ഇതാ ഞങ്ങളുടെ കുഞ്ഞു പ്രപഞ്ചം; അമ്മയാകാനൊരുങ്ങി പരിണീതി ചോപ്ര
Tuesday, August 26, 2025 8:34 AM IST
അമ്മയാകാൻ ഒരുങ്ങുന്ന സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ച് നടി പരിണിതീ ചോപ്ര. ഞങ്ങളുടെ കുഞ്ഞു പ്രപഞ്ചം... ഇതാ വരുന്നു എന്നാണ് ഭർത്താവ് രാഘവ് ഛദ്ദയെ ടാഗ് ചെയ്ത് പരിണിതീ കുറിച്ചത്.
ഇൻസ്റ്റഗ്രാമിലൂടെയാണ് താരം കുഞ്ഞു പിറക്കാൻ പോകുന്ന വിശേഷം അറിയിച്ചത്. പരിണീതി ചോപ്രയുടെ ഭർത്താവ് രാഘവ് ഛദ്ദ ആം ആദ്മി പാർട്ടി (എഎപി) നേതാവും രാജ്യസഭാ എംപിയുമാണ്.
വെള്ളി തളികയിൽ മനോഹരമായി അലങ്കരിച്ച കേക്കിന്റെ ചിത്രമാണ് ഇരുവരും പങ്കുവച്ചത്. കേക്കിൽ ‘1 + 1 = 3’ എന്ന് എഴുതിയിട്ടുണ്ട്. ഇതിനടുത്തായി സ്വർണ നിറത്തിൽ കുഞ്ഞു കാൽപാദങ്ങളുടെ ചിത്രവുമുണ്ട്.
പരിണീതിയും രാഘവും കൈകോർത്ത് നടന്നുപോകുന്ന വീഡിയോയും ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്. ‘ഞങ്ങളുടെ കുഞ്ഞു പ്രപഞ്ചം... ഇതാ വരുന്നു. അളവറ്റ തരത്തിൽ അനുഗ്രഹീതരായിരിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
2023 സെപ്റ്റംബർ 24 നാണ് പരിണീതി ചോപ്രയും രാഘവ് ഛദ്ദയും വിവാഹിതരായത്. രാജസ്ഥാനിലെ ഉദയ്പൂരിലെ ലീല പാലസ് ഹോട്ടലിൽ വച്ചായിരുന്നു ചടങ്ങുകൾ. സിനിമാ താരങ്ങളും രാഷ്ട്രീയക്കാരും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമടക്കം വലിയ ആഘോഷമായായിരുന്നു വിവാഹം.