പൊട്ടിക്കരഞ്ഞ് ആരാധിക; ചേർത്തുപിടിച്ച് മമ്മൂക്ക- വീഡിയോ
Monday, November 4, 2019 5:28 PM IST
മെഗാസ്റ്റാർ മമ്മൂട്ടിയെ നേരിൽ കണ്ടതിന്റെ സന്തോഷത്തിൽ പൊട്ടിക്കരഞ്ഞ് ആരാധിക. മമ്മൂട്ടിയുടെ വീടിനു മുന്പിലായിരുന്നു ആരാധകർ താരത്തെ സ്നേഹവായ്പ്പു കൊണ്ട് മൂടിയത്. എറണാകുളത്ത് മമ്മൂട്ടിയുടെ വീടിനു മുന്പിലായിരുന്നു ഈ അപ്രതീക്ഷിത രംഗം.
മമ്മൂട്ടി സ്ഥലത്തുണ്ടെന്നറിഞ്ഞാണ് ഒരു സംഘം വിദ്യാർഥികൾ അദ്ദേഹത്തിന്റെ വീടിനു മുന്നിലെത്തിയത്. വീടിനു പുറത്തിറങ്ങുന്പോൾ പ്രിയ താരത്തെ ഒരു നോക്കു കാണുകയായിരുന്നു ലക്ഷ്യം. ഒരു മണിക്കൂറോളം നീണ്ട കാത്തിരിപ്പിനൊടുവിൽ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോകാനായി താരം വീടിനു പുറത്തേക്കിറങ്ങി.
തുടർന്ന് ഏറെ നേരമായി തന്നെ കാത്തു നിൽക്കുകയായിരുന്ന ആരാധകരെക്കുറിച്ച് അറിഞ്ഞ മമ്മൂട്ടി, കാറിൽ കയറാതെ നേരേ അവരുടെ അടുത്തെത്തി. പ്രിയ താരത്തിൽ നിന്നുമുള്ള അപ്രതീക്ഷിത സ്നേഹപ്രകടനം കണ്ട ഒരു ആരാധിക പൊട്ടിക്കരഞ്ഞു. കരയുന്ന ആരാധികയെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ച് കാര്യങ്ങൾ തിരക്കിയ താരം, നന്നായി പഠിക്കണമെന്നു കുട്ടികളെ ഉപദേശിച്ച ശേഷമാണ് ഷൂട്ടിംഗിനായി തിരിച്ചത്.