റോബോ ശങ്കറിന്റെ മകളെ ആശ്വസിപ്പിക്കാനാകാതെ ധനുഷ്; ചേർത്ത് പിടിച്ച് ശിവകാർത്തികയേൻ
Friday, September 19, 2025 12:36 PM IST
അന്തരിച്ച നടൻ റോബോ ശങ്കറിന്റെ കുടുംബത്തെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ച് ധനുഷും ശിവകാർത്തിയേനും. റോബോ ശങ്കറിന്റെ ഭാര്യയായ പ്രിയങ്കയെയും മകൾ ഇന്ദ്രജെയെയും ആശ്വസിപ്പിക്കാനാകാതെ നെടുവീർപ്പെടുന്ന താരങ്ങളുടെ വീഡിയോ ആരാധക ഹൃദയത്തെ നൊമ്പരപ്പെടുത്തി.
വിജയ് ചിത്രമായ ബിഗിലിലൂടെ ശ്രദ്ധേയയായ താരമാണ് റോബോ ശങ്കറിന്റെ മകള്‍ ഇന്ദ്രജ. സിനിമയിൽ പാണ്ടിയമ്മ എന്ന കഥാപാത്രത്തെയാണ് അവർ അവതരിപ്പിച്ചത്.
ടെലിവിഷനിലും സിനിമാ മേഖലയിലും നിറ സാന്നിധ്യമായിരുന്നു റോബോ ശങ്കർ. ഗ്രാമങ്ങളിലും ടെലിവിഷനിലും റോബട്ട് വേഷത്തിൽ നൃത്തങ്ങൾ അവതരിപ്പിച്ചതിന് ശേഷമാണ് അദ്ദേഹം റോബോ എന്ന പേര് നേടിയത്.
1997 മുതൽ ശങ്കർ സിനിമകളിൽ അഭിനയിച്ചുവരുന്നു. രജനികാന്തിന്റെ പടയപ്പ ഉൾപ്പെടെയുള്ള തമിഴ് ചിത്രങ്ങളിൽ ജൂനിയർ ആർടിസ്റ്റ് ആയിരുന്നു.
അടുത്തിടെ മഞ്ഞപ്പിത്തം ബാധിച്ച റോബോ ശങ്കറിന്റെ ശരീരഭാരം നന്നായി കുറഞ്ഞിരുന്നു. ഇതു ആരാധകർക്കിടയിൽ വലിയ ആശങ്കയുണ്ടാക്കിയിരുന്നു. എന്നാൽ രോഗം മാറിയതിന് പിന്നാലെ ജോലിയിൽ പ്രവേശിച്ച റോബോ ശങ്കർ പാചക റിയാലിറ്റി ഷോയിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.
സെറ്റിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ തന്നെ കരൾ, വൃക്ക എന്നിവ തകരാറിലാണെന്ന് കണ്ടെത്തി. രാത്രിയോടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു.