ജോബി ജോർജിന്റെ പുതിയ മൾട്ടിപ്ലക്സ് കല്ലറയിൽ; പ്രദർശനം നാളെ മുതൽ
Wednesday, August 27, 2025 11:48 AM IST
നിർമാതാവ് ജോബി ജോർജിന്റെ ഉടമസ്ഥതയിൽ കല്ലറയിൽ പുതിയ മൾട്ടിപ്ലക്സ് സിനിമാ തിയറ്റർ പ്രദർശനത്തിനൊരുങ്ങി. കല്ലറ പഴയ തിയറ്റർ ജംക്ഷനു സമീപം പൂർത്തിയായ ഗുഡ്വിൽ സിനിമാസ് തിയറ്ററിന്റെ ആശീർവാദം ഇന്ന് വൈകിട്ട് ആറിന് നടക്കും. പ്രദർശനം നാളെ മുതലാണ്.
സിനിമാ നിർമാണം, വിതരണം, സ്റ്റുഡിയോ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന കല്ലറ സ്വദേശി ജോബി ജോർജിന്റെ ആദ്യ തിയറ്റർ സംരംഭമാണ് ഗുഡ്വിൽ സിനിമാസ്.
1.75 ഏക്കറിലാണ് തിയറ്റർ സമുച്ചയം. മൂന്ന് സ്ക്രീനുകളാണ് അത്യാധുനിക സീറ്റുകളോടെ ഒരുക്കിയിരിക്കുന്നത്. മൂന്ന് തിയറ്ററുകളിലായി ഒരേസമയം 750 പേർക്ക് സിനിമ കാണാം. ഫോർ കെ അറ്റ്മോസ് സൗണ്ട് സംവിധാനവുമുണ്ട്. തിയറ്റർ പരിസരത്ത് 500 വാഹനങ്ങൾ പാർക്ക് ചെയ്യാം.
ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷനും കുട്ടികൾക്ക് പ്ലേ സ്റ്റേഷനും ഫുഡ് കോർട്ടും ജൂസ് കോർണറുകളുമുണ്ട്. വിശ്രമ സ്ഥലങ്ങളും ഒരുക്കിയിട്ടുള്ളതായി ഉടമ ജോബി ജോർജ് തടത്തിൽ പറഞ്ഞു. 28-ന് റിലീസ് ചെയ്യുന്ന മോഹൻലാൽ ചിത്രമായ ഹൃദയപൂർവം, ദുൽഖർ സൽമാൻ നിർമിച്ച ലോക എന്നിവയാണ് ഉദ്ഘാടന ചിത്രങ്ങൾ. മേനേ പ്യാർ കിയ, ഓടും കുതിര ചാടും കുതിരയും വെള്ളിയാഴ്ച റിലീസ് ചെയ്യും.