രീയും ഒരു പുരുഷനും ഒരു കൊച്ചുമായി കാറിൽ വന്നു ഇത് അളന്നു. അപ്പോൾ കംപ്ലീഷൻ സർട്ടിഫിക്കറ്റ് കിട്ടുമല്ലോ എന്നോർത്ത് ഞാൻ സന്തോഷിച്ചിരുന്നു.
ഇന്നലെ രാവിലെ സാജുദ്ദീൻ എന്ന് പറഞ്ഞ ഒരു ആർട്ടിസ്റ്റ് ഉണ്ട്, പത്തനതിട്ടക്കാരൻ, അദ്ദേഹം വിളിച്ചു പറയുന്നു, ‘അച്ചായാ ഫിറോസ് പറഞ്ഞു ഇനി നിങ്ങൾക്ക് കംപ്ലീഷൻ സർട്ടിഫിക്കറ്റ് തരുകയില്ല, നിങ്ങൾ ചെന്ന് ഉണ്ടാക്കിക്കോളാൻ’. ഒരു സാധാരണ ഒരു വീട് പണിയുന്ന ഒരു കോൺട്രാക്ടറെ സംബന്ധിച്ച് അവരാണ് കംപ്ലീഷൻ സർട്ടിഫിക്കറ്റ് കൊടുക്കുന്നത്.
നമ്മൾ അതിന്റെ ഫീസ് അടച്ചോളാം. ഇനി ദാനം ചെയ്താണെങ്കിലും അല്ലെങ്കിലും ഞങ്ങൾ അതിന്റെ ഫീസ് അടച്ച് ശരിയാക്കികൊള്ളാം, ഈ കംപ്ലീഷൻ സർട്ടിഫിക്കറ്റ് അവർ തരേണ്ടതാണ് അത് തരില്ല എന്ന് പറഞ്ഞു. ഇതാണോ കുഞ്ഞുങ്ങൾക്ക് വീട് ഉണ്ടാക്കി കൊടുത്തിട്ടു പറയുന്നത്?
ഞങ്ങൾക്ക് ഇവരുടെ വീടും വേണ്ട ഒന്നും വേണ്ട, ഞങ്ങൾ നാളെ നാളെ കഴിഞ്ഞു ഇവിടെനിന്ന് പോവുകയോ മറ്റോ ചെയ്യാം. ഇന്ന് ഞാൻ ഇവിടെ ഇവിടെ വിഡിയോ എല്ലാം കാണിച്ചിട്ടുണ്ട്. മഴയത്ത് ഈ തേപ്പും പൊട്ടി പൊളിഞ്ഞു ഒഴുകുകയാണ് . നിങ്ങൾക്ക് കാണാം ഇവിടെ ചാനൽ വന്ന് എടുത്തിട്ടുണ്ട്.
ഈ പൈസ മുടക്കിയവരും ഞങ്ങളുടെ വീട് കാണണം, സുധിയുടെ കൊച്ചുങ്ങൾക്ക് വീട് തന്നിട്ട് അവിടെ അപ്പൻ താമസിക്കുന്നു എന്നൊക്കെ പറഞ്ഞ് ബഹളം വയ്ക്കുന്ന ഈ ജനങ്ങളെല്ലാം ഇതൊന്ന് കാണണം.
ഇത്ര നാൾ ഞാൻ മിണ്ടാതിരുന്നത് എന്താണെന്ന് അറിയമോ, ദാനം തന്നതല്ലേ നമ്മൾ എന്തിനാ അദ്ദേഹത്തെ ഉപദ്രവിക്കാൻ പോകുന്നത്. നമുക്ക് പൈസ ഉണ്ടാകുമ്പോൾ ബാക്കി കാര്യങ്ങളൊക്കെ കുറച്ചു ചെയ്യാം എന്ന് ഞാൻ എന്റെ മക്കളോട് പറഞ്ഞിരിക്കുകയായിരുന്നു.
അന്നേരമാണ് ഇദ്ദേഹം രേണു പറഞ്ഞത് പച്ചക്കള്ളം, ഞങ്ങൾ കൊല്ലംകാരെ താമസിപ്പിക്കാൻ വേണ്ടിയാണ് വീട് ഉണ്ടാക്കിയത് എന്നൊക്കെ പറഞ്ഞു വന്നത്. അങ്ങനെ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ, കൊല്ലം സുധിയുടെ മക്കൾക്കുള്ള വീട്, അത് വേറെ ആർക്കും അവകാശമില്ല, ഞങ്ങൾക്കുമില്ല ആർക്കുമില്ല. പിന്നെ എന്തിനാണ് ഞങ്ങളെ ഈ ഉപദ്രവിക്കുന്നത്, അന്നേരം ഉണ്ടാക്കിയവനും കൂടി ഇത്രയും വൃത്തികേട് പറയുകയാണ്. ഒരു വർഷം തികഞ്ഞില്ല, തേപ്പ് മുഴുവൻ പൊട്ടി പോയിക്കൊണ്ടിരിക്കുകയാണ്.
