അച്ഛന്റെ സുഹൃത്തുക്കളുമായി ബന്ധം വെയ്ക്കാറില്ല, അവർ പാര മാത്രമേ വച്ചിട്ടുള്ളൂ: ധ്യാൻ
Thursday, August 21, 2025 9:48 AM IST
അച്ഛന്റെ സുഹൃത്തുക്കൾ തനിക്ക് പാരയാകാറുണ്ടെന്ന് നടൻ ധ്യാൻ ശ്രീനിവാസൻ. അച്ഛൻ സുഹൃത്തുക്കളുമായി ബന്ധം പുലർത്താറില്ലെന്നും സിനിമയിലെ തന്റെ പ്രകടനം മോശമാണെങ്കിൽ വീട്ടിലേക്ക് വിളി പോകുമെന്നതാണ് ഇതിനു കാരണമെന്നും ധ്യാൻ പറയുന്നു.
ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഭീഷ്മറിന്റെ സെറ്റിൽ സംസാരിക്കുകയായിരുന്നു താരം.
‘‘അൻസാജ് നമ്മുടെ ഒരു സുഹൃത്താണ്. അൻസാജ് കുറെ വർഷങ്ങൾക്ക് മുന്നേ എന്നോട് ഒരു കഥയെകുറിച്ച് പറയുഞ്ഞു. അന്ന് കേട്ടപ്പോൾ തന്നെ ഒരു താല്പര്യം തോന്നിയിരുന്നു. പിന്നീട് അങ്കിൾ (ഈസ്റ്റ് കോസ്റ്റ് വിജയൻ) അത് റീവർക്ക് ചെയ്ത് അതിനെ ഭംഗിയാക്കി മാറ്റി.
കുറച്ചു കാലങ്ങൾക്ക് ശേഷമാണ് അങ്കിളിനെ കാണുന്നത്. പണ്ട് ചെറുപ്പത്തിൽ കണ്ടതാണ്. അച്ഛന്റെ സുഹൃത്താണ് അങ്കിൾ. അച്ഛന്റെ സുഹൃത്തുക്കളുമായിട്ടുള്ള ബന്ധം നമ്മൾ അധികം വളർത്താറില്ല. അച്ഛന്റെ സുഹൃത്തുക്കളൊക്കെ നമുക്ക് ഇന്നേവരെ ജീവിതത്തിൽ പാര മാത്രമേ വച്ചിട്ടുള്ളൂ. ധ്യാൻ പറഞ്ഞത് കൂടി നിന്നവരിലെല്ലാം ചിരി പടർത്തി.
റൊമാന്റിക്-ഫൺ-ഫാമിലി എന്റർടെയ്നറായാണ് ഭീഷ്മർ ഒരുങ്ങുന്നത്. ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണിക്കൃഷ്ണനുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദിവ്യ പിള്ളയും രണ്ട് പുതുമുഖങ്ങളും നായികമാരായി എത്തുന്നു.