അന്ന് തിലകനെ വിളിച്ചു സംസാരിച്ച വി.എസ്.; ഓർമകളുമായി വിനയൻ
Wednesday, July 23, 2025 9:09 AM IST
ഒരിക്കല്‍ പോലും തന്റെ നിലപാടുകളില്‍ വെള്ളം ചേര്‍ക്കാത്ത സമര പോരാളി ആയിരുന്നു വി.എസ്. അച്യുതാനന്ദനെന്ന് സംവിധായകന് വിനയന്. ഒരു കുട്ടനാട്ടുകാരന് എന്ന നിലയിലും അമ്പലപ്പുഴയില്‍ ഏറെനാള്‍ ജീവിച്ച വ്യക്തി എന്ന നിലയിലും വിഎസിനെയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തെയും കുറച്ചൊക്കെ അടുത്തറിയാന്‍ കഴിഞ്ഞിട്ടുണ്ടെന്നും വിനയന് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
വിനയന്റെ കുറിപ്പിന്റെ പൂർണരൂപം
കാലം സാക്ഷി...ചരിത്രം സാക്ഷി...
യാതന നിറഞ്ഞ സ്വന്ത്വം ജീവിതാനുഭവത്തിന്റെ നെരിപ്പോടില്‍ വാര്‍ത്തെടുത്ത് രൂപം കൊണ്ട പോരാളി ആയിരുന്നു വി.എസ്...
പാവങ്ങളുടെ ഈ പടത്തലവന് കുറച്ചു പരുക്കനായി പോയത് കടന്നു വന്ന ജീവിത സാഹചര്യങ്ങളുടെ തീഷ്ണത കൊണ്ടായിരിക്കാം..
ഒരു കുട്ടനാട്ടുകാരന് എന്ന നിലയിലും അമ്പലപ്പുഴയില്‍ ഏറെനാള്‍ ജീവിച്ച വ്യക്തി എന്ന നിലയിലും വിഎസിനെയും വിഎസിന്റെ പ്രവര്‍ത്തനത്തെയും കുറച്ചൊക്കെ അടുത്തറിയാന്‍ എനിക്കു കഴിഞ്ഞിട്ടുണ്ട്.. ഒരിക്കല്‍ പോലും തന്റെ നിലപാടുകളില്‍ വെള്ളം ചേര്‍ക്കാത്ത ഒരു സമര പോരാളി ആയിട്ടാണ് വിഎസിനെ ഞാന്‍ കാണുന്നത്..
വിഎസിനെ കുറിച്ചുള്ള എന്റെ ഓര്‍മ്മകള്‍ ഞാനിവിടെ പങ്കുവയ്ക്കട്ടേ....1980 കളില്‍ ആലപ്പുഴയില്‍ ഉദയകല എന്നൊരു പ്രൊഫഷനല്‍ നാടക സമിതി സിപിഎം ആരംഭിച്ചിരുന്നു..
കെ ആര് ഗൗരിയമ്മ ആയിരുന്നു സമിതിയുടെ പ്രസിഡന്റ് 1980 ല്‍ KSEB യില്‍ ജോലി കിട്ടി ആലപ്പുഴ സൗത്തില്‍ വര്‍ക്ക് ചെയ്യുന്ന സമയത്ത് നാടക സമിതി സെക്രട്ടറി എം എന്‍ കുറുപ്പ് ചേട്ടന്റെയും കോട്ടക്കല്‍ വിശ്വന് ചേട്ടന്റെയും ആവശ്യ പ്രകാരം ഞാന്‍ ഉദയകലയുടെ നൊമ്പരം കൊള്ളുന്ന കാട്ടുപൂക്കള്‍ എന്ന നാടകത്തില്‍ നായകനായി അഭിനയിച്ചിരുന്നു..
കിളി ചിലച്ചു എന്ന ഉദയകലയുടെ രണ്ടാമത്തെ നാടകം എഴുതിയത് പ്രശസ്തനായ എന്‍.ബി. ത്രിവിക്രമന്‍ പിള്ള ആയിരുന്നു. അന്ന് നെല്‍വയല്‍ സംരക്ഷത്തിനായി വി.എസ് എടുത്ത ശക്തമായ നിലപാടിനെ വെട്ടി നിരത്തലായി ചിത്രീകരിച്ച് വിമര്‍ശനം ഉന്നയിച്ചിരുന്ന കാലമായിരുന്നു.