ഒരിക്കൽ ഇയാൾ ഇവിടെ വന്നപ്പോൾ ഞാൻ പറഞ്ഞു, ഇവിടെയൊക്കെ പൊട്ടിപ്പൊളിഞ്ഞ് ഇരിക്കുന്നതെന്താണെന്ന് പലരും എന്നോട് ചോദിക്കുന്നു, ഇവിടെ രേണുവിനെ കാണാൻ യുട്യൂബ് ചാനലുകാർ ഒക്കെ വരുന്നതാണ്. അവർ വല്ലതും കണ്ടാൽ ഇതൊക്കെ വീഡിയോ എടുത്തുകൊണ്ടു പോകും എന്ന്.
ഞാൻ ഇവിടെ വന്നവരോടൊക്കെ പറഞ്ഞിട്ടുള്ളത് അതൊന്നും സാരമില്ല നിങ്ങൾ ഇതൊന്നും എടുത്തു സോഷ്യൽ മീഡിയയിൽ ഇടരുത് എന്നാണ്. പിന്നെ ഞാൻ പറഞ്ഞു ഇതുപോലെ ഇനി ആരെങ്കിലും വന്ന് എടുത്ത് ഇട്ടു കഴിഞ്ഞാൽ ഞങ്ങൾ കൊടുത്തതായിട്ട് ഒരിക്കലും നിങ്ങൾ കരുതരുത് എന്ന്. ഞാൻ പറഞ്ഞതിന്റെ രണ്ടാം ദിവസം ഈ സാജു തന്നെ എന്നെ വിളിച്ചു, നിങ്ങൾ ബാക്കി കാര്യങ്ങൾ എല്ലാം ചെയ്തോണം ഇനി അവിടെ മഴ നനഞ്ഞാലും ആരും ഒന്നും ചെയ്യില്ല, പിന്നെ നിങ്ങൾക്ക് ആക്ഷേപം ആണെങ്കിൽ ഫിറോസ് ബുൾഡോസർ കൊണ്ടുവന്ന് ഈ വീട് ഇടിച്ചു തകർത്ത് പഴയതുപോലെ നിരത്തുമെന്ന്.
എനിക്ക് ഫോണിൽ ഇതൊന്നും പിടിച്ചു എടുക്കാൻ അറിയില്ല, പക്ഷേ അയാൾ വിളിച്ചത് എന്റെ ഫോണിൽ കാണുമല്ലോ. ഈ ഫോൺ ഞാൻ എവിടെ വേണമെങ്കിലും ഹാജരാക്കാം. ഇങ്ങനെ സംസാരിച്ച ഈ ഫിറോസാണ് ഇന്നിരുന്നുകൊണ്ട് രേണു കള്ളം പറഞ്ഞുവെന്നു പറയുന്നത്. ഞങ്ങൾ ദൈവത്തിന്റെ മുൻപാകെ സത്യം പറയുന്നുണ്ടെങ്കിൽ അതിന്റെ തിക്തഫലം ഈ ചെയ്യുന്നവർക്ക് കിട്ടും.
പിന്നെ ഒരു കാര്യം ഇവിടെ ഫാൻ വീണെന്ന് പറഞ്ഞില്ലേ, ഇവിടെ ചുണ്ണാമ്പ് പോലത്തെ സാധനമാണ് തേച്ചു വച്ചിരിക്കുന്നത്, ഈ വീട്ടിൽ ഒരു സാധനവും തൂക്കി ഇടാൻ ഒരു ആണി അടിക്കാൻ പറ്റത്തില്ല. അയാൾ തന്നെ പറഞ്ഞു ഇത് ഫിറ്റ് ചെയ്യാൻ നേരത്ത് നിങ്ങൾ നോക്കിയേ ചെയ്യാവൂ, ആണി അടിക്കരുത്, സ്ക്രൂ ചെയ്തിട്ട് ഫോട്ടോ ഫിറ്റ് ചെയ്യണം.
