അതിഭീകര വയലന്‍സ് കുഞ്ഞുങ്ങളുടെ മനോഘടന വികലമാക്കുമെന്ന് മുഖ്യമന്ത്രി; കേരള ഫിലിം പോളിസി കോണ്‍ക്ലേവിന് തുടക്കം
Saturday, August 2, 2025 1:16 PM IST
കേരള ഫിലിം പോളിസി കോണ്‍ക്ലേവിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. കേരള നിയമസഭാ സമുച്ചയത്തിലെ ആര്. ശങ്കരനാരായണന് തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ നടന്ന സമ്മേളനത്തില്‍ മോഹന്‍ലാലും സുഹാസിനി മണിരത്നവും മുഖ്യാതിഥികളായി.
വര്‍ഗീയ വിദ്വേഷം വളര്‍ത്താനുള്ള ഉപധിയായി മാത്രമേ ദേശീയ പുരസ്കാരത്തെ കാണാന്‍ സാധിക്കു എന്നും അതിഭീകര വയലന്‍സിന്റെ ദൃശ്യങ്ങള്‍ കുഞ്ഞുങ്ങളുടെ മനോഘടന വികലമാക്കുമെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
"കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ അപമാനിക്കുന്നതും, കേരളത്തെ ലോകസമക്ഷം അപകീര്‍ത്തിപ്പെടുത്തി അവതരിപ്പിക്കുന്നതുമായ ഒരു ചലച്ചിത്രമാണ് അംഗീകരിക്കപ്പെട്ടത്. ഇത് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണ്.
ഏതെങ്കിലും തരത്തില്‍ കലയ്ക്കുള്ള അംഗീകാരമായി അതിനെ കണക്കാക്കാനാവില്ല. മറിച്ച് വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്നതിനുള്ള ഉപാധിയായി ചലച്ചിത്രങ്ങളെ ദുരുപയോഗിക്കുന്ന സാംസ്കാരിക ദുഷിപ്പിനുള്ള അംഗീകാരമായി മാത്രമേ അതിനെ കാണാന്‍ കഴിയൂ.
ഇന്ത്യന്‍ സിനിമയുടെ മഹത്തായ സാംസ്കാരിക പൈതൃകം കൂടിയാണ് ഇതിലൂടെ അപമാനിക്കപ്പെടുന്നത്. കലയെ വിലയിരുത്തുന്നതിന് കലയ്ക്ക് അപ്പുറമുള്ള മാനദണ്ഡങ്ങള്‍ ഉപയോഗിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്ന് നാം ചിന്തിക്കേണ്ടതാണ്. നമ്മുടെ രാജ്യത്തിന്റെ മതനിരപേക്ഷതയെ തകര്‍ത്ത്, അതിനെ വര്‍ഗീയത കൊണ്ട് പകരം വയ്ക്കുന്നതിന് വേണ്ടി കലയെ ഉപയോഗിക്കണം എന്നുള്ള സന്ദേശമാണ് ഇതിന് പിന്നിലുള്ളത്.
കേരളത്തിലെ സാംസ്കാരിക സമൂഹം വിശേഷിച്ച് ചലച്ചിത്ര സമൂഹം ദുരുപദിഷ്ടമായ ഈ നീക്കത്തിനെതിരെ ഒറ്റക്കെട്ടായി നില്‍ക്കണം. കേരളത്തെ ഇത്തരത്തില്‍ വികലമായി ചിത്രീകരിക്കുന്നതിനെതിരെ കേരളത്തിന്റെ ചലച്ചിത്രപൊതുബോധം ഒന്നാകെ ഉണരണം.
നമ്മുടെ സംസ്കാരത്തെയും പൈതൃകത്തെയും ചരിത്രത്തെയും വിധ്വംസകമായി അവതരിപ്പിക്കുന്നതിന് അറുതി വരുത്തേണ്ടതുണ്ട്. മലയാള സിനിമ മഹത്വമാര്‍ജിച്ചത് അത് മണ്ണിനോടും മനസിനോടും മാനവികതയോടും മതനിരപേക്ഷ ജീവിതക്രമത്തോടും ചേര്‍ന്നുനിന്നതുകൊണ്ടാണ്. ആ അടിത്തറയ്ക്കു നേര്‍ക്കാണ് ആക്രണമുണ്ടാവുന്നത്.
ദേശീയ അവാര്‍ഡിന് അര്‍ഹമായ ഈ ചിത്രം വ്യാജ നിര്‍മിതികള്‍ കൊണ്ട് കേരളത്തെ മോശമായി ചിത്രീകരിക്കുകയാണ് ചെയ്യുന്നത്. ലോകമാകെ അറിയപ്പെടുന്ന കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യം ഓരോ ഘട്ടത്തിലും കൂടുതല്‍ കൂടുതല്‍ തെളിഞ്ഞു വരുന്ന കാഴ്ചയാണ് നാം ഇപ്പോള്‍ കാണുന്നത്.
