എടോ അങ്ങനെയല്ലടോ, "മൂക്കില്ലാ രാജ്യത്തെ' പൊട്ടിച്ചിരിപ്പിച്ച രംഗം റീക്രിയേറ്റ് ചെയ്ത് ഫഹദും കല്യാണിയും
Tuesday, August 26, 2025 9:13 AM IST
‘മൂക്കില്ലാ രാജ്യത്ത്’ എന്ന സിനിമയിലെ ഏറ്റവും പ്രശസ്തമായ കോമഡി രംഗം പുനരവതരിപ്പിച്ച്
ഓടും കുതിര ചാടും കുതിര ടീം. ചിത്രത്തിലെ നർമത്തിലൊന്നായ അഭിനയ പരിശീലനത്തിന്റെ രംഗമാണ് ഇവർ റി-ക്രിയേറ്റ് ചെയ്തത്.
കല്യാണി, ഫഹദ് ഫാസിൽ, വിനയ് ഫോർട്ട്, സുരേഷ് കൃഷ്ണ, അൽത്താഫ് സലിം, അനുരാജ് എന്നിവരെ വീഡിയോയിൽ കാണാം. ‘മൂക്കില്ലാ രാജ്യത്ത്’ സിനിമയിലെ യഥാർഥ രംഗവും വീഡിയോയിൽ ചേർത്തിട്ടുണ്ട്.
ഓടും കുതിര ചാടും കുതിര ആക്ടിംഗ് വർക്ക് ഷോപ്പ് വിഡിയോ ലീക്കായി എന്ന അടിക്കുറിപ്പോടെയായിരുന്നു കല്യാണിയുടെ പോസ്റ്റ്. വീഡിയോ മിനിട്ടുകൾക്കകം വൈറലായി.
ഇന്നും പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുന്ന ക്ലാസിക് നർമരംഗത്തിന്റെ പുനരവതരണം ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. നിരവധിപ്പേരാണ് വീഡിയോയിൽ കമന്റ് ചെയ്തിരിക്കുന്നത്.
ഫഹദ് ഫാസിൽ, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അൽത്താഫ് സലിം ഒരുക്കുന്ന ഫൺ എന്റർടെയ്നറാണ് ‘ഓടും കുതിര ചാടും കുതിര’. ഓഗസ്റ്റ് 29ന് ഓണം റിലീസായാണ് ചിത്രം എത്തുന്നത്. ചിത്രത്തിന്റെ കേരളത്തിലെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.