ആണി അടിച്ചാൽ ഇത് താഴെ വീഴുമെന്ന് ഇദ്ദേഹത്തിന് അറിയാം. ആ പറഞ്ഞ വ്യക്തി ഫാൻ ഫിറ്റ് ചെയ്തിരുന്നത് ഒന്നര ഇഞ്ചിന്റെ ആണി കൊണ്ടാണ്. ഞാൻ ഇവിടെ ഇരുന്നപ്പോൾ ഒരു സൗണ്ട് കേട്ടു, എന്തോ താഴേക്ക് വരുന്നതുപോലെ തോന്നി, പെട്ടെന്ന് ഞാൻ തട്ടി, തട്ടി കഴിഞ്ഞപ്പോൾ ഈ ഫാനിന്റെ ഒരു സൈഡ് വന്ന് ഇവിടെ നെഞ്ചിൽ ഇടിച്ച് മുറിഞ്ഞു. തട്ടിക്കളഞ്ഞതുകൊണ്ട് അകത്തോട്ട് മുറിഞ്ഞില്ല. പക്ഷേ തൊലി പോയിട്ടുണ്ടല്ലോ, എനിക്ക് വേദന സഹിക്കാൻ വയ്യായിരുന്നു, എന്നിട്ടുപോലും ഞാൻ ഒരക്ഷരം പറഞ്ഞില്ല.
ഒന്നര ഇഞ്ചിന്റെ ആണി വച്ചാണ് വാഷ്ബേസിൻ ഫിറ്റ് ചെയ്തിരുന്നത്, അതും താഴെ പോയി. കുഞ്ഞുങ്ങൾ അവിടെ ഇരുന്നു കളിക്കുകയായിരുന്നു. ഈ രണ്ടു സാധനവും പോയി കഴിഞ്ഞപ്പോഴേക്കും ഞാൻ അവരെ വിളിച്ചു, ഫിറോസിനെ വിളിച്ചപ്പോൾ എടുത്തില്ല ഞാൻ എഞ്ചിനീയറെ വിളിച്ചപ്പോൾ എടുത്തു, ഞാൻ പറഞ്ഞു സാറെ ഈ ഫാൻ വീണു, എന്റെ ദേഹത്തായൊണ്ട് കുഴപ്പമില്ല, കുഞ്ഞുങ്ങൾ ആണെങ്കിൽ അവന്റെ തല പോയനെ, ഈ വാഷ് ബേസിൻ ഇപ്പൊ വീഴും അതും ഇതുപോലെ നശിക്കും, അങ്ങനെ ഈ ഫിറ്റ് ചെയ്തിരിക്കുന്ന സാധനങ്ങളെല്ലാം ഇങ്ങനെ പോകും അതുകൊണ്ട് ദയവുചെയ്ത് നിങ്ങൾ ഇവിടെ വരണം.
അഞ്ചാം തീയതി സുധിയുടെ രണ്ടാമത്തെ ആണ്ട് പ്രാർഥനയാണ്. ഒത്തിരി ചാനലുകാരും യൂട്യൂബേഴ്സ് ഒക്കെ വരും. അവർ വന്ന് ഇതെങ്ങാനും വച്ച് വീഡിയോ എടുത്താൽ അത് നിങ്ങൾക്ക് മോശമാകും, ഞങ്ങളായിട്ട് ഒന്നും കൊടുക്കില്ല, എന്നാണ് പറഞ്ഞത്. ഇങ്ങനെ പറഞ്ഞതിന്റെ പേരിൽ പിറ്റേന്ന് ഒരാൾ ഇവിടെ രണ്ടര ഇഞ്ച് ആണിയുമായി വന്നു,
ഈ ഫിറോസിനെയോ ഈ ഗ്രൂപ്പിനെയോ ഇകഴ്ത്താനായി ഞാൻ ഒന്നും ചെയ്തിട്ടില്ല. കാരണം എനിക്കൊരു ബോധം ഉണ്ടായിരുന്നു. ഇത് കുഞ്ഞുങ്ങൾക്ക് ദാനം തന്നതാണ് നമ്മൾ കുറെ ഒതുങ്ങി ഒക്കെ ഇരിക്കണം. ഇത്ര ആക്ഷേപം ഉണ്ടായിട്ടും ഞാൻ മിണ്ടിയില്ല. ഇത് പറഞ്ഞപ്പോഴേക്കും ഇയാൾ പറയുകയാണ് സുധിയുടെ അപ്പനും അമ്മയും ഇവിടെ താമസിക്കുമെന്നാണ് കരുതിയതെന്ന്.