അങ്ങനെയൊരു ഘട്ടത്തിലാണ് അതിനെ വക്രീകരിച്ച് അവതരിപ്പിക്കുകയും പരസ്പരസ്പര്‍ദ്ധ വളര്‍ത്താനായി ഉപയോഗിക്കുകയും ചെയ്യുന്നത്. ഇത്തരം പ്രവണതകള്‍ തീര്‍ച്ചയായും ചലച്ചിത്ര ഇടങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടണമെന്നും' മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ നിന്നുള്ള ശ്രേഷ്ഠരായ ചില കലാകാരന്മാരും കലാകാരികളും ദേശീയ അവാര്‍ഡുകളിലൂടെ അംഗീകരിക്കപ്പെട്ടു എന്നത് സന്തോഷം നല്കുന്ന കാര്യമാണ്. അവരെ അഭിനന്ദിക്കാനും ഈ അവസരം വിനിയോഗിക്കട്ടെ. അതോടൊപ്പം കേരള ചലച്ചിത്ര രംഗത്തിന് അര്‍ഹമായ തോതിലുള്ള അംഗീകാരം ലഭിച്ചില്ല എന്നതും പരിശോധിക്കപ്പെടേണ്ടതാണ്.
എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്നതും ഈ കോണ്‍ക്ലേവില്‍ ചര്‍ച്ച ചെയ്യപ്പെടണം. ചലച്ചിത്ര രംഗത്തു ധാരാളം സംഘടനകള്‍ ഇപ്പോഴുണ്ട്. സ്വാഭാവികമായും നേതൃതല മത്സരങ്ങളുമുണ്ടാവും. ഈ ഇന്‍ഡസ്ട്രി നിലനിന്നാലേ തങ്ങള്‍ ഉള്ളു എന്ന ബോധത്തോടെ ഈഗോ മാറ്റിവെച്ച് പ്രശ്നങ്ങളുടെ പരിഹാരത്തിനായി എല്ലാവരും പ്രവര്‍ത്തിക്കണം.
സിനിമകളില്‍ ഒരു നിയന്ത്രണവുമില്ലാത്ത നിലയില്‍ വയലന്‍സ് കടന്നുവരുന്നതായി കരുതുന്നവരുണ്ട്. പ്രതീകാത്മകമായി അവതരിപ്പിക്കുമ്പോഴാണ് എന്തും കലാത്മകമാവുക. ഇക്കാര്യം ചലച്ചിത്ര സംവിധായകര്‍ ഓര്‍മവയ്ക്കണം. അതിഭീകര വയലന്‍സിന്റെ ദൃശ്യങ്ങള്‍ കുഞ്ഞുങ്ങളുടെ മനോഘടനയെപ്പോലും വികലമാക്കും. മയക്കുമരുന്നിനെയും രാസലഹരിയെയും മഹത്വവത്ക്കരിക്കുന്ന ചിത്രങ്ങള്‍ കൂടുതലായി ഉണ്ടാവുന്നതായി കരുതുന്നവരുമുണ്ട്. ഇതും ശ്രദ്ധിക്കണം.
മയക്കുമരുന്നുപയോഗം പ്രചരിപ്പിക്കുന്നതിനു തുല്യമായ കുറ്റകൃത്യമാണ് അതിനെ മഹത്വവത്ക്കരിച്ച് അവതരിപ്പിക്കുന്നതും. ചലച്ചിത്രങ്ങളുടെ ഇതിവൃത്തങ്ങളില്‍ നിന്നു മാത്രമല്ല, ചലച്ചിത്ര രംഗത്തു നിന്നാകെത്തന്നെ മയക്കുമരുന്നുപയോഗം തുടച്ചു നീക്കണം. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ദൃഢചിത്തതയോടെ ഇടപെടുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും ഷാജി എന്‍. കരുണിനും കലാഭവന്‍ നവാസിനും ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടാണ് ഉദ്ഘാടനസമ്മേളനം ആരംഭിച്ചത്. ഷാജി എന്‍. കരുണിന്റെ സ്മരണാര്‍ഥം വീഡിയോ പ്രദര്‍ശനവും നടന്നു. കലാഭവന്‍ നവാസിന്റെ മരണത്തില്‍ അനുശോചിച്ച് കോണ്‍ക്ലേവിലെ ശനിയാഴ്ചത്തെ കലാപരിപാടികള്‍ ഒഴിവാക്കി.
രാജ്യാന്തര സിനിമാ പ്രൊഫെഷണലുകള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഓസ്കാര്‍ അവാര്‍ഡ് ജേതാവ് ഡോ. റസൂല്‍ പൂക്കുട്ടി, സംവിധായകന് വെട്രിമാരന്, ഐഎഫ്എഫ്കെ ഫെസ്റ്റിവല്‍ ക്യുറേറ്റര്‍ ഗോള്‍ഡ സെല്ലം, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, കെഎസ്എഫ്ഡിസി മാനേജിംഗ് ഡയറക്ടര്‍ പി.എസ്. പ്രിയദര്ശനന്, നടിമാരായ പത്മപ്രിയ ജാനകിരാമന്‍, നിഖില വിമല്‍, നിര്‍മാതാവ് സന്തോഷ് ടി. കുരുവിള തുടങ്ങിയവര്‍ പങ്കെടുത്തു.