മോശം തെരഞ്ഞെടുപ്പുകൾ ആരോഗ്യത്തെ നശിപ്പിക്കുന്നത് കാണുമ്പോൾ വേദന തോന്നുന്നു; റോബോ ശങ്കറിന്റെ വിയോഗത്തിൽ കാർത്തി
Friday, September 19, 2025 10:43 AM IST
റോബോ ശങ്കറിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് നടൻ കാർത്തി. ഒരു മികച്ച പ്രതിഭ വളരെ പെട്ടെന്ന് പോയെന്നും മോശം ശീലങ്ങൾ ആരോഗ്യത്തെ നശിപ്പിക്കുന്നത് കാണുമ്പോൾ വേദന തോന്നുന്നുവെന്നും നടൻ കുറിച്ചു.
‘‘വിനാശകരമായ തെരഞ്ഞെടുപ്പുകൾ കാലക്രമേണ ആരോഗ്യം എങ്ങനെ ക്ഷയിപ്പിക്കുമെന്ന് കാണുമ്പോൾ ഹൃദയം നുറുങ്ങുന്നു. അകാലത്തിൽ പൊലിഞ്ഞ ഒരു വലിയ പ്രതിഭ. അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർക്കും എന്റെ അഗാധമായ അനുശോചനം.’’കാർത്തി ട്വീറ്റ് ചെയ്തു.
അടുത്തിടെ മഞ്ഞപ്പിത്തം ബാധിച്ച റോബോ ശങ്കറിന്റെ ശരീരഭാരം നന്നായി കുറഞ്ഞിരുന്നു. ഇതു ആരാധകർക്കിടയിൽ വലിയ ആശങ്കയുണ്ടാക്കിയിരുന്നു. എന്നാൽ രോഗം മാറിയതിന് പിന്നാലെ ജോലിയിൽ പ്രവേശിച്ച റോബോ ശങ്കർ പാചക റിയാലിറ്റി ഷോയിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.
സെറ്റിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ തന്നെ കരൾ, വൃക്ക എന്നിവ തകരാറിലാണെന്ന് കണ്ടെത്തി. രാത്രിയോടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു.