കുറച്ചു നിയന്ത്രണങ്ങൾ കാണും, ആദ്യം പോകുക ഡബ്ബിംഗ് പൂർത്തിയാക്കാൻ; മമ്മൂട്ടിയുടെ തിരിച്ചുവരവിനെക്കുറിച്ച് മോഹൻലാൽ
Thursday, August 21, 2025 12:55 PM IST
അസുഖം ഭേദമായ മമ്മൂട്ടി അടുത്ത മാസം തന്നെ സിനിമയിലേയ്ക്ക് തിരിച്ചുവരുമെന്നും ആദ്യം ചെയ്യുന്നത് ഡബ്ബിംഗ് ആയിരിക്കുമെന്നും മോഹൻലാൽ. അസുഖത്തിൽ നിന്നും തിരിച്ചുവരുന്നതിനാൽ കുറച്ച് നിയന്ത്രണങ്ങളുണ്ടാകുമെന്നും ഒരുപാട് പേരുടെ പ്രാർഥനയുടെ ഫലമാണ് പൂർണമായ രോഗസൗഖ്യമെന്നും മോഹൻലാൽ പറഞ്ഞു.
‘‘ഞാൻ ശബരിമലയിൽ പോയി അദ്ദേഹത്തിനായി പ്രാർഥിച്ചിരുന്നു. അല്ലാതെയും പ്രാർഥിക്കുന്നുണ്ട്. അദ്ദേഹത്തിനായി എത്രയോ ആളുകൾ പ്രാർഥിക്കുന്നു, ആ പ്രാർത്ഥന തന്നെയാണ് അദ്ദേഹത്തിന് കുഴപ്പങ്ങളൊന്നുമില്ലാതെ ശാരീരിക അസ്വസ്ഥതകളൊന്നുമില്ലാതെ തിരിച്ചുവരാൻ സഹായിച്ചത്. അതിന് ഞാൻ ഈശ്വരനോട് വളരെയധികം നന്ദി പറയുന്നു.
ഞങ്ങൾ ഒരുമിച്ച് അഭിനയിക്കുന്ന ‘പാട്രിയറ്റ്’ എന്ന ഒരു സിനിമ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹം ചികിത്സയ്ക്കായി പോയത്. അടുത്ത മാസം തന്നെ അദ്ദേഹം അഭിനയത്തിലേക്ക് തിരിച്ചുവരും എന്നാണ് ഞാൻ സംസാരിച്ചതില്‍ നിന്നും മനസ്സിലായത്. ആദ്യം അദ്ദേഹം സിനിമകളുടെ ഡബ്ബിംഗിലേക്കാണ് പോകുന്നത്. ഒരു സുഖക്കേടിൽ നിന്ന് വരുന്നതല്ലേ അപ്പൊ അതിന്റേതായ കുറച്ചു നിയന്ത്രണങ്ങളൊക്കെ ഉണ്ടാകും.
എന്തായാലും കുഴപ്പങ്ങളൊന്നും ഇല്ലാതെ അദ്ദേഹം തിരിച്ചുവരുന്നതിൽ എല്ലാവർക്കും സന്തോഷമാണ്. ഞാൻ പുറത്തു പോകുമ്പോഴൊക്കെ എല്ലാവരും ആദ്യം ചോദിക്കുന്നത് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചാണ്. ഒരുപാടുപേരുടെ പ്രാർഥനകൊണ്ട് അദ്ദേഹം സുഖമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.’’ മോഹൻലാൽ പറഞ്ഞു.