ദുശീലങ്ങൾ ഒന്നും ഇല്ലാതിരുന്ന ആൾ; നവാസിനെ ഓർത്ത് ഷാജോൺ
Saturday, August 2, 2025 11:20 AM IST
കലാഭവൻ നവാസിനെ അനുസ്മരിച്ച് കലാഭവൻ ഷാജോൺ. നവാസിനു പകരക്കാരനായി കലാഭവനിൽ വന്ന് ജീവിതം ആരംഭിച്ച ആളായിരുന്നു താനെന്നും ആരോഗ്യം നന്നായി നോക്കുകയും ദുശ്ശീലങ്ങളൊന്നും ഇല്ലാത്ത ഒരാളായിരുന്നു നവാസെന്നും ഷാജോൺ ഓർത്തെടുക്കുന്നു.
‘‘നവാസിനു പകരക്കാരനായി കലാഭവനില്‍ വന്നയാളാണ് ഞാൻ. ‘മാട്ടുപ്പെട്ടി മച്ചാൻ’ പോലുളള സിനിമകളിലൂടെ നവാസ് തിരക്കായപ്പോൾ അദ്ദേഹത്തിനു പകരക്കാരനായാണ് എന്നെ കലാഭവനിലേക്കു വിളിക്കുന്നത്. അതിനുശേഷം കലാഭവനിൽ വന്നപ്പോൾ നവാസിനൊപ്പം ഷോ ചെയ്തിരുന്നു. പിന്നീട് അതൊരു സൗഹൃദമായി.
ഞങ്ങൾക്കൊരു ഗ്രൂപ്പ് ഒക്കെ ഉണ്ട്. കോട്ടയം നസീർ ഇക്കയൊക്കെ ഉള്ള ഗ്രൂപ്പ് ആണ്. അതിൽ നിറയെ തമാശ പറച്ചിലൊക്കെയായിരുന്നു. രസകരമായ ഒരാളായിരുന്നു നവാസ്.
ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല. അതേപോലെ തന്നെ ആരോഗ്യം നോക്കുകയും ദുശ്ശീലങ്ങളൊന്നും ഇല്ലാത്ത ഒരാൾ. നല്ലൊരു സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തിത്വം.’’കലാഭവൻ നവാസ് പറഞ്ഞു.