‘വാപ്പിച്ചി ഉണ്ടായിരുന്നെങ്കിൽ ഇതിനകം പോസ്റ്റ് ചെയ്യുമായിരുന്നു’; വേദനയോടെ നവാസിന്റെ മക്കൾ
Thursday, September 18, 2025 9:16 AM IST
അകാലത്തിൽ അന്തരിച്ച കലാഭവൻ നാവാസ് ഭാര്യ രഹ്നയ്ക്കൊപ്പം അഭിനയിച്ച ‘ഇഴ’ എന്ന സിനിമയെക്കുറിച്ച് ഹൃദയംനുറുങ്ങുന്ന കുറിപ്പുമായി ഇരുവരുടെയും മക്കൾ. സിനിമ യൂട്യൂബിലൂടെ 20 ലക്ഷം പേരാണ് കണ്ടുകഴിഞ്ഞത്. ഈ അവസരത്തിലാണ് മക്കൾ പ്രതികരണവുമായെത്തിയത്.
‘‘പ്രിയരേ,വാപ്പിച്ചിയുടേയും ഉമ്മിച്ചിയുടേയും ‘ഇഴ’ സിനിമ യൂട്യൂബിൽ റിലീസായത് ഇതിനകം എല്ലാരും അറിഞ്ഞുകാണുമെന്നു വിശ്വസിക്കുന്നു.... വാപ്പിച്ചി ഉണ്ടായിരുന്നെങ്കിൽ ഇതിനകം പോസ്റ്റ് ചെയ്യുമായിരുന്നു.പോസ്റ്റ് ചെയ്യാൻ ഏറെ വൈകിപ്പോയതിൽ വിഷമമുണ്ട്. എല്ലാരും സിനിമ കാണണം.’’മക്കളുടെ വാക്കുകൾ.
ഓഗസ്റ്റ് ആദ്യമാണ് കലാഭവൻ നവാസും ഭാര്യ രെഹ്നയും ഒന്നിച്ചഭിനയിച്ച ‘ഇഴ’ യൂട്യൂബിൽ റിലീസ് ചെയ്യുന്നത്. നവാസിനെ സ്നേഹിക്കുന്ന പ്രേക്ഷകരുടെ നിരന്തരമായ അഭ്യർഥന മാനിച്ചാണ് വിഷമഘട്ടത്തിലും ചിത്രം ഓൺലൈനിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചതെന്ന് സംവിധായകൻ സിറാജ് റെസ പ്രതികരിച്ചിരുന്നു.
‘നീലാകാശം നിറയെ’ എന്ന ചിത്രത്തിലാണു നവാസ് ആദ്യമായി നായകനായി എത്തിയത്. ഈ ചിത്രത്തിലും രഹ്നയായിരുന്നു നായിക. നവാസും രഹ്നയും ആദ്യമായി ഒന്നിച്ചഭിനയിച്ചതും ഈ ചിത്രത്തിലാണ്.
കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് വൈകിട്ടാണ് ഷൂട്ടിംഗ് കഴിഞ്ഞെത്തിയ കലാഭവന്‍ നവാസിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങാനിരിക്കെയാണ് നവാസ് കുഴഞ്ഞു വീണത്. ഹൃദയാഘാതമായിരുന്നു മരണകാരണം.