നിർമാതാവിന്റെ ഭീഷണി: ഷെയ്ൻ നിഗത്തെ പിന്തുണച്ച് മേജർ രവി
Thursday, October 17, 2019 11:16 AM IST
നിര്‍മാതാവ് തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്ന നടൻ ഷെയ്ൻ നിഗത്തിന്റെ വെളിപ്പെടുത്തലിനു പിന്നാലെ നടനെ പിന്തുണച്ച് സംവിധായകൻ മേജർ രവി രംഗത്ത്. മലയാള സിനിമാ മേഖലയിൽ കഠിനാധ്വാനം കൊണ്ട് തന്റേതായ സ്ഥാനം കണ്ടെത്താൻ ശ്രമിക്കുന്ന നടനാണ് ഷെയ്ൻ നിഗമെന്നും വളർന്നു വരുന്ന താരങ്ങളെ തളർത്തുന്ന നിലപാട് ആശാസ്യകരമല്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
മലയാള സിനിമാ മേഖലയ്ക്കാകെ നാണക്കേട് സമ്മാനിക്കുന്നതാണ് ഇത്തരം മോശം നീക്കങ്ങളെന്നും ഷെയ്ൻ നിഗത്തിന് പൂർണ പിന്തുണ അറിയിക്കുന്നുവെന്നും മേജർ രവി വ്യക്തമാക്കി. എല്ലാം ശരിയാകുമെന്നും നിരാശനകരുതെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
ജോബിയുടെ സിനിമയുമായി ബന്ധപ്പെട്ട് നീട്ടി വളർത്തിയ മുടി മറ്റൊരു സിനിമയ്ക്കായി മുറിച്ചതാണ് വധ ഭീഷണിക്കു കാരണമെന്ന് ഷെയ്ൻ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിലൂടെയാണ് വെളിപ്പെടുത്തിയത്.
ഷെയ്ന്റെ വെളിപ്പെടുത്തലിനു പിന്നാലെ വിഷയത്തിൽ തന്റെ ഭാഗം ന്യായീകരിച്ച് ജോബി ജോർജ് രംഗത്തു വന്നിരുന്നു. കഴിഞ്ഞ ആറു ദിവസമായി പനി പിടിച്ച് കിടപ്പിലായിരുന്നുവെന്നും ആരോപണത്തിൽ പറയുന്നതൊന്നും സത്യമല്ലെന്നുമായിരുന്നു ജോബി ഫേസ്ബുക്കിലൂടെ നടത്തിയ വിശദീകരണം.
ഇതിനു പിന്നാലെ ജോബിക്കെതിരെ വിവിധ കോണുകളിൽ നിന്ന് രൂക്ഷ വിമർശനമാണ് ഉയർന്നത്. ഷെയ്ൻ നിഗത്തെ പിന്തുണച്ച് നിരവധി സിനിമാ പ്രവർത്തകരും ആരാധകരും ചലച്ചിത്രാസ്വാദകരും രംഗത്തെത്തിയിരുന്നു.