അന്തരിച്ച പ്രശസ്ത സംവിധായകൻ കെ.ജി. ജോർജിന്റെ മരണത്തിനൊപ്പം അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതവും വിവാദമായിരുന്നു. കുടുംബം അദ്ദേഹത്തെ വേണ്ടപോലെ നോക്കിയില്ലെന്നും മറിച്ച് ഒരു വൃദ്ധസദനത്തില്‍ ആക്കിയെന്നുമായിരുന്നു വിമര്‍ശനങ്ങൾ ഉയർന്നത്.
എന്നാൽ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ജോര്‍ജിന്റെ മകൾ താര രംഗത്തെത്തി. പിതാവിന്റെ ആവശ്യപ്രകാരമാണ് സിഗ്നേച്ചർ എന്ന സ്ഥാപനത്തിലേക്ക് മാറ്റിയതെന്നും വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും താര പറഞ്ഞു.
ഞാൻ താര, കെ.ജി. ജോർജിന്റെ മകൾ ആണ്. ഖത്തറിൽ നിന്നും വിവരമറിഞ്ഞ ഉടൻ എത്തുകയായിരുന്നു. എന്റെ മമ്മിയും സഹോദരനും ഭാര്യയും കുട്ടിയും ഗോവയിൽ നിന്നാണ് വന്നത്.
ഗണേശ ചതുർഥി ആയതുകൊണ്ട് ഫ്ളൈറ്റ് ഒക്കെ ഫുൾ ആയിരുന്നു. അതുകൊണ്ടാണ് വേഗത്തിൽ അവർക്ക് എത്താൻ കഴിയാതിരുന്നത്. എന്റെ ഡാഡിയുടെ സിനിമകൾ നോക്കിയാൽ നിങ്ങൾക്ക് അറിയാം ഡാഡി ഒരുപാട് പുതിയ ചിന്താഗതിയുള്ള ആളാണ്.
അദ്ദേഹം പണ്ടേ ഞങ്ങളോട് പറയുമായിരുന്നു, ‘വയസാകുമ്പോൾ ഞാൻ ഒരിക്കലും കുടുംബത്തിന് ഒരു ഭാരമാകില്ല. ഞാൻ ഇതുപോലെ ഏതെങ്കിലും സ്ഥലത്ത് പോയി താമസിക്കുമെന്ന്’. അത് ഡാഡിയുടെ തന്നെ തീരുമാനം ആയിരുന്നു. അങ്ങനെയാണ് സിഗ്നേച്ചർ എന്ന സെന്ററിൽ അദ്ദേഹം എത്തിയത്.
ഇതൊരു വൃദ്ധസദനം ഒന്നും അല്ല. ഇത് എല്ലാ സൗകര്യങ്ങളുമുള്ള അറിയപ്പെടുന്ന റീഹാബിലിറ്റേഷൻ സെന്റർ ആണ്. ഇവിടെ ആരും ചാരിറ്റി അല്ല ചെയ്യുന്നത്. ഇത് പണം വാങ്ങി വളരെ നല്ല ശുശ്രൂഷ കൊടുത്ത് നന്നായി നടത്തിക്കൊണ്ടുപോകുന്ന ഒരു സ്ഥാപനമാണ്.
ഇവിടുത്തെ ഉടമസ്ഥൻ അലക്സും അദ്ദേഹത്തിന്റെ ഭാര്യയും ഒരു കുടുംബാംഗത്തെ പോലെയാണ് ഡാഡിയെ നോക്കിയിരുന്നത്. ഞങ്ങൾ ഡാഡിയെ ഇടയ്ക്കിടെ വീട്ടിൽ കൊണ്ടുപോകും. പക്ഷേ ഡാഡി ഇങ്ങോട്ട് തന്നെ വരണമെന്നു പറയുമായിരുന്നു.
ഡാഡി എപ്പോഴും പറയുന്ന ഒരു കാര്യമുണ്ടായിരുന്നു, ‘‘ഞാൻ സിനിമ എടുത്തിരുന്ന കാലത്ത് സിനിമാക്കാർ എല്ലാം എന്നെ കാണാൻ വരുമായിരുന്നു. പക്ഷേ ഞാൻ സിനിമ ചെയ്യൽ നിർത്തിയപ്പോൾ ആരും എന്നെ തിരിഞ്ഞു നോക്കിയില്ല. ഒരു ഫോൺകോൾ ചെയ്യുകയോ വന്നുകാണുകയോ ചെയ്തിട്ടില്ല’’.
