‘ഇന്നലെ ഉച്ചയ്ക്ക് അവന്റെ വിളിയെത്തി; രാത്രി അറിയുന്നത് മരിച്ചെന്ന്'
സീമ മോഹന്‍ലാല്‍
Saturday, August 2, 2025 2:45 PM IST
"ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് അപ്രതീക്ഷിതമായി നവാസിന്റെ ഫോണ്‍കോളെത്തി. ഞാന്‍ പുത്തന്‍കുരിശില്‍ ജീത്തു ജോസഫിന്റെ സെറ്റിലായിരുന്നു. 15 മിനിറ്റോളം ഞങ്ങള്‍ സംസാരിച്ചു. ചോറ്റാനിക്കരയിലുണ്ടെന്നും നവാസിന്റെ പുതിയ സിനിമയുടെ വിശേഷങ്ങളുമൊക്കെ പറഞ്ഞു. അവന് വളരെയധികം സന്തോഷത്തിലാണ് സംസാരിച്ചത്.
ഞങ്ങളുടെ പഴയ മിമിക്രക്കാലത്തെക്കുറിച്ചൊക്കെ വാതോരെ സംസാരിച്ചു. ഞാനും നവാസും കോട്ടയം നസീറും ഒരുമിച്ചു മിമിക്രി ചെയ്തിരുന്ന ആ കാലത്തെക്കുറിച്ചൊക്കെ നവാസ് സന്തോഷത്തോടെയാണ് പറഞ്ഞത്. ഇതിനിടയ്ക്ക് എന്റെ ഷൂട്ട് തുടങ്ങാന്‍ സമയമായപ്പോള്‍ നമുക്ക് ഉടനെ കാണാമെന്നു പറഞ്ഞാണ് ഫോണ്‍ വച്ചത്. രാത്രിയോടെ അവന്റെ മരണവിവരമാണ് എത്തിയത്.
എനിക്ക് ഇതുവരെ അത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. ഇന്ന് പുലര്‍ച്ചെ രണ്ടുവരെ ആശുപത്രി മോര്‍ച്ചറിക്ക് മുന്നില്‍ തന്നെയുണ്ടായിരുന്നു- നടന് ഷാജു ശ്രീധര്‍ ഇതു പറയുമ്പോള്‍ വാക്കുകള്‍ പൂര്‍ത്തിയാക്കാനാവാതെ വിതുമ്പി.
നവാസ് കലാഭവനില്‍ നിന്നും ഷാജു ശ്രീധര്‍ കൊച്ചിന് ഹൈനസില്‍ നിന്നുമാണ് മിമിക്രി രംഗത്തേക്ക് എത്തിയതെങ്കിലും 1994 മുതലുള്ള സൗഹൃദമാണ് ഇരുവരുടേയും. 1995 ല്‍ മിമിക്സ് ആക്ഷന്‍ 500 എന്ന ചിത്രത്തിലായിരുന്നും ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. അതിനുശേഷം കോട്ടയം നസീറിനൊപ്പം കേരളത്തിലങ്ങോളമിങ്ങോളം ഇവര്‍ മിമിക്രി അവതരിപ്പിച്ച് കൈയടി നേടി. വിദേശത്തും കലാപരിപാടികള്‍ അവതരിപ്പിച്ചു.
‘ഇക്കഴിഞ്ഞ ജൂണ്‍ 22 ന് കൊച്ചിയില്‍ നടന്ന ‘അമ്മ' ജനറല്‍ബോഡി മീറ്റിംഗിലാണ് ഞങ്ങൾ ഇരുവരും അവസാനമായി കണ്ടത്. അന്ന് ഒത്തിരിനേരം സംസാരിച്ചു. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ച് തമാശയൊക്കെ പറഞ്ഞാണ് പിരിഞ്ഞത്. ഞങ്ങള്‍ക്കിടയില്‍ തമാശകള്‍ മാത്രമാണ് എന്നും ഉണ്ടായിരുന്നത്.
എന്നെക്കാള്‍ ഒരു വയസിനു മൂത്തയാളാണ് നവാസെങ്കിലും ഞങ്ങള്‍ എന്നും ഒരേ വൈബിലായിരുന്നു. 21 വര്‍ഷം മുമ്പ് ഞങ്ങള്‍ ഇരുവരും വിവാഹതരായതും ഒരു ഒക്ടോബര്‍ 27 നു തന്നെയായിരുന്നു. എന്റെ ഭാര്യ ചാന്ദ്നിയും നവാസിന്റെ ഭാര്യ രഹ്നയും അടുത്ത സുഹൃത്തുക്കളുമാണ്. ഇരു കുടുംബങ്ങളും ഇടയ്ക്ക് ഒത്തുചേരാറുമുണ്ട്'- പ്രിയ സുഹൃത്തിനന്റെ ഓര്‍മകള്‍ ഷാജു നൊമ്പരത്തോടെ പങ്കുവച്ചു.
‘നവാസ് ഇനിയില്ലെന്ന് എനിക്ക് ഇതുവരെ വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരു അസുഖവുമില്ലാതെ ആരോഗ്യവാനായിരുന്ന ആള് പെട്ടെന്ന് കണ്മുന്നില് നിന്നു മറയുമ്പോള്‍... മണിക്കൂറുകള്‍ക്ക് മുമ്പ് വരെ സംസാരിച്ച ആള് പെട്ടെന്ന് പോയെന്ന് അറിയുമ്പോള്‍... അത് ഉള്‍ക്കൊള്ളാന്‍ എനിക്ക് ഇനി ഏറെക്കാലമെടുക്കും...' വാക്കുകള്‍ ഇടറിക്കൊണ്ട് ഷാജു ശ്രീധര്‍ പറഞ്ഞു നിര്‍ത്തി.