സത്യത്തില്‍ വി.എസ്. എടുത്ത ആ നിലപാട് കൃത്യമായി പിന്തുടര്ന്നിരുന്നെങ്കില് നെല്‍വയലുകള്‍ അന്യം നിന്നു പോകുന്ന ഇന്നത്തെ അവസ്ത ഉണ്ടാകുമായിരുന്നില്ല എന്നത് വിഎസിന്റെ ദീര്‍ഘ വീക്ഷണത്തെ ഓര്‍മിപ്പിക്കുന്നു.
പക്ഷേ അന്ന് നാടകം എഴുതിയ ത്രിവിക്രമന്‍ പിള്ളസാര്‍ നെല്‍വയല്‍ സംരക്ഷണത്തെ വെട്ടിനിരത്തല്‍ എന്നു ചിത്രീകരിച്ച് വിഎസിന് ഒരു വില്ലന്‍ പരിവേഷം കൊടുത്താണ് ആ നാടകത്തില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചത്. എന്നെ ആയിരുന്നു ആ കഥാപാത്രം ചെയ്യാന്‍ നിയോഗിച്ചത്..
നാടകത്തിന്റെ ഫൈനല്‍ റിഹേഴ്സല്‍ കണ്ട പാര്‍ട്ടി നേതാക്കള്‍ ആ നാടകം കളിക്കണ്ട എന്നു തീരുമാനിക്കുകയും ആ നാടക സമിതി തന്നെ അതോടെ പിരിച്ചുവിടുകയും ചെയ്തു...
നാടക സമിതിയിലെ നടീ നടന്മാരുടെയും മറ്റു കലാകാരന്മാരുടെയും ആവശ്യ പ്രകാരം ആ സീസണിലെ അവരുടെ തൊഴില്‍ നഷ്ടപ്പെടാതിരിക്കാനായി ആ സമിതി ഞാന്‍ ഏറ്റെടുക്കാമെന്നു സമ്മതിച്ചു.
നാടകം തിരുത്തി വേറെ പേരിടുകയും നാടക സമിതിയുടെ പേരുമാറ്റുകയും ചെയതാല്‍ ഉദയകലയുടെ കര്‍ട്ടനും, സെറ്റും മറ്റ് സാധന സാമിഗ്രികളും തരാന്‍ കഴിയുമോന്നു നോക്കാം എന്നു പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു..
പക്ഷെ തീരുമാനം നീണ്ടു പോയപ്പോള്‍ തിരുവനന്തപുരത്ത് എ കെ ജി സെന്ററിലേക്കു പോയി അന്ന് പാര്‍ട്ടി സെക്രട്ടറി ആയിരുന്ന വിഎസുമായി ഞാന്‍ നേരിട്ടു സംസാരിച്ചു.. ആ നാടകം വേണ്ടന്നു വച്ചതിനോടും സമിതി പിരിച്ചു വിട്ടതിനോടും തനിക്കു യോജിപ്പില്ല എന്നാണ് അദ്ദേഹം എന്നോടു പറഞ്ഞത്..
എന്‍.ബി. ത്രിവിക്രമന്‍ പിള്ള എന്തെങ്കിലും എഴുതി വച്ചാല്‍ ഇല്ലാതാകുന്നതാണോ വി.എസ്. അദ്ദഹത്തിന്റെ ശബ്ദം കനത്തിരുന്നു...നെല്‍വയല്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയേപ്പറ്റി ഇവന്മാര്ക്കു വല്ലതും അറിയാമോ?
എന്നോട് കുറേ നേരം തന്റെ നിലപാടുകളെപ്പറ്റി അദ്ദേഹം സംസാരിച്ചു.. ഒടുവില്‍ ആലപ്പുഴ ജില്ലാ സെക്രട്ടറി സ.കെ.കെ. കുമാരനോട് പറഞ്ഞിട്ട് ഉദയകലയുടെ നാടക സാമിഗ്രികള്‍ എല്ലാം എനിക്കു തരികയും ചെയ്തു..ഞാനാ സമിതിയുടെ പേര് ആലപ്പുഴ സ്വദേശാഭിമാനി എന്നും നാടകത്തിന്റെ പേര് വിജയഗാഥ എന്നും മാറ്റി അവതരിപ്പിച്ചു.. അഞ്ചു വര്‍ഷത്തോളം ആ നാടക സമിതി ഞാന്‍ കൊണ്ടു പോയിരുന്നു..
