മെലിയാൻ കാരണം ഗുരുതരമായ രോഗങ്ങളോ? പരിഹാസങ്ങൾക്ക് മറുപടിയുമായി രാജേന്ദ്രനും ഭാര്യ സന്ധ്യയും
Monday, August 25, 2025 11:12 AM IST
മെലിഞ്ഞുപോയതിന്റെ പേരിൽ ഉയരുന്ന പരിഹാസ കമന്റുകളിൽ മറുപടിയുമായി നടൻ ഇ.എ. രാജേന്ദ്രനും ഭാര്യ സന്ധ്യയും.
ഷുഗർ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡോക്ടറിന്റെ നിര്‍ദേശ പ്രകാരമാണ് ശരീരഭാരം കുറച്ചതെന്നും സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന ഊഹാപോഹങ്ങളിൽ യാതൊരു അടിസ്ഥാനവുമില്ലെന്നും ഇരുവരും മെയിൻസ്ട്രീം വൺ എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.
‘‘ഷുഗര്‍ നിയന്ത്രിക്കാന്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം തടി കുറച്ചതാണ്. പിന്നെ പ്രായവും കൂടിവരികയല്ലേ. എന്റെ മകൻ ഇപ്പോൾ സിനിമയിൽ അഭിനയിക്കുന്നുണ്ട്. ഞങ്ങൾക്കൊരു നിർമാണക്കമ്പനി ഉണ്ട്. സൗത്ത് ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ സീരിയല്‍ പ്രൊഡ്യൂസ് ചെയ്യുന്ന പ്രൊഡ്യൂസറാണ് ഞാന്‍. എനിക്കെന്തിനാണ് ‘അമ്മ’യിൽ നിന്നു പെൻഷന്.
പിന്നെ നടൻ ദേവൻ എന്റെ ബന്ധുവാണ്. അദ്ദേഹത്തിനു വോട്ട് ചെയ്യാൻ വേണ്ടിയാണ് അന്ന് ‘അമ്മ’യിൽ വന്നതു തന്നെ. ഇപ്പോൾ വന്ന ഭാരവാഹികളെല്ലാം അതിനു യോജ്യമായവർ തന്നെയാണ്. അവർ സംഘടനയെ നന്നായി തന്നെ കൊണ്ടുപോകും.
സിനിമയും കാലഘട്ടവുമൊക്കെ മാറി. മാസ്റ്റർ സംവിധായകരുടെ കൂടെയാണ് ഞാൻ കൂടുതലും പ്രവർത്തിച്ചത്. ജയരാജിന്റെ പെരുങ്കളിയാട്ടം എന്നൊരു സിനിമ ഉടൻ റിലീസിനൊരുങ്ങുന്നുണ്ട്.’’രാജേന്ദ്രൻ പറഞ്ഞു.