അങ്ങനെ ഓർത്താണോ ഈ വീടിനു നാട്ടുകാർ പൈസ കൊടുത്തത്. ഇതെല്ലാം സ്പോൺസർ ചെയ്തതാണ് എന്നാണ് പുള്ളി തന്നെ പറഞ്ഞത്. ഈ വീട്ടിലെ ഓരോ സാധനവും ഓരോരുത്തർ സ്പോൺസർ ചെയ്തതാണ്. ഫിറോസ് തന്നെയാണ് ഇത് പറഞ്ഞത്. ഇതൊക്കെ സങ്കടം കൊണ്ട് ഞാൻ പറയുകയാണ്. എനിക്ക് കള്ളം പറയേണ്ട ഒരു കാര്യമില്ല.
ഞങ്ങൾ ഇവിടെ താമസിക്കുന്നതിൽ വിഷമമുള്ളവർ ഇവിടെ വന്നു താമസിച്ചോളൂ, അല്ലെങ്കിൽ ഈ വേദന ഉള്ള നാട്ടുകാർ ഇവിടെ വന്നു താമസിച്ചോ. ഞങ്ങൾക്ക് ഒരു കുഴപ്പവും ഇല്ല. ഞങ്ങളെ ആക്ഷേപിക്കുന്നവർ മലയാളികൾ കേൾക്കുന്നുണ്ട്, നിങ്ങൾ ആരെങ്കിലും പൈസ കൊടുത്താണ് ഈ വീട് ഉണ്ടാക്കിയിട്ടുള്ളതെങ്കിൽ നിങ്ങൾ ഇവിടെ വന്നു ഈ വീട് കാണണം.
തേപ്പ് മുഴുവൻ പോയി, ഈ വീടിന്റെ ഭിത്തി പല്ലിളിച്ചതു പോലെ ഇരിക്കുകയാണ്. സിറ്റൗട്ടിന്റെ ബീമിന്റെ അടിഭാഗത്ത് ലീക്ക് ഉണ്ട്. നിങ്ങൾ ഞങ്ങളെ എന്ത് വേണമെങ്കിലും പറഞ്ഞോളൂ, അഞ്ചു വയസ്സുള്ള ഒരു കുഞ്ഞിന്റെ കാര്യം നിങ്ങൾ ആരെങ്കിലും ഓർക്കുന്നുണ്ടോ? ആര് അവനെ സംരക്ഷിക്കും? അവൾ കഷ്ടപ്പെട്ട് പൈസ കൊണ്ട് വരുന്നു, ഞങ്ങൾ അവനെ നോക്കി ഇവിടെ താമസിക്കുന്നു, നാളെ വേണമെങ്കിൽ ഞങ്ങൾ അങ്ങ് മാറാം, ഞങ്ങൾക്ക് മടിയില്ല.
പക്ഷേ ചെയ്യുന്ന കാര്യത്തിൽ സത്യസന്ധത വേണം. ഈ പറയുന്നവർക്കും കുടുബവും കുഞ്ഞുങ്ങളും ഉണ്ടെന്ന് ഓർക്കണം. ആരെങ്കിലും മരിച്ചു കഴിഞ്ഞാൽ അവരെ സഹായിക്കാൻ ദയവു ചെയ്ത് ഇതുപോലെയുള്ള വീട് ഉണ്ടാക്കി കൊടുക്കരുത്. ഈ ഒരു സഹായം കിട്ടിയതുകൊണ്ട് ഞങ്ങൾക്ക് ഭയങ്കര മനപ്രയാസം ആണ് ഉണ്ടായത്. ഞങ്ങൾക്കിവിടെ സമാധാനം ഇല്ല.
ഈ കുഞ്ഞിനെ ആരെങ്കിലും ഓർത്തോ ? ഞങ്ങൾ നാളെ പോയാൽ ഈ കുഞ്ഞിനെ ആര് നോക്കും? സത്യസന്ധമായ കാര്യമാണ് ഞങ്ങൾ പറയുന്നത്. സുധിയുടെ മക്കൾ ആണ് രണ്ടുപേരും. കിച്ചുവിനും റിഥുവിനും തുല്യ അവകാശമാണ്. റിതുവിനെ മറന്നുപോകുന്നു പല ആൾക്കാരും. വീട് വന്നു കണ്ടിട്ട് നിങ്ങൾ തീരുമാനിക്കൂ. ഫിറോസ് ആണോ കള്ളൻ അതോ രേണു സുധി ആണോ കള്ളി എന്ന്. ഞാൻ പറഞ്ഞതിൽ തെറ്റ് ഉണ്ടെന്നു നിങ്ങൾ കണ്ടുപിടിച്ചാൽ ഞങ്ങൾ ആ നിമിഷം ഇവിടെ നിന്ന് ഇറങ്ങാം.