ഒറ്റപ്പെടലും പ്രാർഥനയുമായി കഴിഞ്ഞ നാളുകൾ; ഷംന തിരിച്ചെത്തിയതിന്റെ സന്തോഷം പങ്കുവച്ച് ഭർത്താവ്
Tuesday, August 26, 2025 10:49 AM IST
ഭാര്യ ഷംന കാസിമിനെക്കുറിച്ച് വികാരനിർഭരമായ കുറിപ്പുമായി ഭർത്താവ് ഷാനിദ് ആസിഫ് അലി. കഴിഞ്ഞ ഒരു മാസത്തോളമായി ഷംന തന്റെ അരികില്ലാതിരുന്നതിന്റെ സങ്കടമാണ് കുറിപ്പിലൂടെ ഷാനിദ് പങ്കുവയ്ക്കുന്നത്.
‘‘45 ദിവസങ്ങൾ, ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ദിവസങ്ങൾ. ഒറ്റപ്പെടലിന്റെ നിശ്ശബ്ദത, ഓർമകളിൽ കഴിച്ചുകൂട്ടിയ രാത്രികൾ, പ്രാർഥനകളിൽ കരഞ്ഞു കഴിച്ച പുലരികൾ…ഈ 45 ദിവസങ്ങൾ എന്നെ പഠിപ്പിച്ചു, സ്നേഹമെന്നത് എത്ര വലിയൊരു ശക്തിയാണെന്ന്, ജീവിതത്തിലെ യഥാർഥ അനുഗ്രഹം നമ്മോടൊപ്പം ഉണ്ടാകുന്നവർ തന്നെയാണെന്ന്.
ഇന്നിവിടെ, എന്റെ ഏറ്റവും വിലപ്പെട്ട അനുഗ്രഹം –എന്റെ ഭാര്യ – വീണ്ടും എന്റെ അരികിൽ. നീണ്ട കാത്തിരിപ്പിന് ശേഷം കിട്ടിയ ഈ പുനർമിലനം സന്തോഷത്തിന്റെ കണ്ണീർ മാത്രമാണ്. ഇനി വീണ്ടും നമ്മൾ ഒരുമിച്ച്, ഒരേ സ്വപ്നങ്ങളുമായി, ഒരേ പ്രാർഥനകളോടെ.’’ഷാനിദിന്റെ വാക്കുകള്‍.
റീയൂണിയൻ, ലവ്, ടുഗെതർ ഫോർ എവർ എന്നീ ഹാഷ്ടാഗുകളും വിവാഹദിനത്തിൽ നിന്നുള്ള മനോഹരമായ ഒരു ഫോട്ടോയും കുറിപ്പിനൊപ്പം ഷാനിദ് പങ്കുവച്ചിരുന്നു.
2023 ഒക്ടോബറിലായിരുന്നു ഷംനയും ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനും സിഇഒയുമായ ഷാനിദുമായുള്ള വിവാഹം. വിവാഹശേഷം ദുബായിയില്‍ സ്ഥിരതാമസാക്കിയ ഷംന കാസിമിന് അവിടെ സ്വന്തമായി ഡാന്‍സ് സ്റ്റുഡിയോയും ഉണ്ട്.
ഭാര്യയും അമ്മയുമാണെങ്കിലും നൃത്തവും അഭിനയവും ഷംന ഉപേക്ഷിച്ചിട്ടില്ല. തെലുങ്കിലും തമിഴിലുമാണ് നടിക്ക് ഏറെയും അവസരങ്ങൾ ലഭിക്കുന്നത്.
മലയാളത്തിൽ ഷംന കാസിം എന്ന പേരിലും തമിഴിലും തെലുങ്കിലുമെല്ലാം പൂർണ എന്ന പേരിലാണ് നടി അറിയപ്പടുന്നത്. കണ്ണൂർ സ്വദേശിയാണ് ഷംന. റിയാലിറ്റി ഷോയിലൂടെയാണ് ലൈം ലൈറ്റിലേക്ക് എത്തുന്നത്.