ആര്യൻ ഖാന്റെ ബാഡ്സ് ഓഫ് ബോളിവുഡിൽ അതിഥിതാരമായി ഷാരുഖും ആമിർ ഖാനും; ട്രെയിലർ
Wednesday, September 10, 2025 8:22 AM IST
ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ സംവിധാനം ചെയ്യുന്ന ആദ്യ സീരിസ് ബാഡ്സ് ഓഫ് ബോളിവുഡിന്റെ (The BA***DS of Bollywood) ട്രെയിലർ എത്തി. ബോളിവുഡ് ഇൻഡസ്ട്രിയെ പശ്ചാത്തലമാക്കി ഒരുങ്ങുന്ന ഈ സീരീസ് ഗ്ലാമർ–മാസ് സ്വഭാവത്തിലാണ് ഒരുക്കിയിരിക്കുന്നത്.
അതിഥി താരങ്ങളായി ഷാരുഖ് ഖാൻ, ആമിർ ഖാൻ, സല്മാൻ ഖാൻ, രാജ്കുമാർ റാവു, സിദ്ധാന്ത് ചതുര്‍വേദി, അർജുൻ കപൂർ, ദിഷ പടാനി, ബാദ്ഷാ, എസ്.എസ്. രാജമൗലി, കരൺ ജോഹർ തുടങ്ങി നിരവധി ആളുകൾ അണിനിരക്കുന്നു.
പാപ്പരാസി കൾച്ചർ, നെപോട്ടിസം, രാഷ്ട്രീയം എന്നിവയെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ടുപോവുന്നത്. ബോളിവുഡിനെ ട്രോളുന്ന തരത്തിൽ സറ്റയര്‍, സ്പൂഫ് എലെമെന്റും സീരിസിൽ ഉണ്ടാകുമെന്നും ട്രെയിലർ ഉറപ്പുനൽകുന്നുണ്ട്. മയക്കുമരുന്നു കേസില്‍ ജയിലിൽ പോയ സംഭവവും ട്രോൾ രൂപത്തിൽ ആര്യന് ഇതിൽ കൊണ്ടുവരുന്നു.
കിൽ എന്ന സിനിമയിലൂടെ ശ്രദ്ധയാകർഷിച്ച ലക്ഷ്യ ആണ് സീരിസിൽ പ്രധാന കഥാപാത്രമായി എത്തുന്നത്. സഹേർ ബംബ ആണ് നായിക. ബോബി ഡിയോൾ, മനോജ് പഹ്വ, മോന സിംഗ്, മനീഷ് ചൗധരി, രാഘവ് ജുയൽ, അന്യ സിംഗ്, വിജയന്ത് കോലി, ഗൗതമി കപൂർ എന്നിവരും സീരിസിന്റെ ഭാഗമാണ്.
നെറ്റ്ഫ്ലിക്സും റെഡ് ചില്ലീസും ഒന്നിച്ചാണ് സീരിസ് നിർമിക്കുന്നത്. സെപ്റ്റംബർ 18 ന് നെറ്റ്ഫ്ലിക്സിലൂടെ സീരീസ് പുറത്തുവരും