വയനാടിനൊപ്പം; വെള്ളിയാഴ്ച സിനിമ റിലീസില്ല, ടൊവിനോയുടെ എആർഎം അപ്ഡേറ്റും മാറ്റി
Thursday, August 1, 2024 10:39 AM IST
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച പ്രഖ്യാപിച്ച റിലീസുകൾ മാറ്റിവെച്ച് മലയാളസിനിമ ലോകം. മഞ്ജു വാര്യർ ചിത്രം ഫൂട്ടേജ്, ആസിഫ് അലി ചിത്രം അഡിയോസ് അമിഗോ എന്നീ ചിത്രങ്ങളുടെ റിലീസാണ് മാറ്റിവച്ചത്.
‘‘വയനാട് ദുരന്തത്തില്‍ ചിന്തിക്കാനാവാത്ത നഷ്ടം സംഭവിച്ചവര്‍ക്കൊപ്പം ഹൃദയം കൊണ്ട് നില്‍ക്കുകയാണ് നമ്മള്. വലിയ ദു:ഖത്തിന്റെ ഈ സമയത്ത് ദുരന്തം ആഘാതമേല്‍പ്പിച്ചവര്‍ക്കൊപ്പമാണ് നാം. നമ്മളെയൊക്കെയും ഇത് ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബാധിച്ചിട്ടുണ്ട്. അതിനാല്‍ സിനിമയുടെ റിലീസ് നീട്ടിവെക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. അമിഗോസ് സിനിമയുടെ നിർമാതാവ് ആഷിക് ഉസ്മാന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
എഡിറ്റർ സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന സിനിമയായിരുന്നു ഫൂട്ടേജ്. ‘‘ദുരിതം വിതച്ച് പെയ്തിറങ്ങിയ മഴക്കെടുതിയിലും ഉരുൾപൊട്ടലിലും വിറങ്ങലിച്ച് നിൽക്കുന്ന വയനാട്ടിലെ ജനങ്ങൾക്കൊപ്പം പ്രാർഥനയോടെ. ഓഗസ്റ്റ് രണ്ടിന് റിലീസ് ചെയ്യുവാൻ നിശ്ചയിച്ചിരുന്ന ഫൂട്ടേജ് എന്ന ഞങ്ങളുടെ ചിത്രത്തിന്റെ റിലീസ് മറ്റൊരു ദിവസത്തിലേക്ക് മാറ്റിവച്ചിരിക്കുന്നു.’’ ഫൂട്ടേജ് സിനിമയുടെ അണിയറ പ്രവർത്തകർ അറിയിച്ചു.
വയനാട്ടിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് തങ്ങളുടെ സിനിമയുടെ അപ്ഡേറ്റ് പ്രഖ്യാപനം മാറ്റിവയ്ക്കാൻ തീരുമാനിച്ചതായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പ്രഖ്യാപിച്ചിരുന്നു.
ടൊവീനോ തോമസ് നായകനാകുന്ന ‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് പോസ്റ്റ് ചെയ്യാനായിരുന്നു നിർമാതാക്കൾ ആദ്യം പദ്ധതിയിട്ടിരുന്നത്.