പ്രണവിന്റെ കോളറിൽ പിടിച്ചതിന് മോഹൻലാലിന്റെ പ്രതികാരമായിരുന്നോ ഇത്?; ഡിലീറ്റഡ് സീനുമായി സംഗീത്
Wednesday, September 17, 2025 9:18 AM IST
സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവത്തിലെ ഡിലീറ്റഡ് സീൻ പങ്കുവച്ച് സംഗീത് പ്രതാപ്. ആശുപത്രിയിൽ വച്ച് മോഹൻലാൽ സംഗീതിന്റെ കോളറിൽ പിടിക്കുന്ന രംഗമാണ് സംഗീത് പങ്കുവച്ചത്. ചിത്രത്തിന്റെ ടീസറിൽ ഈ രംഗം ഉണ്ടായിരുന്നെങ്കിലും ചിത്രത്തിൽ നിന്ന് കട്ട് ചെയ്തിരുന്നു.
അത് ഇനി നടക്കപ്പോറത് യുദ്ധം എന്നോ എന്റെ പിള്ളേരെ തൊടുന്നോടാ എന്നോ ആയിരുന്നില്ല എന്ന അടിക്കുറിപ്പോടെയാണ് സംഗീത് വിഡിയോ പങ്കുവച്ചത്.
ഹൃദയം സിനിമയിൽ സംഗീത് പ്രണവ് മോഹൻലിന്റെ കോളറിന് പിടിക്കുന്ന രംഗവും ഹൃദയപൂർവം ടീസറിലുണ്ടായിരുന്ന മോഹൻലാൽ സംഗീതിന്റെ കോളറിന് പിടിക്കുന്ന രംഗവും ചേർത്തുവച്ച് ‘നീ എന്റെ മകനെ തൊടുന്നോടാ..’ എന്ന അടിക്കുറിപ്പോടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ട്രോൾ മോഹൻലാൽ തനിക്ക് അയച്ച് തന്നിട്ടുണ്ടെന്ന് സംഗീത് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ ഹൃദയപൂർവം റിലീസ് ചെയ്തപ്പോൾ ചിത്രത്തിൽ ഈ സീൻ ഉണ്ടായിരുന്നില്ല.
സംഗീത് പോസ്റ്റ് ചെയ്ത വീഡിയോയിൽ അനൂപ് സത്യനടക്കം നിരവധിപ്പേർ കമന്റ് ചെയ്തിട്ടുണ്ട്. മോഹൻലാലിന്റെ അഭിനയ മികവിനും ഡയലോഗ് ഡെലിവറിക്കും വലിയ കൈയടിയാണ് ആരാധകരിൽ നിന്ന് ലഭിക്കുന്നത്.