നടൻ ദർശന് ജാമ്യം: കർണാടക ഹൈക്കോടതിക്കു രൂക്ഷ വിമർശനം
Friday, July 25, 2025 9:12 AM IST
രേണുകാസ്വാമി വധക്കേസിൽ പ്രതിയായ കന്നഡ സിനിമാതാരം ദർശന് ജാമ്യം അനുവദിച്ചതിൽ കർണാടക ഹൈക്കോടതിക്കു സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം.
ദർശനുൾപ്പെടെയുള്ള പ്രതികൾക്കു ജാമ്യം അനുവദിച്ച ഹൈക്കോടതി നടപടിയെ ജുഡീഷൽ അധികാരത്തിന്റെ വികലമായ പ്രയോഗമെന്നാണു പരമോന്നത കോടതി വിശേഷിപ്പിച്ചത്. ജാമ്യാപേക്ഷയെ ഹൈക്കോടതി കൈകാര്യം ചെയ്ത രീതി പരിഗണിക്കുന്പോൾ അടിസ്ഥാനപരമായി പ്രതികളെ വെറുതെ വിടുകയായിരുന്നുവല്ലേയെന്നു മേൽക്കോടതി ചോദിച്ചു.
സെഷൻസ് കോടതി ഇത്തരം തെറ്റുകൾ വരുത്തുന്നത് മനസിലാക്കാമെന്നും എന്നാൽ ഒരു ഹൈക്കോടതി ജഡ്ജി എങ്ങനെയാണ് ഇത്തരം തെറ്റുകൾ വരുത്തുന്നതെന്നും കോടതി കൂട്ടിച്ചേർത്തു. കർണാടക ഹൈക്കോടതി അനുവദിച്ച ജാമ്യത്തിനെതിരേ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നൽകിയ അപ്പീലിലാണു ജസ്റ്റീസുമാരായ ജെ.ബി. പർദീവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ പരാമർശങ്ങൾ. ജാമ്യം റദ്ദാക്കണമെന്നുള്ള സർക്കാരിന്റെ ഹർജി മേൽക്കോടതി വിധി പറയാൻ മാറ്റിവച്ചു.
ദർശന്റെ പെണ്‍സുഹൃത്തായ പവിത്ര ഗൗഡയ്ക്കു അശ്ലീല സന്ദേശങ്ങൾ അയച്ചതിന് തന്റെ ആരാധകനായ രേണുകസ്വാമിയെ കഴിഞ്ഞ ജൂണിൽ കൊലപ്പെടുത്തിയതിനാണ് ദർശനും കൂട്ടാളികൾക്കുമെതിരേ കൊലപാതകമടക്കമുള്ള കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്. ഡിസംബറിലാണ് കേസിൽ ദർശനടക്കമുള്ള പ്രതികൾക്കു കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്.