ഓൺലൈനിൽ കറങ്ങുന്നു ഈ പെഡൽസ്! റോബിൻ തോമസിന്റെ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു
Tuesday, August 26, 2025 11:04 AM IST
2020-ലെ കോവിഡ് കാലത്ത് മനസിൽ വിരിഞ്ഞ ഒരു ആശയത്തിൽ നിന്ന് രൂപംകൊണ്ട ഹൃദയസ്പർശിയായ ഹ്രസ്വചിത്രമാണ് പെഡൽസ്. സൈക്കിൾ ചവിട്ടാൻ ബുദ്ധിമുട്ടുന്ന ഒരു വല്യപ്പന്റെ വീഡിയോയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് റോബിൻ തോമസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രം സ്വപ്നങ്ങളുടെയും ഫാന്റസിയുടെയും മനോഹരമായ ദൃശ്യാവിഷ്കാരമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
ഒരു വലിയ സിനിമയാക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും ചില സാഹചര്യങ്ങൾ കാരണം അതൊരു ഹ്രസ്വചിത്രമായി ചുരുക്കുകയായിരുന്നു. എന്നിരുന്നാലും, ഈ സിനിമയിലെ ഓരോ ഫ്രെയിമിലും അതിന്റെ ആത്മാവ് നിറഞ്ഞുനിൽക്കുന്നു.
മരിക്കാറായ ഒരു വല്യയപ്പന്റെ ജീവിതത്തിലെ സ്വപ്നങ്ങളും ഒടുവിൽ ഫാന്റസി എൻഡും വരുന്ന ഈ ചിത്രം, ഒരു ചെറിയ ത്രില്ലിംഗോടുകൂടിയാണ് അവസാനിക്കുന്നത്.
പ്രശസ്ത സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ മനോഹരമായ സംഗീതവും,അനന്തൻ കെ. എസിന്റെ ഛായാഗ്രഹണ മികവും, അമൽജി സത്യന്റെ മികച്ച എഡിറ്റിംഗും, ആൽവിൻ ജോസഫിന്റെ കലാസംവിധാനവും, അമൽ അപ്പുവിന്റെ വസ്ത്രാലങ്കാരവും ചിത്രത്തിന് കൂടുതൽ മികവ് നൽകുന്നു.
കോട്ടയം മൂലേടം പാലത്തിങ്കൽ കുടുംബാംഗമാണ് ചിത്രത്തിന്റെ സംവിധായകൻ റോബിൻ. ഏറെക്കാലത്തെ പരിശ്രമത്തിലാണ് ഈ ചെറുപ്പക്കാരൻ തന്റെ സ്വപ്നത്തിലേക്ക് ചുവടു വച്ചിരിക്കുന്നത്. ഹ്രസ്വചിത്രം കണ്ട് നിരവധി പേർ റോബിന് അഭിനന്ദനവുമായി എത്തുന്നുണ്ട്.