റിക്കാർഡ് തുകയ്ക്ക് ദുൽഖറിന്റെ "കുറുപ്പ്’ ഒടിടി റിലീസിന്?
Saturday, November 21, 2020 2:04 PM IST
ദുൽഖർ സൽമാൻ നായകനാകുന്ന ബിഗ്ബജറ്റ് ചിത്രം കുറുപ്പ് റിക്കാർഡ് തുകയ്ക്ക് ഒടിടി റിലീസിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. വമ്പൻ ഓഫറുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
കോവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ സംസ്ഥാനത്തെ തീയറ്ററുകൾ ഉടൻ തുറക്കില്ലെന്ന് സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അടുത്ത വർഷം വിഷുവിനോട് അനുബന്ധിച്ച് തീയറ്റർ തുറക്കാമെന്നാണ് നിലവിലെ ആലോചന. ഈ സാഹചര്യത്തിലാണ് കുറുപ്പിന്റെ ഒടിടി റിലീസ് സാധ്യതകൾ അണിയറക്കാർ ആലോചിക്കുന്നത്.
ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതൽ 35 കോടിയാണ്. താരത്തിന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസും എം സ്റ്റാർ എന്റർടെയ്ൻമെന്റ്സും ചേർന്നാണ് ചിത്രം നിർമിച്ചത്.
കേരളിനു പുറത്തും അഹമ്മദാബാദ്, മുംബൈ, മംഗളൂരു, മൈസൂരു, ദുബായി എന്നിവിടങ്ങളിലുമായി ആറു മാസം നീണ്ടുനിന്ന ചിത്രീകരണമാണ് കുറുപ്പിന് വേണ്ടി നടത്തിയത്. 105 ദിവസങ്ങൾ പൂർണമായും ഷൂട്ടിംഗിനായി ചിലവഴിച്ചു. നിലവിൽ ചിത്രത്തിന്റെ ഡബ്ബിംഗ് ജോലികൾ പൂർത്തിയായി.
കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് കുറുപ്പ് ഒരുക്കിയത്. ദുൽഖർ അഭിനയ രംഗത്തേക്ക് കടന്നു വന്ന സെക്കൻഡ് ഷോ എന്ന ചിത്രമൊരുക്കിയ ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പ് സംവിധാനം ചെയ്യുന്നത്.
ജിതിൻ കെ. ജോസിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു.
മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.