2000 ജൂനിയർ ആർട്ടിസ്റ്റുകൾ, ഒപ്പം മഞ്ജു വാര്യറും: ‘എമ്പുരാൻ’ ലൊക്കേഷൻ വീഡിയോ
Monday, May 20, 2024 3:58 PM IST
മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയായ ഖ്യാതിയുള്ള ‘എമ്പുരാൻ’ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. രണ്ടായിരം ജൂനിയർ ആർടിസ്റ്റുകൾ പങ്കെടുത്ത സിനിമയിലെ ഏറ്റവും വലിയ രംഗങ്ങളിലൊന്നാണ് ഞായറാഴ്ച തിരുവനന്തപുരത്ത് ഷൂട്ട് ചെയ്തത്.
മഞ്ജു വാര്യർ, നന്ദു, സായികുമാർ, ബൈജു എന്നിവരുൾപ്പെടുന്ന രംഗമാണ് ചിത്രീകരിച്ചത്. സെന്റ് ജോസഫ് ഹയർ സെക്കന്‍ഡറി സ്കൂൾ, മണ്ണാമ്മൂല കൺകോഡിയ സ്കൂൾ എന്നിവടങ്ങളായിരുന്നു ലൊക്കേഷൻ.
ചിത്രത്തിന്റെ സെറ്റില്‍ നിന്നുമുള്ള ഒരു ലീക്കഡ് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സെറ്റില്‍ നിന്നും ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ക്ക് നിര്‍ദേശം നല്കുന്ന പൃഥ്വിരാജിനെ വീഡിയോയില്‍ കാണാം.
ആക്ഷന്‍ പറയുമ്പോള്‍ പറഞ്ഞുതന്നതുപോലെ ചെയ്യണമെന്നും നല്ല എനര്‍ജി വേണമെന്നുമാണ് പൃഥ്വി പറയുന്നത്. പൃഥ്വിക്കൊപ്പം വെള്ള സാരിയിൽ നിൽക്കുന്ന മഞ്ജുവിനെയും വീഡിയോയിൽ കാണാം.
മേയ് 21ന് തിരുവനന്തപുരത്തെ ഷെഡ്യൂൾ അവസാനിക്കും. അതിനു ശേഷം കൊച്ചിയിലാകും അടുത്ത ഘട്ട ചിത്രീകരണം. പിന്നീടുള്ള ഷൂട്ട് ഗുജറാത്തിലാണ്. ഒരു ഷെഡ്യൂൾ കൂടി തിരുവനന്തപുരത്ത് ബാക്കിയുണ്ട്.