നിർമിക്കുന്ന ആദ്യ ചിത്രത്തിൽ താനല്ലേ നായകനെന്ന് ടൊവീനോ; വില്ലനാക്കാമെന്ന് ബേസിൽ
Monday, September 15, 2025 2:42 PM IST
ബേസിൽ ജോസഫ് തുടങ്ങുന്ന പുതിയ നിർമാണക്കമ്പനിയുടെ ആദ്യ നായകൻ താനായിരിക്കില്ലേയെന്ന ചോദ്യവുമായി ടൊവീനോ തോമസ്. ബേസിൽ നിർമാണ കമ്പനി പ്രഖ്യാപിച്ച പോസ്റ്റിന് താഴെയാണ് ടൊവീനോയുടെ ഈ ചോദ്യം.
‘അപ്പോ എങ്ങനെയാ? ആദ്യത്തെ പ്രൊഡക്ഷൻ ഞാൻ അല്ലേ നായകൻ??’ എന്നാണ് ടൊവീനോയുടെ കമന്റ്. ഉടൻ മറുപടിയുമായി ബേസിലുമെത്തി. ‘ആദ്യത്തെ പടത്തിൽ ഞാൻ തന്നെ നായകൻ. നിന്നെ വേണേൽ വില്ലൻ ആക്കാം’ എന്നാണ് ബേസിലിന്റെ മറുപടി.
ടൊവീനോയും ഉടനെ ബേസിലിന് മറുപടി നൽകിയിട്ടുണ്ട്. ‘ഇടി പടം ആണോ? നിന്നെ നല്ല ഇടി ഇടിക്കാൻ അവസരം ഉണ്ടെങ്കിൽ വില്ലൻ ആവാനും മടിക്കില്ല ഞാൻ’ എന്നാണ് ടൊവിനോ പറയുന്നത്.
ബോളിവുഡ് താരം രൺവീർ സിംഗ്, നിഖില വിമൽ തുടങ്ങി നിരവധി പേർ ബേസിലിന് ആശംസ അറിയിച്ച് കമന്റ് ചെയ്തിട്ടുണ്ട്.
ബേസിൽ ജോസഫ് എന്റർടെയിൻമെന്റ്സ് എന്ന പേരിൽ കമ്പനി ആരംഭിച്ച വിവരം ബേസിൽ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.