അന്ന് ആരാധനയോടെ ഞങ്ങളെല്ലാവരും നോക്കിയിരുന്ന ആൾ; ഷാനവാസിനെ അനുസ്മരിച്ച് മുകേഷ്
Tuesday, August 5, 2025 9:29 AM IST
ചലച്ചിത്ര ലോകത്തേക്ക് പ്രവേശിക്കുന്ന കാലഘട്ടത്തിൽ താനുൾപ്പടെയുള്ള കലാകാരന്മാർ ആരാധനയോടും അദ്ഭുതത്തോടും നോക്കിക്കണ്ട ഒരാളായിരുന്നു ഷാനവാസ് എന്ന് നടനും എംഎൽഎയുമായ മുകേഷ്.
അസുഖബാധിതനായി കിടക്കുമ്പോൾ അദ്ദേഹത്തിനൊപ്പമെടുത്ത ചിത്രം പങ്കുവച്ചായിരുന്നു മുകേഷിന്റെ അനുശോചന കുറിപ്പ്.
‘‘ആദരാഞ്ജലികൾ... ചലച്ചിത്ര ലോകത്തേക്ക് പ്രവേശിക്കുന്ന കാലഘട്ടത്തിൽ ഞാൻ ഉൾപ്പെടെയുള്ള കലാകാരന്മാർ ആരാധനയോടും അത്ഭുതത്തോടും നോക്കിക്കണ്ട ഒരാളായിരുന്നു ഷാനവാസ്.. അന്ന് ചെന്നൈയിൽ വച്ച് അദ്ദേഹത്തെ കാണുമ്പോഴൊക്കെ ഞങ്ങൾക്ക് വലിയ അഭിമാനമായിരുന്നു. കാരണം മലയാളത്തിന്റെ മഹാനായ കലാകാരൻ പ്രേം നസീറിന്റെ മകനാണ് അദ്ദേഹം.
അസുഖബാധിതനായി കിടക്കുന്നത് അറിഞ്ഞ് അടുത്തകാലത്ത് അദ്ദേഹത്തെ കാണാൻ ചെന്നപ്പോഴും ഞാൻ ഉടനെ സിനിമ ലോകത്തേക്ക് മടങ്ങിവരുമെന്ന് വളരെ ആത്മവിശ്വാസത്തോടെ പറയുകയുണ്ടായി. അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ വിയോഗത്തിൽ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.’’മുകേഷ് കുറിച്ചു.
വൃക്ക–ഹൃദയ സംബന്ധമായ രോഗങ്ങൾക്കു ചികിത്സയിലായിരുന്നു ഷാനവാസ്. തിങ്കളാഴ്ച രാത്രിയോടെ രോഗം വഷളായതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.