കേക്ക് മുറിച്ചപ്പോൾ മോശമായി പെരുമാറി; മേനോനെതിരേ മഞ്ജു
Tuesday, November 19, 2019 7:42 PM IST
സംവിധായകൻ ശ്രീകുമാർ മേനോനെതിരേ നടി മഞ്ജുവാര്യർ പരാതി നൽകിയത് വൻവിവാദമായിരുന്നു. മഞ്ജുവിന്റെ പരാതിയെ തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയൻ എന്ന സിനിമയുടെ സെറ്റിലുണ്ടായിരുന്നവരിൽ നിന്ന് മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് ക്രൈംബ്രാഞ്ച് സംഘം.
പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശ്രീകുമാർ മേനോന്റെ ആദ്യ ചലച്ചിത്ര സംവിധാന സംരംഭമായിരുന്നു മോഹൻലാലും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഒടിയൻ എന്ന ചിത്രം. സിനിമയുടെ സെറ്റിൽ കേക്ക് മുറിക്കുന്നതിനിടെ ശ്രീകുമാർ മേനോൻ തന്നോട് പരുഷമായി സംസാരിക്കുകയും മോശമായി പെരുമാറിയെന്നും കാട്ടി മഞ്ജു വാര്യർ നൽകിയ പരാതിയിൽ പറയുന്നു. ഇതേത്തുടർന്നാണ് അന്ന് സെറ്റിലുണ്ടായിരുന്ന എല്ലാവരേയും ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.
ഒടിയൻ എന്ന ചിത്രത്തിനുശേഷം തനിക്കെതിരെ ഉണ്ടായ സൈബർ ആക്രമണത്തിനു പിന്നിൽ ശ്രീകുമാർ മേനോനാണെന്ന് മഞ്ജു വാര്യർ നേരത്തെ ആരോപിച്ചിരുന്നു. ശ്രീകുമാർ മേനോൻ തനിക്കെതിരെ ദുഷ്പ്രചാരണം നടത്തിയെന്നും താൻ മോശക്കാരിയാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചുവെന്നുമാണ് മഞ്ജു വാര്യർ മൊഴി നൽകിയിരിക്കുന്നത്.
തൃശൂർ ക്രൈം ബ്രാഞ്ച് എസ്.പി സി.ഡി. ശ്രീനിവാസനായിരുന്നു മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തിയത്. തന്നെ ശ്രീകുമാർ മേനോൻ അപകടത്തിൽപ്പെടുത്തുമെന്ന് ഭയമുണ്ടെന്നും മഞ്ജു അന്വേഷണസംഘത്തെ അറിയിച്ചിരുന്നു.