ഇത്രയും തരം താഴരുത്; കജോളിന്റെ ‘പ്രതിസന്ധി’ വെബ് സീരിസ് പ്രമോഷന് വേണ്ടി; വിമർശനം
Saturday, June 10, 2023 9:51 AM IST
ജീവിതം വലിയ പ്രതിസന്ധിയിലാണെന്ന് സമൂഹ്യമാധ്യമങ്ങളിൽ കുറിച്ച നടി കജോളിന്റെ വെളിപ്പെടുത്തൽ പുതിയ വെബ്സീരിസിന്റെ പ്രമോഷനുവേണ്ടി. വെറുമൊരു സിനിമ പ്രമോഷന് വേണ്ടി ഇത്തരം മാർഗം സ്വീകരിച്ചതിൽ കടുത്ത അതൃപ്തിയാണ് ആരാധകർക്കിടയിൽ ഉയരുന്നത്.
കഴിഞ്ഞ ദിവസമാണ് താൻ സമൂഹമാധ്യമങ്ങളിൽ നിന്നും ഇടവേളയെടുക്കുകയാണെന്നും ജീവിതത്തിലെ വലിയൊരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. തുടർന്ന് ഇതുവരെയുണ്ടായിരുന്ന എല്ലാ പോസ്റ്റുകളും താരം ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

‘‘ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണം നേരിടുന്നു. ഒരിടവേള അനിവാര്യമാണ്.’’–ഇതായിരുന്നു കജോൾ അവസാനമായി സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. ആരാധകരടക്കം നിരവധിപ്പേരാണ് കാരണം തിരക്കി കമന്റുകളുമായി എത്തിയത്.
എന്നാൽ മണിക്കൂറുകൾക്കു ശേഷം നടി സമൂഹമാധ്യമങ്ങളിൽ തിരിച്ചെത്തി. കജോൾ നായികയായെത്തുന്ന പുതിയ സീരിസ് ആയ ഗുഡ് വൈഫിന്റെ ടീസർ പങ്കുവച്ചതോടെയാണ് പ്രമോഷനുവേണ്ടിയുള്ള തന്ത്രമായിരുന്നു ഇതെന്ന് ആരാധകരും തിരിച്ചറിയുന്നത്.
ഇനി ആര് നിങ്ങളെ വിശ്വസിക്കും, പ്രമോഷന് വേണ്ടി ഇത്രയും തരംതാണല്ലോ എന്നെല്ലാം വിമർശിച്ച് അവരുടെ ആരാധകർ തന്നെ രംഗത്തെത്തി.