വ്യത്യസ്ത വേഷത്തിൽ ഇന്ദ്രൻസ്; വാമനൻ ആരംഭിച്ചു
Thursday, November 25, 2021 4:19 PM IST
ഇന്ദ്രൻസ് തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന' വാമനൻ' എന്ന ചിത്രത്തിന് കൊച്ചിയിൽ തുടക്കമിട്ടു. ബുധനാഴ്ച കടവന്ത്ര കവലയ്ക്കൽ ഭഗവതി ക്ഷേത്രത്തിലാണ് ചിത്രത്തിന്റെ പൂജ നടന്നത്.
സംവിധായകനും നടനുമായ ശ്രീകാന്ത് മുരളി സ്വിച്ചോൺ കർമം നിർവഹിച്ചു. നടി സീമ ജി. നായരാണ് ഫസ്റ്റ് ക്ലാപ്പ് നൽകിയത്. സോഹൻ സീനുലാൽ തിരക്കഥ കൈമാറി.
നവാഗതനായ എ.ബി. ബിനിൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമിക്കുന്നത് മൂവി ഗാംഗ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ ബാബു, കെ.ബി. സമഹ് അലി എന്നിവരാണ്.
ഒരു മലമ്പ്രദേശത്തിന്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ സൈക്കോത്രില്ലർ സിനിമയായിരിക്കുമിതെന്ന് അണിയറപ്രവർത്തകർ പറഞ്ഞു.
ഇന്ദ്രൻസിനു പുറമേ ബൈജു സന്തോഷ്, ഹരീഷ് കണാരൻ, സീമാ ജി. നായർ, സീനു സിദ്ധാർഥ്, എബി അജി എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ വേഷമിടുന്നു.
സന്തോഷ് വർമയുടെ വരികൾക്ക് നിഥിൻ ജോർജ് ഈണംപകരുന്നു. ഞായറാഴ്ച കുട്ടിക്കാനത്ത് ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.