പിന്നീട് ഞാന്‍ വി എസ്സുമായി കുറേ നേരം സംസാരിക്കുന്നത് ഏറെ വര്‍ഷങ്ങള്‍ക്കു ശേഷമാണ്..2010-ല്‍ അന്നദ്ദേഹം പാര്‍ട്ടിയോട് പൊരുതി നേടിയ മുഖ്യമന്ത്രി പദത്തില്‍ ഇരിക്കുന്നു.. ജോലി രാജിവച്ച് സിനിമയില്‍ എത്തിയ ഞാന്‍ കുറേ സിനിമകള്‍ ചെയ്ത ശേഷം സിനിമയിലെ തൊഴിലാളികള്‍ക്കായി മാക്ട ഫെഡറേഷന് എന്ന ട്രേഡ് യൂണിയന് ഉണ്ടാക്കാന്‍ മുന്‍കൈ എടുക്കുകയും,ആ നീക്കം ഇഷ്ടപ്പെടാത്ത സിനിമയിലെ താരാധിപത്യവും അതിനു കൂട്ടുനിന്ന അവസരമോഹികളായ കുറെ സംവിധായകരും നിര്‍മ്മാതാക്കളും ചേര്‍ന്ന് അവര്‍ സ്പോണ്സര് ചെയ്ത ഒരു യൂണിയന് ഉണ്ടാക്കുകയും.എന്നെ സിനിമയില്‍ നിന്ന് വിലക്കി നിര്‍ത്തുകയും ചെയ്തിരിക്കുന്ന കാലം..
മഹാനടന് തിലകനേയും എന്നെയും ഒക്കെ സിനിമ ഇന്‍ഡസ്ട്രിയില്‍ നിന്നു തന്നെ കെട്ടുകെട്ടിക്കും എന്ന ശക്തമായ നിലപാടുമായി എതിര് വിഭാഗം മുന്നോട്ടു പോകുന്ന സമയം ഈ കാര്യങ്ങള്‍ മുഖ്യ മന്ത്രിയെ അറിയിക്കണമെന്ന ആഗ്രഹവുമാണ് വി എസ്സിനെ കണ്ടത്. കാനം രാജേന്ദ്രനും കൂടെ ഉണ്ടായിരുന്നു,,,
പ്രശ്നങ്ങള്‍ കുറെയൊക്കെ നേരത്തേ വി എസ്സ് മനസ്സിലാക്കിയിരുന്നു.. എറണാകുളത്തെ ഇുാ പാര്ട്ടിക്കാര് വിനയനെതിരായ പുതിയ യൂണിയന്റെ കൂടെ ആണല്ലോ എന്ന് അദ്ദേഹം ഞങ്ങളോട് ഇങ്ങോട്ട് പറഞ്ഞു..
അതിനു പ്രധാന കാരണമായ ഒരു പ്രമുഖ നടന്റെ പേരും അദ്ദേഹം പരാമര്‍ശിച്ചു.. ഇന്ന് എം പി ആയിരിക്കുന്ന പാര്‍ട്ടിയിലെ ഒരു മീഡിയ പേഴ്സണും അക്കാര്യത്തില്‍ കൂട്ടുണ്ടായിരുന്നു എന്ന വിഷയവും അന്നു ചര്‍ച്ചയായി..
തിലകനെ പോലെ ഇത്രയും പ്രായമുള്ള ഒരു വലിയ നടന്റെ തൊഴില്‍ വിലക്ക് ശുദ്ധ തെമ്മാടിത്തമാണന്നാണ് വി എസ്സ് അന്നു പറഞ്ഞത്.. പിന്നീട് തിലകന് ചേട്ടനെ അദ്ദഹം ഫോണില്‍ വിളിക്കുകയും ചെയ്തു.. സിനിമ എന്നു പറയുന്നത് ഒരു ഷോ ബിസിനസ്സ് ആണന്നും അതിലെ ഷോമാന്‍മാരെല്ലാം വിനയന് എതിരാണല്ലോ എന്നും അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു.. സര്‍ക്കാരിന് സിനിമയിലെ ഇത്തരം രഹസ്യ തൊഴില്‍ വിലക്കിന്റെ കാര്യത്തില്‍ എന്തെങ്കിലും ചെയ്യാന്‍ തക്ക നിയമമില്ലന്നും സിനിമയെ വ്യവസായമായി പോലും അംഗീകരിച്ചിട്ടില്ലന്ന കാര്യവും വിഎസ്സ് ഓര്‍മ്മിപ്പിച്ചു..
