ബിലാലും പിള്ളേരും ഏപ്പോൾ വരും? മനോജ് കെ. ജയൻ പറയുന്നു
Thursday, June 18, 2020 7:23 PM IST
മമ്മൂട്ടിയുടെ തകർപ്പൻ പ്രകടനം കൊണ്ട് ശ്രദ്ധേയമായ ചിത്രമാണ് ബിഗ്ബി. ബിഗ് ബിയുടെ രണ്ടാംഭാഗത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പ് നീളുകയാണ്. ഇപ്പോൾ രണ്ടാം ഭാഗമായ ബിലാൽ ഉടനെത്തുമെന്ന് ഉറപ്പു നൽകിയിരിക്കുകയാണ് നടൻ മനോജ് കെ.ജയൻ. ബിഗ്ബിയിൽ എഡ്ഡി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് മനോജ്.കെ. ജയനായിരുന്നു.
തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മനോജ് കെ. ജയൻ ബിഗ്ബിയുടെ രണ്ടാം ഭാഗത്തെപ്പറ്റി കുറിച്ചത്. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ- "മാർച്ച് 26നു ബിലാൽ ഷൂട്ട് തുടങ്ങാനിരുന്നതായിരുന്നു. അപ്പോഴാണ് കൊറോണ വിഷയവും അപ്രതീക്ഷിത ലോക്ക് ഡൗണും. ബിഗ്ബി ആരാധകർ നിരാശരായി. പൂർവാധികം ശക്തിയായി ബിലാലും പിള്ളേരും വരും കേട്ടോ തീർച്ച.'
സിനിമാട്ടോഗ്രാഫറായ അമൽ നീരദിന്റെ പ്രഥമ സംവിധാന സംരംഭമായിരുന്നു 2007-ൽ പുറത്തിറങ്ങിയ ബിഗ്ബി. ബാല, സുമിത് നവൽ, പശുപതി, ഷെറിവീർ വക്കീൽ, വിജയരാഘവൻ, നഫീസാ അലി, മണിയൻ പിള്ള രാജു എന്നിവരായിരുന്നു ബിഗ്ബിയിലെ മറ്റു താരങ്ങൾ.