എൽസിയുവിലേയ്ക്ക് രവി മോഹനും; ബെൻസിൽ പ്രധാനവേഷം
Wednesday, August 27, 2025 3:16 PM IST
ലോകേഷ് കനകരാജിന്റെ സിനിമാറ്റിക് യൂണിവേഴ്സിലേക്ക് തമിഴ് നടൻ രവി മോഹനും. പുതിയ ചിത്രമായി ഒരുങ്ങുന്ന ബെൻസിൽ സെക്കൻഡ് ലീഡായി രവി മോഹനുണ്ടാകും എന്നാണ് വിവരം. താരം വില്ലൻ വേഷത്തിലാണ് ‘ബെൻസി’ൽ എത്തുക എന്ന് ആദ്യം അഭ്യൂഹങ്ങളുണ്ടായിരുന്നു.
ലോകേഷ് കനകരാജ് കഥയും തിരക്കഥയും രചിച്ച് ഭാഗ്യരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബെൻസ്. ചിത്രം എൽസിയുവിന്റെ ഭാഗമാണെന്ന് മുൻപേ പ്രഖ്യാപിച്ചിരുന്നു.
രാഘവ ലോറൻസാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വില്ലനായി നിവിൻ പോളിയും ചിത്രത്തിലുണ്ട്. നിവിന്റെ വാൾട്ടർ എന്ന കഥാപാത്രം വലിയ ചർച്ചയായിരുന്നു. എൽസിയുവിലേക്ക് രവി മോഹനും എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകർ.
രണ്ട് പതിറ്റാണ്ടായി തമിഴ് സിനിമയിൽ നായക വേഷത്തിൽ തിളങ്ങുന്ന രവി മോഹൻ അടുത്തിടെ പുതിയ നിർമാണ കമ്പനിയും ആരംഭിച്ചിരുന്നു.
യോഗി ബാബുവിനെ നായകനാക്കി തന്റെ ആദ്യ സംവിധാന സംരംഭത്തിനും ഒരുങ്ങുകയാണ് താരം. ‘ആൻ ഓർഡിനറി മാൻ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. 'കരാത്തേ ബാബു' എന്ന ചിത്രമാണ് രവി മോഹന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്.