ഞാൻ ഒരു നടിയാണെന്ന് എല്ലാവരും മറന്നുപോയി; റിമ കല്ലിങ്കൽ പറയുന്നു
Sunday, August 24, 2025 10:54 AM IST
താരസംഘടന അമ്മയിൽ വനിതാ നേതൃത്വം വന്നതിൽ സന്തോഷമുണ്ടെന്ന് നടി റിമ കല്ലിങ്കൽ. സംഘടനയിൽ ഒരുപാട് നല്ല കാര്യങ്ങൾ ഒക്കെ നടക്കുന്നുവെന്നും അതിൽ സന്തോഷമുണ്ടെന്നും താരം പ്രതികരിച്ചു.
അതേസമയം, താന്‍ ഒരു നടിയാണെന്ന കാര്യം എല്ലാവരും മറന്നുപോയെന്ന അവസ്ഥയിലാണ് തന്റെജീവിതമെന്ന് റിമ പറഞ്ഞു. 'അമ്മ'യിലേക്ക് തിരിച്ചുവരുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം.
ഞാന്‍ ഒരു ആര്‍ട്ടിസ്റ്റാണ് ആദ്യം. അത് എല്ലാവരും മറന്നുപോയി. ജീവിതത്തില്‍ ആ പോയിന്റിലാണ് ഞാന്‍ നില്‍ക്കുന്നത്'-റിമ പറഞ്ഞു.
അതേസമയം, ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനം മോഹൻലാൽ രാജിവെച്ചത് വലിയ ഞെട്ടലുണ്ടാക്കിയെന്ന് പുതിയ പ്രസിഡന്റ് ശ്വേതാ മേനോൻ പറഞ്ഞു.
അദ്ദേഹം ഒറ്റപ്പെട്ട് പോയതുകൊണ്ടാവാം രാജിവെച്ചത് എന്നാണ് ശ്വേത മേനോൻ പറയുന്നത്. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ശ്വേതയുടെ പ്രതികരണം.
ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്ന സമയം എല്ലാവരിലും ഞെട്ടലുണ്ടാക്കിയ സമയമായിരുന്നു. ലാലേട്ടൻ സ്ഥാനമൊഴിഞ്ഞപ്പോൾ അത് കൂടുതൽ ഞെട്ടലുണ്ടാക്കി. അത് അദ്ദേഹത്തെ സംബന്ധിച്ച് ഒരു വലിയ തീരുമാനമായിരുന്നിരിക്കണം. പ്രത്യക്ഷത്തിലല്ലെങ്കിലും അദ്ദേഹം ഒറ്റപ്പെട്ടുപോയതായി എനിക്ക് ഉറപ്പുണ്ട്. ശ്വേത പറഞ്ഞു.
അദ്ദേഹം എളുപ്പത്തിൽ തോൽവി സമ്മതിക്കുന്ന ആളല്ല. ആ സമയത്ത് ഞാൻ ആ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഇല്ലായിരുന്നെങ്കിലും, അങ്ങനെ സ്ഥാനമൊഴിയുന്നത് അദ്ദേഹത്തിന്റെ സ്വഭാവത്തിന് ചേർന്നതായി തോന്നിയില്ല. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഞാൻ ആറ് വർഷം പ്രവർത്തിച്ചിട്ടുണ്ട്.'ശ്വേത പറഞ്ഞു