നിറകണ്ണുകളോടെ അനിയത്തിയെ കതിർമണ്ഡപത്തിലേക്കെത്തിച്ച് പ്രിയങ്ക നായർ; വീഡിയോ
Monday, May 29, 2023 12:52 PM IST
നിറകണ്ണുകളോടെ സഹോദരിയെ കതിർമണ്ഡപത്തിലേക്ക് കൈപിടിച്ച് നയിക്കുന്ന നടി പ്രിയങ്ക നായരുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഞായറാഴ്ചയായിരുന്നു താരത്തിന്റെ സഹോദരി പ്രിയദയുടെയും അജേഷിന്റെയും വിവാഹം.
അനിയത്തിയെ മണ്ഡപത്തിലേക്ക് കൂട്ടിക്കൊണ്ടുവരുന്നതിനിടയിൽ കണ്ണുനിറഞ്ഞൊഴുകുന്ന താരത്തെ ദൃശ്യങ്ങളിൽ കാണാം. തിരുവനന്തപുരം വാമനപുരം സ്വദേശിയാണ് പ്രിയങ്ക. അച്ഛൻ മുരളീധരൻ നായർ. അമ്മ പൊന്നമ്മ മുരളീധരൻ. ഏക സഹോദരിയാണ് പ്രിയദ.
ടെലിവിഷൻ സീരിയലുകളിലൂടെ അഭിനയ രംഗത്തെത്തിയ നടിയാണ് പ്രിയങ്ക. 2006 ൽ റിലീസ് ചെയ്ത തമിഴ് ചിത്രം വെയിലിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. 2007 ൽ കിച്ചാമണി എംബിഎ എന്ന സിനിമയിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ചു.