പക്ഷേ നമ്മുടെ പ്രവര്‍ത്തികള്‍ നേരിനും ന്യായത്തിനും വേണ്ടിയാണന്ന് ഉറപ്പുണ്ടങ്കില്‍ പോരാട്ടം നിര്‍ത്തരുതെന്നും നഷ്ടവും തോല്‍വിയും വക വയ്കരുതെന്നും അദ്ദേഹം പറഞ്ഞു.. കോടതിയെ സമീപിക്കാന്‍ പറ്റുമോന്നു നോക്കാം എന്നു പറഞ്ഞാണ് അവിടുന്ന് ഞങ്ങള്‍ ഇറങ്ങിയത്..അതിനു ശേഷമാണ് കോമ്പറ്റീഷന് കമ്മീഷന് ഓഫ് ഇന്ത്യയില്‍ ഞാന്‍ പരാതി കൊടുത്തത്..
വര്‍ഷങ്ങളോളം കേസു പറഞ്ഞ ശേഷം 2017-ല്‍ എനിക്കലുകൂലമായി വിധി വന്നപ്പോള്‍ വി എസ്സ് നിറഞ്ഞ സന്തോഷത്തോടെ അഭിനന്ദിച്ചു..
എന്നും ശരിയുടെ പക്ഷത്തായിരുന്നു വി എസ്സ്.. നേരിന്റെ പക്ഷത്തും.. എന്തെല്ലാം എതിരഭിപ്രായം ഉണ്ടെങ്കിലം ഒന്നു പറയട്ടേ.. മൂന്നാറിലെ കൈയ്യേറ്റത്തില്‍ അന്ന് വി. എസ്സ് ഇടപെട്ടില്ലായിരുന്നു എങ്കില്‍ ആ മനോഹരമായ സ്ഥലം ഇന്നു കാണില്ലായിരുന്നു... കോണ്‍ക്രീറ്റ് കാടായി മാറിയേനെ, എന്നു വിശ്വസിക്കുന്നവനാണു ഞാന്‍..
അതുപോലെ തന്നെ സ്ത്രീ സുരക്ഷയില്‍ വി എസ്സ് എടുത്ത നിലപാട് എത്ര ശക്തമായിരുന്നു.. ഏതെങ്കിലും പീഠന കേസുകളില്‍ ഉള്‍പ്പെട്ടവരുമായി വേദി പോലും പങ്കിടില്ല എന്ന നിലപാടെടുക്കാന്‍ മറ്റേതു ഭരണാധികാരിക്കു കഴിയും? വി എസ്സ് എന്നും പ്രതിപക്ഷ നേതാവായിരുന്നു.. ഭരിക്കുമ്പോള്‍ സ്വന്തം പാര്‍ട്ടിക്കുള്ളില്‍ പോരാട്ടം നടത്തും.. പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഭരണകുടത്തിനെതിരെയുള്ള പോരാട്ടവും..
തോല്‍വി ഭക്ഷിച്ചു ജീവിക്കുന്നവനാണ് വി എസ് എന്ന എം.എന്‍. വിജയന് മാസ്റ്ററുടെ വാക്കുകളും ഇവിടെ ഓര്‍ത്തു പോകുകയാണ്... സ്വന്തം പാര്‍ട്ടിയിലെ വിഎസിന്റെ തോല്‍വികളെ പരാമര്‍ശിച്ചാണ് വിജയന് മാസ്റ്റര്‍ അന്നു പറഞ്ഞത്.. പക്ഷേ ആ തോല്‍വി ഒന്നും വി.എസ്. എന്ന പോരാളിയുടെ ജനകീയ പോരാട്ടങ്ങളെ ബാധിച്ചില്ല..
എല്ലാ എതിര്‍പ്പുകളെയും തൂത്തെറിഞ്ഞ ആ മുന്നേറ്റത്തിന്റെ പ്രതിഭലനമാണ് ഇന്ന് ആ മഹാ മനുഷ്യന്റെ മൃതശരീരവും വഹിച്ചു കൊണ്ടുള്ള വിലാപ യാത്രയില്‍ പങ്കെടുക്കുന്ന ജനസാഗരങ്ങള്‍..
പ്രിയ വിഎസിന് സ്നേഹാഞ്ജലികള്‍