വീട്ടിൽ ഇരിക്കുമ്പോൾ ഡാഡി ഡിപ്രസ്ഡ് ആകുന്നുണ്ടായിരുന്നു. ഇവിടെ സിഗ്നേച്ചറിൽ എത്തിയതിനു ശേഷം വളരെ ഉന്മേഷവാനായിരുന്നു. ഒരു സ്ട്രോക്ക് വന്നിരുന്നെങ്കിലും അദ്ദേഹം അതിൽ നിന്നൊക്കെ രക്ഷപെട്ട് വന്നതാണ്.
സ്ഥിരമായി ഫിസിയോതെറാപ്പി ഒക്കെ ചെയ്ത് അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെട്ടത് തന്നെ ഇവിടെ വന്നിട്ടാണ്. ഹോം നഴ്സിനെ ഒക്കെ വയ്ക്കാൻ നോക്കിയിരുന്നു. പക്ഷേ അതൊന്നും ശരിയായില്ല.
ഇവിടെ വന്നതിനു ശേഷം ആശുപത്രിയിൽ ആകുമ്പോൾ തിരിച്ച് എവിടെ പോകണം എന്ന് ചോദിച്ചാൽ ഇവിടെ തന്നെ വരണം എന്ന് ഡാഡി തന്നെയാണ് പറയുന്നത്. ഇവിടെ വന്നു താമസിക്കുക എന്നുള്ളത് ഡാഡിയുടെ തീരുമാനം ആയിരുന്നു.
അദ്ദേഹം എന്ത് തീരുമാനിക്കുന്നോ അതിനെ ബഹുമാനിക്കുകയാണ് ഞങ്ങൾ ചെയ്തത്. ഇവിടെ വരണം എന്ന് പറഞ്ഞു ഇവിടെ വന്നു, ക്രിസ്ത്യൻ ആയിട്ടുപോലും ശരീരം ദഹിപ്പിക്കണം എന്ന് പറഞ്ഞു, അതും ഞങ്ങൾ അനുസരിച്ചു. എല്ലാം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ആണ് നടക്കുന്നത്.
ഡാഡിയുടെ മരണവാർത്ത അറിഞ്ഞ് എന്റെ ഇൻസ്റ്റഗ്രാമിലും വാട്സ്ആപ്പിലും മെസേജ് അയച്ച് എല്ലാവരും വിവരങ്ങൾ ചോദിക്കുന്നുണ്ട്.
പിണറായി വിജയൻ സാറും നമ്മുടെ മന്ത്രിമാരും എല്ലാം വിളിച്ചു. മലയാള സിനിമാതാരങ്ങൾ ഒക്കെ ഇപ്പോൾ വിളിച്ച് അന്വേഷിക്കുന്നുണ്ട്.
ഫെഫ്കയിലെ ബി. ഉണ്ണികൃഷ്ണൻ സാറാണ് എല്ലാം ഏറ്റെടുത്ത് ചെയ്തത്. ഞാനും എന്റെ കുടുംബവും ഒന്നും അറിഞ്ഞില്ല എല്ലാ കാര്യങ്ങളും ഇവിടെ ഭംഗിയായി ചെയ്യാൻ ഏർപ്പാട് ചെയ്തിരുന്നു.
എന്നും ആ നന്ദി ഉണ്ടാകും. എന്റെ ഡാഡി ഇവരുടെയെല്ലാം ബഹുമാനം നേടിയിരുന്നു എന്നുള്ളതിന്റെ തെളിവാണ് ഇപ്പോൾ കാണുന്നത്.
സിനിമാ പ്രവർത്തകരും മന്ത്രിമാരും എല്ലാം ചേർന്ന് എല്ലാകാര്യങ്ങളും കൃത്യമായി ക്രമീകരിച്ചിരുന്നു. ഞങ്ങൾക്ക് ഒന്നും അറിയേണ്ടി വന്നില്ല. എല്ലാവരോടും നന്ദിയുണ്ട്. താര പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.