അശ്വന്ത് കോക്കിനെതിരേ മമ്മൂട്ടി കമ്പനി; തമ്പ് നെയിൽ മാറ്റി നെഗറ്റീവ് റിവ്യൂ വീണ്ടും പങ്കുവച്ച് യുട്യൂബർ
Saturday, May 25, 2024 10:50 AM IST
യുട്യൂബർ അശ്വന്ത് കോക്കിനെതിരേ മമ്മൂട്ടി കന്പനി രംഗത്ത്. ചിത്രത്തിന്റെ റിവ്യൂ പങ്കുവച്ചപ്പോൾ അശ്വന്ത് റിവ്യുവിന്റെ തമ്പ്നെയ്ലിൽ ഉപയോഗിച്ചത് ടർബോ സിനിമയുടെ ഔദ്യോഗിക പോസ്റ്ററായിരുന്നു.
ഇതിനെതിരെയാണ് കോപ്പിറൈറ്റ് ലംഘനം ചൂണ്ടിക്കാട്ടി മമ്മൂട്ടി കമ്പനി രംഗത്തെത്തിയത്. ശേഷം തമ്പ് നെയ്ൽ മാറ്റിയ അതേ റിവ്യു വീഡിയോ തന്നെ വ്ലോഗർ വീണ്ടും അപ്ലോഡ് ചെയ്തു.
ടർബോ സിനിമയ്ക്കെതിരേ നെഗറ്റീവ് റിവ്യൂ ആണ് അശ്വന്ത് പങ്കുവച്ചിരിക്കുന്നത്. ശരാശരിയേക്കാള്‍ താഴ്ന്ന നിലവാരം പുലര്‍ത്തുന്ന ചിത്രമെന്നാണ് ടര്‍ബോയ്ക്ക് അശ്വന്ത് നല്കിയ റിവ്യു. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തിരുന്നു.
ഇതേ വ്ലോഗർക്കെതിരേ നേരത്തെ നിയമനടപടിയുമായി നിർമാതാവ് സിയാദ് കോക്കറും രംഗത്തുവന്നിരുന്നു. ‘മാരിവില്ലിൻ ഗോപുരങ്ങൾ’ എന്ന സിനിമയ്ക്കെതിരെ മോശം റിവ്യു പറഞ്ഞതിന്റെ പേരിലായിരുന്നു നിർമാതാവ് നിയമനടപടി സ്വീകരിച്ചത്. തുടർന്ന് റിവ്യു യൂട്യൂബിൽ നിന്നും നീക്കം ചെയ്തിരുന്നു.
അത്യന്തം മോശമായ രീതിയിലായിരുന്നു മാരിവില്ലിൻ ഗോപുരങ്ങൾ സിനിമയ്ക്കെതിരായ അശ്വന്ത് കോക്കിന്റെ റിവ്യൂ. സിനിമയിൽ അഭിനയിച്ചവരെയും അണിയറ പ്രവർത്തകരെയും അധിക്ഷേപിക്കുന്ന വാക്കുകളാണ് ഉപയോഗിച്ചതെന്നായിരുന്നു പരാതി.
ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് റിവ്യൂ വീഡിയോ അശ്വന്ത് ഓൺലൈനിൽ നിന്നും നീക്കം ചെയ്തു.