മലയാള സിനിമയിലെ പെണ്ണുങ്ങളെവിടെ? പോസ്റ്ററുമായി അഞ്ജലി മേനോൻ
Thursday, May 23, 2024 9:48 AM IST
മലയാള സിനിമയിലെ സ്ത്രീകൾ എവിടെയെന്ന ചോദ്യവുമായി സംവിധായികയും തിരക്കഥാകൃത്തുമായ അഞ്ജലി മേനോൻ. മലയാള സിനിമയിലെ സ്ത്രീകൾ എവിടെയാണ് എന്ന് ചോദ്യം ഉന്നയിച്ച ഒരു പോസ്റ്റർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചായിരുന്നു അഞ്ജലിയുടെ ചോദ്യം. നവമാധ്യമങ്ങളില്‍ ഇങ്ങനെയൊരു ചോദ്യം ഉയര്‍ന്നതില്‍ സന്തോഷമുണ്ടെന്നും സംവിധായിക പറയുന്നു.
അടുത്തിടെ നായികമാർ ഇല്ലാതെ ഇറങ്ങിയ സിനിമകൾ തിയറ്ററുകളിൽ വൻ വിജയമാകുകയും ഇതിന് പിന്നാലെ നായികയില്ലെങ്കിൽ ചിത്രം ഹിറ്റടിക്കും എന്ന തരത്തിലുള്ള ചർച്ചകളും ഉയർന്നുവന്നിരുന്നു. ഇതിനിടെയാണ് സംവിധായികയുടെ ചോദ്യം സമൂഹമാധ്യമത്തിലൂടെ ഉയർന്നത്.
മഞ്ഞുമ്മല്‍ ബോയ്സ്, ആവേശം, ഭ്രമയുഗം, 2018, കണ്ണൂര്‍ സ്ക്വാഡ് എന്നീ ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് വിമര്‍ശനം. അഞ്ജലി പങ്കുവച്ച ചിത്രത്തിൽ ആവേശം, 2018, മഞ്ഞുമ്മൽ ബോയ്സ് എന്നീ ചിത്രങ്ങളുടെ പോസ്റ്ററുകൾ കാണാം.
യൂണിവേഴ്സിറ്റിയുടെ പശ്ചാത്തലത്തില്‍ നിര്‍മിച്ചിട്ടും ആവേശം എന്ന സിനിമയില്‍ ശക്തമായ ഒരു സ്ത്രീകഥാപാത്രം ഉണ്ടായിരുന്നില്ലെന്നും പേരിന് മാത്രം വാര്‍പ്പ് മാതൃകയില്‍ ഒരു അമ്മ കഥാപാത്രത്തെ സൃഷ്ടിക്കുകയായിരുന്നെന്നുമാണ് പോസ്റ്റിലെ വിമര്‍ശനം.
കഴിഞ്ഞ കുറച്ച് കാലത്തിനിടെ പുരുഷാധിപത്യത്തിനെതിരെ ശബ്ദിക്കുന്ന നായിക പ്രാധാന്യമുള്ള രണ്ട് സിനിമകള്‍ മാത്രമാണ് മലയാളത്തില്‍ വന്നിട്ടുള്ളത്. 2012-ല്‍ പുറത്തിറങ്ങിയ 22 ഫീമെയില്‍ കോട്ടയം, 2021-ല്‍ പുറത്തിറങ്ങിയ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്നീ സിനിമകളാണ് ഇതിന് ഉദാഹരണമായി അഞ്ജലി പറഞ്ഞുവയ്ക്കുന്നത്.
അടുത്തിടെ നിഖില വിമല്‍ പറഞ്ഞ ഒരു പ്രസ്താവനയും ഇതിനോടൊപ്പം ചേര്‍ക്കുന്നുണ്ട്. വന്ന് വെറുതെ പോകുന്നതിലും നല്ലത് സ്ത്രീ കഥാപാത്രങ്ങള്‍ ഇല്ലാതിരിക്കുന്നതാണ് നല്ലതെന്ന നിഖിലയുടെ വാക്കുകളാണ് പോസ്റ്റിനൊപ്പം ചേര്‍ത്തിരിക്കുന്നത്.
സിനിമാ മോഹികളായ സ്ത്രീകളെ പ്രചോദിപ്പിക്കാന്‍ കേരള സ്റ്റേറ്റ് ഫിലിം ഡവലപ്പ്മെന്റ് കോര്പ്പറേഷന് ഉണ്ടെങ്കിലും പുരുഷാധിപത്യം നിലനില്‍ക്കുന്ന വ്യവസായത്തിൽ തീരുമാനങ്ങള്‍ എടുക്കുന്നതും പുരുഷന്മാരാണെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.
എന്നാല്‍ യഥാര്‍ഥ സംഭവങ്ങള്‍ സിനിമയാക്കുമ്പോള്‍ എന്തിനാണ് ഇല്ലാത്ത സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതെന്നാണ് അഞ്ജലിയുടെ പ്രതികരണത്തോട് പലരും കമന്റിലൂടെ ചോദിക്കുന്നത്.